ഈ ക്രിസ്മസിന് വീട്ടിലൊരുക്കാന്‍ 10 കേരളാ വൈനുകള്‍

ശാന്തിയുടേയും സമാധാനത്തിന്റേയും സന്ദേശവുമായി മറ്റൊരു ക്രിസ്മസ് കാലം കൂടി വരികയാണ്. ലോകമെങ്ങുമുള്ള വിശ്വാസികള്‍ പുണ്യരാവിനെ വരവേല്‍ക്കാന്‍ ഒരുങ്ങി കഴിഞ്ഞു. നക്ഷത്ര വിളക്കും, പുല്‍ക്കൂടുകളുമൊരുക്കികൊണ്ടുള്ള കാത്തിരിപ്പിന് ലഹരി നുണയാന്‍ വൈനുമുണ്ടാവും കൂടെ. പഴങ്ങള്‍ ധാരാളമായുണ്ടാവുന്ന കേരളത്തില്‍ വൈന്‍ ഉണ്ടാക്കുക ഭാരിച്ച പണിയല്ല. പറമ്പില്‍ നിന്നും വിപണിയില്‍ നിന്നും കിട്ടുന്ന മികച്ച ഫലങ്ങള്‍ ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഇതോടൊപ്പം മറ്റു നാടുകളില്‍ നിന്നുള്ള പഴങ്ങളും ലഹരി ഒരുക്കാന്‍ ഉപയോഗിക്കാം. വൈന്‍ ഉണ്ടാക്കാന്‍ ഇതാ ചില ചേരുവകള്‍.

പൈനാപ്പിള്‍ വൈന്‍

ചേരുവകള്‍

1. പൈനാപ്പിള്‍- 1.5 കിലോ

2. പഞ്ചസാര – 1.25 കിലോ

3. തിളപ്പിച്ചാറ്റിയ വെള്ളം- 2.25 ലിറ്റര്‍

4. യീസ്റ്റ് – 1.5 ടീസ്പൂണ്‍

5. ഗോതമ്പ് – ഒരു പിടി

6. കറുവപ്പട്ട – 1 ഇഞ്ച് കഷ്ണം

7. ഗ്രാമ്പൂ – 3 എണ്ണം

തയ്യാറാക്കുന്ന വിധം

പൈനാപ്പിള്‍ നന്നായി കഴുകി തുടച്ചു രണ്ടറ്റവും മുറിച്ചു ചെറുതായി അരിഞ്ഞെടുക്കുക. തൊലി ചെത്തിക്കളയണ്ട. മുള്ളു പോലെ കാണുന്നത് മാത്രം ചെത്തിക്കളഞ്ഞാല്‍ മതി. കുറച്ചു കഷണങ്ങള്‍ ഒന്ന് ചതച്ചെടുക്കണം. ചെറുചൂടുള്ള കാല്‍ കപ്പ് വെള്ളത്തില്‍ അര ടിസ്പൂണ്‍ പഞ്ചസാര, യീസ്റ്റ്, എന്നിവ ഇട്ട് ഇളക്കി കുറച്ച് സമയം മൂടി വയ്ക്കുക. അഞ്ച് ലിറ്റര്‍ ഭരണിയിലേക്ക് മേല്‍ പറഞ്ഞ മിശ്രിതവും പൈനാപ്പിള്‍ ,ഗോതമ്പ്, കറുവപട്ട, ഗ്രാമ്പൂ, എന്നിവയും വെള്ളത്തോടൊപ്പം ചേര്‍ത്ത് മൂടി കെട്ടി വയ്ക്കുക.

എല്ലാ ദിവസവും തടിതവി ഉപയോഗിച്ച് നന്നായി ഇളക്കിയ ശേഷം മുറുക്കി മൂടിവെയ്ക്കണം. ഏഴുദിവസം ഇങ്ങനെ തുടരണം. അത് കഴിഞ്ഞു രണ്ടാഴ്ച ഇളകാതെ വെയ്ക്കണം. ഇതിനു ശേഷം അരിച്ചെടുത്തു കുപ്പിയിലേക്ക് പകരാം. കുപ്പിയില്‍ പകര്‍ന്ന് കുറച്ചു ദിവസം അനക്കാതെ വെച്ചാല്‍ വൈന്‍ നന്നായി തെളിഞ്ഞു കിട്ടും.  ഈ അളവ് പ്രകാരം ഏകദേശം 3.5 ലിറ്റര്‍ വൈന്‍ ഉണ്ടാക്കാന്‍ സാധിക്കും.

