മഴക്കഥ (ശാസ്ത്രലേഖനം) 

ചാക്യാർ പെരിന്തൽമണ്ണ

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റെക്കോർഡ് പ്രകാരം കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ ( 2021 മെയ് 13, 14, 15) കേരളത്തിൽ ലഭിച്ചത് മഴ 232.6 mm. സാധാരണ ഈ കാലയളവിൽ ലഭിക്കാറുള്ളത് 20.7 mm (വേനൽ മഴ).

കാലാവസ്ഥ വകുപ്പിന്റെ – ഇന്നലെ മഴ രേഖപ്പെ ടുത്തിയ 107 സ്റ്റേഷനിൽ 35 ലും 100 മില്ലിമീറ്റർ കൂടുതൽ മഴ രേഖപ്പെടുത്തി.

മഴ പെയ്യുന്ന വെള്ളം കുറച്ച് സമയം കൊണ്ട് കുത്തിയൊലിച്ച് അറബിക്കടലിൽ തിരിച്ചെത്തുന്നതാണ് കേരളത്തിൻ്റെ 40° യോളം കിഴക്ക് പശ്ചിമഘട്ടത്തിൽ നിന്ന് പടിഞ്ഞാറ് അറബിക്കടൽ തീരത്തേക്ക് ചരിഞ്ഞ ഭൂഘടന. നിറയെ നദികളും, കായലും, വയൽ ചതുപ്പും നിറഞ്ഞ് ഹരിതാഭമായ കുന്നും പുൽമേടും പറയുന്ന ഒന്നുണ്ട് – പെയ്യുന്ന മഴവെള്ളം മുഴുവനത്ര പെട്ടെന്ന് ഒരു കടലിനും കൊടുക്കുന്നില്ല നമ്മുടെ മണ്ണ്.


കുത്തി ഒലിച്ച് പോവുന്ന കലക്കവെള്ളമെ നമ്മൾ കാണുന്നുള്ളു. മണ്ണിലാഴത്തിലിറങ്ങി ജല സ്രോതസുകളിൽ ഉറവയാകുന്ന വലിയ ഒരു ഭാഗം കാലങ്ങളായുള്ള ഒഴുക്കിൽ മണ്ണിലെ ചെങ്കൽ ഉറപ്പിനും ഏറ്റവും അടിയിലെ ഉറച്ച പാറക്കെട്ടിനും ഇടയിലെ പശിമയാർന്ന ഭാഗത്തെ ഇളക്കി കളയുന്നുണ്ട്. ചിലയിടങ്ങളിൽ ചെറിയ ചാല് പോലെ തുടങ്ങിയവ വലിയ ഹൈവെ റോഡുകൾ പോലെ രൂപപ്പെട്ടിട്ടുണ്ട്. കേരളത്തിലെ – മണ്ണിനടിയിലൂടെ ഉള്ള മണ്ണൊലിപ്പ് വളരെ രൂക്ഷമാണ്. സോയിൽ പൈപ്പിംഗ് ( കുഴലീകൃത മണ്ണൊലിപ്പ്) എന്ന പേരിൽ അറിയപ്പെടുന്ന ഈ പ്രതിഭാസത്തെക്കുറിച്ച് മികച്ച പഠനങ്ങൾ നടന്നിട്ടുണ്ട് ഇവിടെ. അത്തരം പ്രശ്നങ്ങൾ കൂടുതലുള്ള മേഖലകൾ തരം തിരിച്ച് പട്ടിക പ്രസിദ്ധീകരിച്ച് വർഷക്കാലം അടുക്കുമ്പോൾ  കുറച്ച് – മഞ്ഞ / ഓറഞ്ച് / ചുവപ്പ് – വർണ്ണ മുന്നറിയിപ്പുകൾ നൽകാമെന്നല്ലാതെ “മണ്ണിൻ്റെ ക്യാൻസർ” എന്നറിയപ്പെടുന്ന ഈ രോഗത്തിന് പരിഹാരമായി നമ്മളുടെ ചികിത്സ / മരുന്ന് എന്താണ്???

