ഇനിയും കണ്ടെത്താത്ത ജീവിവർഗ്ഗങ്ങൾ !  

വിക്ടോറിയ മാസ്റ്റേഴ്സൺ

ഭൂമിയിലെ ജീവജാലങ്ങളിൽ  20%  സ്പീഷിസുകളെ  മാത്രമേ മനുഷ്യന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടുള്ളൂ എന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിനർത്ഥം  80% ജീവികളും നമുക്ക് ഇപ്പോഴും അജ്ഞാതമാണ്. അവ സംരക്ഷിക്കപ്പെടേണ്ടതും ഭാവിതലമുറകളുടെ നിലനിൽപ്പിന് ആവശ്യമാണ്.

ഇപ്പോൾ കണ്ടെത്തിയിട്ടുള്ള സ്പീഷിസുകളുടെ വിവരങ്ങൾ വെച്ച് ഇനിയുള്ളവയെ കണ്ടെത്താനുള്ള ഒരു ഇന്ററാക്ടീവ് മാപ്പ് ശാസ്ത്രകാരന്മാർ തയ്യാറാക്കിയിട്ടുണ്ട്.  “നേച്ചർ ഇക്കോളജി & എവലൂഷൻ”   ജേണലിൽ  മരിയോ മൗറ, വാൾട്ടർ ജെറ്റ്സ് എന്നിവർ എഴുതിയ ലേഖനത്തിൽ പുതിയ സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ, ഉഭയജീവികൾ എന്നിവയെ കണ്ടെത്താൻ കഴിയുന്ന  വൈവിദ്ധ്യമാർന്ന ഹോട്ട്‌സ്‌പോട്ടുകൾ ചൂണ്ടിക്കാട്ടുന്നു. https://mol.org/patterns/richnessrarity

ബ്രസീൽ, ഇന്തോനേഷ്യ, മഡഗാസ്കർ, കൊളംബിയ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലെ ഉഷ്ണമേഖലാ വനങ്ങളിൽ സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ, ഉഭയജീവികൾ തുടങ്ങി നിരവധി   പുതിയ ജീവിവർഗ്ഗങ്ങളുടെ സമൃദ്ധ സാന്നിദ്ധ്യത്തിനുള്ള സാദ്ധ്യതയാണ് എടുത്തുപറയുന്നത്.

“ആഗോള പാരിസ്ഥിതിക വ്യതിയാനത്തിന്റെ ഇപ്പോഴത്തെ വേഗം കണക്കാക്കുമ്പോൾ പല ജീവജാലങ്ങളെ കുറിച്ചും നമ്മൾ മനസ്സിലാക്കുന്നതിനു മുമ്പ്  അവയുടെ വംശനാശം എന്ന ദുർവിധി  സംഭവിക്കുമെന്നതിൽ സംശയമില്ല,” യേൽ യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി-പരിണാമ ജീവശാസ്ത്ര പ്രൊഫസറായ  ജെറ്റ്സ് പറയുന്നു.

ഭൂമിയുടെ ജൈവ വൈവിദ്ധ്യ പസിൽ

മുഖ്യലേഖകനായ മൗറയുമൊത്ത് രണ്ടുകൊല്ലമായി ജെറ്റ്സ്  32,000 കശേരുകികളു (നട്ടെല്ലുള്ള ജീവികൾ) ടെ 11 പ്രധാനഘടകങ്ങളുടെ വിവരങ്ങൾ ശേഖരിക്കുകയാണ്.  ഇതിൽ സ്ഥാനം, ഭൂമിശാസ്ത്രപരമായ പരിധി, ആവാസ വ്യവസ്ഥ, കണ്ടെത്തൽ തിയതികൾ, ജൈവ സവിശേഷതകൾ എന്നിവ ഉൾപ്പെടുന്നു. ഈ ശേഖരണം അവരെ അറിയപ്പെടുന്ന നാലിന കശേരുകികളെ നിരീക്ഷിച്ച് ഇനിയും മറഞ്ഞിരിക്കുന്ന വർഗ്ഗങ്ങൾ കണ്ടെത്താൻ സഹായിക്കുമെന്നാണ് കരുതുന്നത്.

ഇനിയും കണ്ടെത്താത്തവയെ കണ്ടെത്തേണ്ടത് ഭൂമിയിലെ ജൈവ വൈവിദ്ധ്യത്തെ മുഴുവൻ സംരക്ഷിക്കുന്ന പ്രവർത്തനത്തിന് ആവശ്യമാണ്. ബ്രസീലിലെ ഫെഡറൽ യൂണിവേഴ്സിറ്റി ഓഫ് പാരിബയിൽ പ്രൊഫസറായ മാരിയോ ആർ. മൗറ പറയുന്നു. ലോകമാകെയുള്ള ഗവേഷണപങ്കാളികളുമായി ചേർന്ന് ജെറ്റ്സും സഹപ്രവർത്തകരും പ്രസ്തുത ജൈവ മാപ്പിൽ സസ്യങ്ങൾ, സമുദ്രജീവികൾ, ഇൻവെർട്ടിബ്രെറ്റ്സ് സ്പീഷിസുകളെ കൂടി വരുംകൊല്ലങ്ങളിൽ ഉൾപ്പെടുത്തും.

എന്തുകൊണ്ട് ജൈവവൈവിദ്ധ്യം അനിവാര്യമായിരിക്കുന്നു.

മനുഷ്യൻ ആശ്രയിക്കുന്ന ശുദ്ധജലം, പരാഗണം, മണ്ണിന്റെ വളക്കൂറ് തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങൾ നിലനിൽക്കുന്നതിന്  വിവിധ ജീവിവർഗ്ഗങ്ങളുടെ സംഭാവനയുണ്ട്. കാലാവസ്ഥ നിയന്ത്രിക്കുന്നതിനും ജൈവപ്രകൃതിക്ക് പങ്കുണ്ട്, ഉദാഹരണത്തിന് ജന്തുക്കൾ ശ്വസിക്കുന്ന  കാർബൺ ഡയോക്സൈഡിനെ സസ്യങ്ങൾ  ആഗിരണം ചെയ്യുന്നു. അല്ലാത്തപക്ഷം അന്തരീക്ഷത്തിലെ ഊഷ്മാവ് ഉയരും. ലോക സാമ്പത്തിക വ്യവസ്ഥയുടെ 40 % വും ജൈവ വൈവിദ്ധ്യത്തെ ആശ്രയിച്ചിരിക്കുന്നു. ഇപ്പോഴത്ത് അവസ്ഥയിലുള്ള വ്യതിയാനം തുടർന്നാൽ ഭക്ഷ്യവ്യവസായം, വനവിഭവം, ഇക്കോ ടൂറിസം മേഖലയിൽ മാത്രം 338 ബില്യൺ ഡോളറിന്റെ നഷ്ടമാകും പ്രതിവർഷം ഉണ്ടാവുക.

കടപ്പാട് : വിക്ടോറിയ മാസ്റ്റേഴ്സൺ, THE PRINT, WORLD ECONOMIC FORUM  

സ്വതന്ത്ര വിവർത്തനം : സാലിഹ് റാവുത്തർ