മീനുകള്‍ മൃതശരീരം ഭക്ഷിക്കാറില്ല: ഓഖിയുടെ ആശങ്കയകറ്റി ശാസ്ത്രസമൂഹം

ഓഖി ദുരന്തത്തെ തുടർന്ന് മീനുകള്‍ ഭക്ഷ്യയോഗ്യമല്ല എന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് വിദഗ്ധര്‍.  ഓഖി ദുരന്തത്തിൽ മരിച്ചവരുടെ ശരീരഭാഗങ്ങൾ മൽസ്യങ്ങൾ ഭക്ഷിച്ചിട്ടുണ്ടാകുമെന്ന പ്രചാരണത്തിനെതിരെയാണ് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം( സിഎംഎഫ്ആർഐ) അടക്കമുള്ള ഗവേഷണ സ്ഥാപനങ്ങൾ വിശദീകരണം നൽകിയത്.

മീനുകൾ പൊതുവെ മൃതശരീരങ്ങൾ ഭക്ഷിക്കാറില്ലെന്നും ഇപ്പോൾ കേരളത്തിൽ ലഭിക്കുന്ന മീനുകൾ സുരക്ഷിതവും  ഭഷ്യയോഗ്യവുമാണെന്നും സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സുനിൽ മുഹമ്മദ് പറഞ്ഞു. പ്രചാരണം മീൻവിപണിയെ ബാധിച്ചതായി മത്സ്യത്തൊഴിലാളികളും പറയുന്നു.

കടൽ മൽസ്യങ്ങൾ വാങ്ങാൻ ചിലർ വിമുഖത കാട്ടുന്നതായി ഓൾ കേരള ഫിഷ് മർച്ചന്റ്സ് ആൻഡ് കമ്മീഷൻ ഏജന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. മധ്യകേരളത്തിൽ ചാള, മത്തി, അയല, തുടങ്ങിയ മീനുകളുടെ വില്പനയിൽ ഇടിവുണ്ടായി. എന്നാല്‍  ഇവയൊന്നും മൃത ശരീരം ഭക്ഷിക്കുന്നവയല്ല.

അതേസമയം ചിലയിനം സ്രാവുകൾ മൃതദേഹങ്ങൾ ഭക്ഷിക്കും എന്ന് ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ ഇന്ത്യൻ മൽസ്യബന്ധന മേഖലകളിൽ ഇത്തരം സ്രാവുകളെ കണ്ടെത്തിയിട്ടില്ലെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.