2017 ൽ തമിഴ്നാട് മുനമ്പിൽ വന്ന് ഓഖി വന്ന് മുട്ടിവിളിച്ചപ്പോൾ വിറച്ചത് കേരളത്തിലെ ഏതാനും ജില്ലകൾ ആണ്.
2018 ൽ കാലാവസ്ഥ നിരീക്ഷണ സംഘങ്ങളുടെ കണ്ണ് വെട്ടിച്ച പ്രളയ ജലം വന്നപ്പോൾ വിവരമില്ലാത്ത രാഷ്ട്രീയക്കാർ അതിനെ രാഷ്ട്രീയമായി വ്യഭിചരിച്ചു.
2019 ൽ സകല മുന്നറിയിപ്പും മുന്നൊരുക്കങ്ങളും തകിടം മറിച്ച് കേരളത്തിനെ ദു:ഖകയത്തിലാക്കാൻ പ്രളയം വീണ്ടും വന്നു.
2020 ൽ പ്രളയത്തെ ഭയന്ന് നമ്മൾ അതീവ ജാഗ്രതയിലിരുന്നു. കോവിഡ് 19ൽ ലോകം വെറുങ്ങലിച്ച് നിന്നപ്പോൾ വ്യാവസായിക / വാഹന പുകയാലുള്ള അന്തരീക്ഷ മലിനീകരണം കുറഞ്ഞ് ശുദ്ധമായതിനാൽ മലബാറിൽ കോരി ചൊരിയാനിരുന്നത് കേരളം മുതൽ അങ്ങ് ഗുജറാത്ത് തീരം വരെ എത്തി. എന്നിട്ടും IMD യുടെ കണക്ക് കൂട്ടി കുറച്ചപ്പോൾ കണ്ണൂരും കാസർഗോഡും റെക്കോഡ് മഴ രേഖപ്പെടുത്തിയത് – ലക്ഷ്യം തെറ്റിയിട്ടില്ല എന്ന് തെളിയിക്കുന്നതാണ്.

ഏറെ വിചിത്രം 2018, 2019, 2020 ൽ ഈ പ്രളയ മഴ പെയ്ത്ത് എല്ലാം ഉണ്ടായത് ഓഗസ്റ്റ് 7 മുതൽ 13 വരെ ദിവസങ്ങൾക്കുള്ളിലാണെന്നത് ആരിലും ഒരു പ്രത്യേകതയും തോന്നിച്ചില്ല എന്നതാണ്.

2021 ൽ സ്ഥിതി കൂടുതൽ രൂക്ഷമാവുന്നു എന്നതിൻ്റെ ട്രയലറാണ് “ടൗട്ടെ” ചുഴലിക്കാറ്റ് ഉണ്ടാക്കിയ ഈ മഴക്കാലം.  3 ദിവസം കൊണ്ട് പെയ്തിറങ്ങിയ ഏകദേശ കണക്ക് ആണ് തുടക്കത്തിൽ സൂചിപ്പിച്ചത്.
പെയ്ത മഴവെള്ളത്തിൽ വലിയ ഒരു ഭാഗം ഒലിച്ച് പോയി എന്ന് കരുതിയാലും അത്യാവശ്യം വെള്ളം മണ്ണും ശേഖരിച്ചിട്ടുണ്ട് എന്നുറപ്പാണ്. വീട്ടിലെ കിണറിൽ വേനൽക്കാലത്തിൻ്റെ പരമാവധിയിൽ 2 റിംഗ് (രണ്ടര അടി) ഉണ്ടാവുന്ന വെള്ളം മഴക്കാലം തുടങ്ങി ജൂൺ, ജൂലൈ, ആഗസ്റ്റ് പകുതി ആവുമ്പോഴേക്കാണ് മൊത്തമുള്ള 15 റിംഗ് നിറയാറുള്ളു. അത്ര പതിയെ മാത്രം ഭൂജലനിരപ്പ് ഉയരാറുള്ള സ്ഥലത്ത് 3 ദിവസത്തെ മഴയിൽ 13 റിംഗ് നിറഞ്ഞു എന്നത് സംഗതി അത്ര നല്ല സൂചനയല്ല നൽകുന്നത്. ഇപ്പഴെ വയറു നിറയെ വെള്ളം കുടിച്ചിരിക്കുന്ന മണ്ണിൽ ഈ മാസം അവസാനം തുടങ്ങാനിരിക്കുന്ന വർഷക്കാലത്തിൻ്റെ വെള്ളത്തെ എവിടെ, എത്രത്തോളം, എങ്ങിനെ ഉൾക്കൊള്ളും എന്നത് ഈ മണ്ണിന് മേൽ വീടും, കച്ചവടവും, റോഡും, പാടവും മറ്റും ഉണ്ടാക്കി ഭാവി സ്വപ്നം കാണുന്ന എല്ലാ ജീവജാലങ്ങൾക്കും ഭീഷണിയാണ്.