ഓറഞ്ച് വൈന്‍

ചേരുവകള്‍

1. ഓറഞ്ച്- 10 എണ്ണം

2. പഞ്ചസാര -1.5 കിലോ ഗ്രാം

3.വെള്ളം -4.5ലിറ്റര്‍

4.യീസ്റ്റ് -1.5 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഓറഞ്ച് നന്നായി കഴുകി തുടച്ചു വയ്ക്കുക. ഓറഞ്ചിന്റെ തൊലി വെള്ളപാട കൂടാതെ ചെത്തി എടുക്കുക. പിന്നീട് പിഴിഞ്ഞ് സത്ത് എടുത്ത് മാറ്റി വയ്ക്കുക. ഒരു പത്രം വെള്ളം എടുത്ത് അതിലേക്ക് നേരത്തെ എടുത്തു വച്ചിരിക്കുന്ന ഓറഞ്ച് ന്റെ തൊലിയും പഞ്ചസാരയും ഇട്ട് വേവിക്കുക. തിളച്ചു വരുമ്പോള്‍ അതിലേക്കു എടുത്തു വച്ച ഓറഞ്ച് ന്റെ സത്ത് ചേര്‍ക്കുക. നന്നായി ഇളക്കി കൊടുക്കുക. തീയില്‍ നിന്നും മാറ്റിയ മിശ്രിതം മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച് തണുക്കാന്‍ വയ്ക്കുക. ചെറുചൂടുള്ളപ്പോള്‍ അതിലേക്ക് യീസ്റ്റ് ചേര്‍ക്കുക.ഭരണിയിലേക്ക് ഈ മിശ്രിതം ഒഴിക്കുക. നന്നായി അടച്ചു വയ്ക്കുക. ദിവസവും തുറന്ന് ചിരട്ട തവി ഉപയോഗിച്ച് നന്നായി ഇളക്കി കൊടുക്കണം.  14 ദിവസം ഇങ്ങനെ തുടരണം.  14 ദിവസത്തിനു ശേഷം അരിച്ചു കുപ്പികളിലാക്കി വീണ്ടും 7ദിവസം അനക്കാതെ വയ്ക്കണം. 7 ദിവസം കഴിഞ്ഞു വീണ്ടും എടുത്ത് അരിക്കുക. ഈര്‍പ്പം ഇല്ലാത്ത കുപ്പികളിലാക്കി പകര്‍ന്നു ഉപയോഗിക്കാം. സ്വാദേറിയ ഓറഞ്ച് വൈന്‍ റെഡി.

ചാമ്പക്ക വൈന്‍

ചേരുവകള്‍

1.ചാമ്പക്ക- 1 കിലോ

2. പഞ്ചരസാര- 1 കിലോ

3. യീസ്റ്റ് -1 ടീസ്പൂണ്‍

4. തിളപ്പിച്ചാറ്റിയ വെള്ളം – 1 ലിറ്റര്‍

5. ഗ്രാമ്പു – 6 എണ്ണം

തയ്യാറാക്കുന്ന വിധം

ചാമ്പക്ക വൃത്തിയായി കഴുകി കുരുകളഞ്ഞു ചെറുതായി അരിയുക. ഇതിലേക്ക് പഞ്ചസാര, വെള്ളം, യീസ്റ്റ്, ഗ്രാമ്പു എന്നിവ ചേര്‍ത്തിളക്കി ഭരണിയിലാക്കി 21 ദിവസം വയ്ക്കുക. എന്നും ഒരേ സമയത്തുതന്നെ ഒരു തവി ഉപയോഗിച്ച് ഇളക്കികൊടുക്കണം. അടുത്ത ദിവസം അരിച്ചു ഭരണി വൃത്തിയാക്കി വീണ്ടും 21 ദിവസം കൂടി വയ്ക്കണം. ഇതിനു ശേഷം കുപ്പിയിലാക്കി വിളമ്പാം.

