കുപ്പിവെള്ളത്തിന് അമിത വില ഈടാക്കിയാല്‍ അഴിയെണ്ണേണ്ടി വരും?

ദാഹമകറ്റാന്‍ ഒരു കുപ്പി കുടിവെള്ളം വാങ്ങണമെങ്കില്‍ കീശ കീറുന്ന സാഹചര്യമാണ് നിലവില്‍. എന്നാല്‍ കുടിവെള്ളം പൊന്നുംവിലയ്ക്ക് വിറ്റ് കാശാക്കുന്നത് തടവ് ശിക്ഷയ്ക്ക് അര്‍ഹതയുള്ള കുറ്റമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.

കുപ്പിവെളളത്തിന് പരമാവധി ചില്ലറവിലയേക്കാള്‍ (എംആര്‍പി)യേക്കാള്‍ ഉയര്‍ന്ന വിലയാണ് പലപ്പോഴും ഇടാക്കുന്നത്.ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, മള്‍ട്ടിപ്ലക്‌സ് തിയറ്ററുകള്‍ എന്നിവിടങ്ങളില്‍ നിശ്ചിത തുകയേക്കാള്‍ അമിത വിലയാണ് ഈടാക്കുന്നത്. ഇത് ഉപഭേക്താക്കളുടെ അവകാശത്തിന്റെ ലംഘനമാണെന്നും നികുതിവെട്ടിപ്പാണെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.പാക്ക് ചെയ്ത ഉത്പന്നങ്ങള്‍ക്ക് എംആര്‍പിയേക്കാള്‍ അധിക തുക ഈടാക്കുന്നത് ലീഗല്‍ മെട്രോളജി നിയമപ്രകാരം കുറ്റകരമാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ഇത്തരത്തില്‍ വിലകൂട്ടി വിറ്റാല്‍ നിയമത്തിന്റെ 36-ാം വകുപ്പു പ്രകാരം 25,000 ആദ്യം പിഴ ഈടാക്കാം. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ 50,000 ആകും. മൂന്നാം തവണയും കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് പിഴ ഒരു ലക്ഷമാക്കുകയോ ഒരു വര്‍ഷം തടവോ ഇതു രണ്ടും കൂടിയോ ശിക്ഷയായി നല്‍കാമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

നിശ്ചിത തുക നല്‍കിയാണ് എല്ലാ വ്യാപാര കേന്ദ്രങ്ങളും കുപ്പിവെള്ളം വാങ്ങുന്നത്. നിജപ്പെടുത്തിയ പരമാവധി വിലയിലോ അതിനു താഴെയോ വില്‍ക്കാനുള്ള സാഹചര്യമിരിക്കെയാണ് ഇത്തരം വെട്ടിപ്പുകള്‍ നടക്കുന്നത്. എംആര്‍പിയിലും അധികം തുക ഈടാക്കുന്നത് സര്‍ക്കാറിന് സേവനനികുതി, വില്‍പന നികുതി എന്നീയിനങ്ങളില്‍ ഭീമമായ നഷ്ടമുണ്ടാക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. കുപ്പിവെള്ളത്തിന് കൂടിയ വില ഈടാക്കുന്നത് തടഞ്ഞുകൊണ്ട് ഡല്‍ഹി ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധിക്കെതിരെ ഹോട്ടലുടമകളുടെ സംഘടന സുപ്രീംകോടിയെ സമീപിക്കുകയായിരുന്നു.