കര്‍ക്കടകത്തിലെ പത്തിലക്കറിക്ക് പത്തരമാറ്റ്

Gambinos Ad

കര്‍ക്കടകമാസം എന്നാല്‍ ആരോഗ്യസംരക്ഷണത്തിനുള്ള മാസം കൂടിയാണ്. എല്ലാദിവസവും രാമായണപാരായണം, ക്ഷേത്രദര്‍ശനം, എണ്ണ തേച്ചുള്ള കുളി അങ്ങിനെ കര്‍ക്കടക മാസത്തിന്റെ മാത്രമായ ഒട്ടേറെ ആചാരങ്ങളുണ്ട്‌ നമ്മുടെ നാട്ടില്‍. ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയുന്ന സമയമായതിനാല്‍ കൂടിയാണ് ഈ സമയം ആരോഗ്യസംരക്ഷണത്തിനു പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ട് തന്നെയാണ് ഔഷധകഞ്ഞിയും പത്തിലക്കറിയുമെല്ലാം കര്‍ക്കടകത്തിന്റെ സ്വന്തം വിഭവങ്ങളാകുന്നത്.

Gambinos Ad

കര്‍ക്കിടക മാസത്തില്‍ പത്തിലക്കറി ഏറെ പ്രധാനപ്പെട്ട ഒന്നാണ്. പത്തിലക്കറി പേരു സൂചിപ്പിയ്ക്കുന്ന പോലെ പത്തു തരം ഇലകള്‍ അടങ്ങിയതാണ്. തഴുതാമ, ചേമ്പില, മത്തയില, കുമ്പളയില, പയറില, ചീര, മുത്തിള്‍ ഇല, വേലിച്ചീര, മണിത്തക്കാളി ഇല എന്നിവയാണ് പൊതുവേ പത്തിലകളില്‍ പെടുന്നത്. ഇവയിലേതെങ്കിലും ലഭ്യമായവ ഒന്നിച്ചുചേര്‍ത്താണ് പത്തിലക്കറി തയ്യാറാക്കേണ്ടത്. വൃത്തിയായി കഴുകിവാരി, കുനുകുനെ അരിഞ്ഞ്, ഉപ്പും കാന്താരിമുളകുടച്ചതും അല്‍പ്പം വെള്ളവും ചേര്‍ത്ത് കുറച്ചുനേരം അടച്ചുവേവിക്കുക. മഞ്ഞള്‍പ്പൊടിയും ചേര്‍ക്കാം. പിന്നീട് അടപ്പുമാറ്റി തുറന്നിട്ട് വറ്റിച്ചുവാങ്ങിയശേഷം തേങ്ങ ചിരകിയതും അല്‍പ്പം വെളിച്ചെണ്ണയും തൂകിയാല്‍ സ്വാദിഷ്ടമായ പത്തിലത്തോരന്‍ റെഡി.  ധാരാളം പൊട്ടാസ്യം, നൈട്രേറ്റ് , മഗ്നീസ്യം, സോഡിയം, സിങ്ക്, അയണ്‍, വിറ്റാമിന്‍ എന്നിവയെല്ലാം ആവശ്യം പോലെ അടങ്ങിയതാണ് ഇത്.  വെള്ളരി ഇല, കൊടിത്തൂവയില എന്നിവയും ചിലയിടങ്ങില്‍ ഉപയോഗിക്കുന്നുണ്ട്.