മുന്തിരി വൈന്‍

ചേരുവകള്‍

1. കുരുവുള്ള കറുത്ത മുന്തിരി

2. പഞ്ചസാര- 1 1/ 2കിലോ ഗ്രാം

3. ഏലക്ക

4. ഗ്രാമ്പു

5. ചെറുനാരങ്ങ- 2 എണ്ണം

6. ഓറഞ്ച് തൊലിയോട് കൂടിയത്- 1

7. ചുക്ക്

8.ചുരുളന്‍ പട്ട

9. ജാതിക്ക- 1

10. താതിരിപ്പൂ

11. വെള്ളം- 3 1/ 2 ലിറ്റര്‍

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ വെള്ളം ഒഴിച്ച് അതിലേക്ക് നാരങ്ങാ ചെറുതായി അരിഞ്ഞതും, ഓറഞ്ച് തൊലിയോട് കൂടി അരിഞ്ഞതും, ചുരുളന്‍ പട്ട, ഏലക്ക, ഗ്രാമ്പു,എന്നിവ പൊടിച്ചതും(15 ഗ്രാം.) പഞ്ചസാരയും ചേര്‍ത്ത് അടച്ചു വച്ച് വേവിക്കുക. തിള വരുമ്പോള്‍ അല്പം താതിരിപ്പൂ ഇടുക.(താതിരിപ്പൂ അങ്ങാടി കടകളില്‍ നിന്നും സുലഭമായി കിട്ടും. ഇത് രക്തം ശുദ്ധീകരിക്കുന്നതിനും, വൈന്‍ ന്റെ വീര്യം കൂടാനും ഉപയോഗിക്കുന്നതാണ്). പിന്നീട് തിളച്ച ശേഷം തീ കുറയ്ക്കുക. സത്ത് ഇറങ്ങാന്‍ 5 മിനിറ്റ് കാത്തിരിക്കുക. തീയില്‍ നിന്നും മാറ്റി തണുക്കാന്‍ വയ്ക്കുക. കാറ്റു കടക്കാത്ത രീതിയില്‍ കെട്ടി വയ്ക്കുക. 2ദിവസം കഴിഞ്ഞതിനു ശേഷം ചുരുങ്ങിയത് 4 തവണയെങ്കിലും അരിച്ചെടുക്കുക.

