വിഷാംശം അടങ്ങിയ ഫുഗു മത്സ്യം വിപണിയില്‍;ജപ്പാനില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

ജപ്പാന്‍കാരുടെ ഇഷ്ടവിഭവവും ഏറ്റവും വിലയേറിയതുമായ ഫുഗു മത്സ്യത്തില്‍ വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ജപ്പാനില്‍ ജാഗ്രത നിര്‍ദ്ദേശം.കരളും കുടലും നീക്കം ചെയ്യാത്ത അഞ്ച് പാക്കറ്റ് മത്സ്യമാണ് സൂപ്പര്‍മാര്‍ക്കറ്റില്‍ കണ്ടെത്തിയത്. കരളും കുടലും നീക്കം ചെയ്യാത്ത ഫുഗു മത്സ്യം കഴിക്കുന്നത് മരണകാരണമാകും.

ഫുഗുവിന്റെ കരള്‍,കുടല്‍, അണ്ഡാശയം, തൊലി എന്നിവയില്‍ മാരകവിഷമായ ടെട്രോഡോക്സിന്‍ അടങ്ങിയിരിക്കുന്നുണ്ട്. ഇവ കഴിക്കുന്നത് മാരകവിഷമായ സയനൈഡ് അകത്ത് ചെല്ലുന്നതിനേക്കാള്‍ അപകടകാരമാണ്. സാധാരണഗതിയില്‍ കരളും കുടലുമൊക്കെ നീക്കം ചെയ്ത് ഭക്ഷ്യയോഗ്യമായവയാണ് വിപണിയിലെത്തിക്കാറ്. പാചകം ചെയ്യുന്നതിലെ പാകപ്പിഴവ് പോലും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുമെന്നതിനാല്‍ പ്രത്യേകം പരിശീലനമുള്ളവര്‍ക്ക് മാത്രമാണ് ഫുഗു പാകം ചെയ്യാന്‍ അനുമതിയുള്ളത്.

Read more

വിഷാംശം അടങ്ങിയ മത്സ്യം അകത്തു ചെന്നാല്‍ നാഡീ വ്യവസ്ഥയെ ബാധിച്ച് പക്ഷാഘാതം പിടിപെട്ട് ഉടന്‍ മരണം സംഭവിക്കുമെന്നതിനാലാണ് അധികൃതര്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. വിഷമയമടങ്ങിയ മത്സ്യം അകത്തു ചെന്നാല്‍ അതിന് മറുമരുന്നുമില്ല.
തെറ്റായ പാചക രീതിയിലൂടെ നിരവധി പേരാണ് പ്രതിവര്‍ഷം ഫുഗുമീനില്‍ നിന്ന് വിഷബാധയേറ്റ് മരിക്കുന്നത്.