പഴത്തൊലി പോലിരിക്കുന്ന പൂക്കള്‍, പ്ലേറ്റിന്റെ വലിപ്പമുള്ള ഇല ;'ഡിന്നർ പ്ലേറ്റ് ട്രീ' പരിചയപ്പെടുത്തി ഐ.എഫ്‍.എസ് ഉദ്യോ​ഗസ്ഥൻ

പ്രകൃതിയിലെ പല വിസമയങ്ങളും കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കാറുണ്ട്. അത്തരത്തില്‍ ഒരു പൂവും ഇലയുമാണ് ഇപ്പോള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നത്.

കനക് ചമ്പ മരത്തിന്റെ പൂവും ഇലയുമാണ് ആളുകളെ വിസ്മയിപ്പിക്കുന്നത്. ഇതിന്റെ പ്രത്യേകത എന്താണെന്നോ ? മഞ്ഞ നിറത്തിലുള്ള പൂവ് പഴത്തൊലിയുടെ ആകൃതിയിലാണ് കാണപ്പെടുന്നത്. ഇലകള്‍ക്കാണെങ്കില്‍ പ്ലേറ്റിന്റെ വലിപ്പവും. ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ രമേഷ് പാണ്ഡെയാണ് ഇതിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.

മഞ്ഞ പൂക്കള്‍ക്ക് തൊലികളഞ്ഞ വാഴപ്പഴത്തിനോട് സാമ്യമുണ്ടെന്നും ഇലയ്ക്ക് ഒരു ശരാശരി അത്താഴ പാത്രത്തിന്റെ വലുപ്പമുണ്ടായിരുന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ‘ഡിന്നര്‍ പ്ലേറ്റ് ട്രീ’ എന്നും വിളിക്കപ്പെടുന്ന ഇവ ഹിമാലയം, സിക്കിം, ഖാസി ഹില്‍സ്, മണിപ്പൂര്‍, ബര്‍മ, ജാവ എന്നിവയുടെ താഴ്വരകളിലാണ് കൂടുതല്‍ കാണപ്പെടുന്നത്. മാര്‍ച്ച് മാസത്തില്‍ ഇല പൊഴിക്കാറുണ്ട്.

‘വിശ്വസിക്കാന്‍ കഴിയുന്നില്ല’ എന്നാണ് ട്വിറ്റര്‍ പോസ്റ്റിന് താഴെ പലരുടെയും പ്രതികരിച്ചിരിക്കുന്നത്. വളരെ മനോഹരമായ ചിത്രം, പ്രകൃതിയുടെ സൗന്ദര്യം അതിലും മനോഹരം, വാക്കുകളില്‍ വിവരിക്കാന്‍ പ്രയാസമാണെന്ന് ചിലര്‍ പറയുന്നു. ”തീര്‍ച്ചയായും പ്ലാസ്റ്റിക്, പേപ്പര്‍ പ്ലേറ്റുകള്‍ എന്നിവയ്ക്ക് ഇത് ബദലാണെന്നും ഒരാള്‍ അഭിപ്രായപ്പെട്ടു.