വാഴപ്പഴം വൈന്‍

ചേരുവകകള്‍

1. പാളേങ്കോടന്‍ പഴം- 4 കിലോ ഗ്രം

2. പഴതൊലി അരിഞ്ഞത്

3. ഉണക്ക മുന്തിരി – 2 ഗ്രാം

4. ചെറുനാരങ്ങ – 2 എണ്ണം

5. ഓറഞ്ച് – 2 എണ്ണം

6. വെള്ളം- 8 ലിറ്റര്‍

7. യീസ്റ്റ്- 1 ടീസ്പൂണ്‍

8. പഞ്ചസാര -3 1/2 കിലോ

തയ്യാറാക്കുന്ന വിധം

ഒരു ബൗള്‍ എടുത്തു അതിലേക്ക് ഓറഞ്ച് നീരും, ചെറുനാരങ്ങാനീരും പിഴിഞ്ഞെടുത്തു വയ്ക്കുക. പഴം വൃത്തിയായി കഴുകി തൊലി കളഞ്ഞു ചെറുതായി അരിയുക. തൊലിയുടെ അകത്തെ വെള്ളപ്പാട നിക്കി അരിഞ്ഞെടുക്കുക. ഇതിന് ശേഷം നേരത്തെ അരിഞ്ഞു വച്ചിരിക്കുന്ന പഴവും,ഓറഞ്ച് , നാരങ്ങാ , പഴം എന്നിവയുടെ തൊലികള്‍ എടുത്തു വെള്ളം ഒഴിച്ചു നന്നായി തിളപ്പിക്കുക. 40 മിനിറ്റ് വേവിക്കണം. അരിച്ചു പിഴിഞ്ഞെടുക്കുക. ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് അലിയുന്നത് വരെ ചൂടാക്കുക. ചൂട് മാറാന്‍ അനുവദിക്കുക. ചെറിയ ചൂട് ഉള്ളപ്പോള്‍ അതിലേക്കു യീസ്റ്റ് ചേര്‍ക്കുക. ഇതിലേക്ക് നാരങ്ങാ നീരും, ഓറഞ്ച് നീരും,ഉണക്ക മുന്തിരിയും ചേര്‍ക്കുക. ഇളക്കി മൂടി കെട്ടി വയ്ക്കുക. എല്ലാ ദിവസവും രാവിലെ ഒരേ നേരത്തു ചിരട്ട തവി ഉപയോഗിച്ചു ഇളക്കുക. 21 ദിവസം കഴിയുമ്പോള്‍ അരിച്ചു മട്ട് മാറ്റി വീണ്ടും 21 ദിവസം അനക്കാതെ വെയ്ക്കുക. ഇതിനു ശേഷം പകര്‍ന്ന് കുപ്പികളിലാക്കി ഉപയോഗിക്കാം. വൈന്‍ റെഡി.

ജാതിക്ക വൈന്‍

ചേരുവകള്‍

1. ജാതിക്ക (ചെറുതായി അരിഞ്ഞത്) – ഒരു കിലോ

2. പഞ്ചസാര – ഒരു കിലോ

3. വെള്ളം – ഒരു ലിറ്റര്‍ 950 മില്ലി ( തിളപ്പിച്ച് ആറ്റിയ വെളളം )

4. ഗോതമ്പ് ചതച്ചത് – കാല്‍കപ്പ്

5. യീസ്റ്റ് – അരടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ജാതിക്ക, പഞ്ചസാര ,വെള്ളം, ഗോതമ്പ്, യീസ്റ്റ് ഇവയെല്ലാം ചേര്‍ത്ത് ഇളക്കി ഭരണയിലാക്കി ഒമ്പത് ദിവസം കെട്ടിവയ്ക്കുക. ദിവസവും ഇളക്കിക്കൊടുക്കണം. പത്താംദിവസം എടുത്ത് അരിച്ച് നിറമുള്ള കുപ്പികളിലാക്കി സൂക്ഷിക്കാം.

തുളസിക്കതിര്‍ വൈന്‍

ചേരുവകള്‍

1. തുളസിക്കതിര്‍-250 ഗ്രാം

2. പഞ്ചസാര-250 ഗ്രാം

3. യീസ്റ്റ്- 5 ഗ്രം

4. വെള്ളം-1 ലിറ്റര്‍

തയ്യാറാക്കുന്ന വിധം

തുളസിക്കതിര്‍ എടുത്തു നന്നായി കഴുകി വെള്ളം വാര്‍ന്നു പോകാന്‍ വയ്ക്കുക. ഇതിനു ശേഷം ഒരു ലിറ്റര്‍ വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക. തണുക്കാന്‍ അനുവദിക്കുക. തണുക്കുമ്പോള്‍ അതിലേക്കു യീസ്റ്റ്, പഞ്ചസാര എന്നിവ ചേര്‍ത്ത് വായു കടക്കാത്ത വിധം ഭരണിയില്‍ ആക്കി 21 ദിവസം വയ്ക്കുക. അതിനു ശേഷം അരിച്ചെടുത്തു ഒരു മാസം അനക്കാതെ വയ്ക്കുക. ഒരു മാസത്തിനു ശേഷം വീണ്ടും അരിച്ചെടുത്തു കുപ്പിയില്‍ ആക്കി ഉപയോഗിക്കാം.

ഇഞ്ചി വൈന്‍

ചേരുവകള്‍

1. ഇഞ്ചി- 500 ഗ്രാം

2. ഉണക്ക മുന്തിരി – 400 ഗ്രാം

3. വറ്റല്‍ മുളക്- 5 എണ്ണം

4. യീസ്റ്റ് – 1 ടീസ്പൂണ്‍

5. ഓറഞ്ച് -2 (വലുത്)

6. ചെറുനാരങ്ങ -2

7. പച്ച പപ്പായ തൊലി – അര പപ്പായയുടേത്

8. പഞ്ചസാര – 1 കിലോ

9. വെള്ളം- 2.5 ലിറ്റര്‍

തയ്യാറാക്കുന്ന വിധം

ഇഞ്ചി കഴുകി വൃത്തിയാക്കി വയ്ക്കുക. വൃത്തിയാക്കിയ ഇഞ്ചി ചെറുതായി അരിഞ്ഞു ചതച്ചു മാറ്റിവയ്ക്കുക. ഒരു പാത്രത്തിലേക്ക് ഓറഞ്ചും നാരങ്ങയും പിഴിഞ്ഞെടുത്തു മാറ്റി വയ്ക്കുക. ഒരു വലിയ പാത്രത്തിലേക്ക് പഞ്ചസാര, ഇഞ്ചി, ഉണക്ക മുന്തിരി, വറ്റല്‍ മുളക് എന്നിവ എടുത്തു വെള്ളം ഒഴിച്ച് ഇളം തീയില്‍ ഒരു മണിക്കൂര്‍ വേവിക്കുക. വെള്ളം പകുതി വറ്റുമ്പോള്‍ അതിലേക്കു നേരത്തെ പിഴിഞ്ഞ് വച്ച ഓറഞ്ചിന്റെയും നാരങ്ങായുടെയും നീരും ഒഴിച്ച് തണുപ്പിക്കുക. തണുത്ത ശേഷം ഇതിലേക്ക് കപ്പങ്ങയുടെ (പപ്പായ) തൊലിയും യീസ്റ്റും ചേര്‍ത്ത് ഇളക്കുക. ഒരാഴ്ച (7 ദിവസം) വായു കടക്കാത്ത ഭരണിയില്‍ അടച്ചു വയ്ക്കുക. എല്ലാ ദിവസവും ഇളക്കി കൊടുക്കണം. ഒരാഴച്ക്കു ശേഷം അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി 15 ദിവസം കഴിയുമ്പോള്‍ ഉപയോഗിക്കാം.

 ഈന്തപഴം വൈന്‍

ചേരുവകള്‍

1. ഈന്തപഴം -2 കിലോ ഗ്രാം

2. പച്ച നിറത്തിലുള്ള മുന്തിരി- 250 ഗ്രാം

3. നാരങ്ങാ നീര് -25 ഗ്രാം

4. പഞ്ചസാര – 1 കിലോ ഗ്രാം

5. തിളപ്പിച്ചാറിയ വെള്ളം- 4 ലിറ്റര്‍

6. യീസ്റ്റ് – 1 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

കുരുകളഞ്ഞെടുത്ത ഈന്തപ്പഴം 2 ലിറ്റര്‍ വെള്ളം ചേര്‍ത്ത് അര മണിക്കൂര്‍ തിളപ്പിക്കുക. ചൂടാറിയ ശേഷം ഒരു ഭരണി/കുപ്പിയിലേക്ക് അരിച്ചൊഴിക്കുക. ഇതിലേക്കു നാരങ്ങാ നീര്, യീസ്റ്റ്, വെള്ളം എന്നിവ ചേര്‍ത്ത് വായു കടക്കാത്ത വിധം അടച്ചു വെക്കുക. 21 ദിവസം ഇത്തരത്തില്‍ സൂക്ഷിക്കുക. എന്നും മരത്തവി കൊണ്ട് ഇളക്കി കൊടുക്കണം. 21 ദിവസത്തിന് ശേഷം ഒരു പാത്രത്തിലേക്ക് അരിച്ചെടുത്ത് തെളിയാന്‍ വെക്കുക. നന്നായി തെളിഞ്ഞു വരുമ്പോള്‍ കുപ്പികളിലേക്കു പകര്‍ത്താം. ഇത് 2 വര്‍ഷം വരെ കേടുവരാതെ ഉപയോഗിക്കാന്‍ സാധിക്കും