മുസ്ലിം ജനസംഖ്യ ക്രമാതീതമായി കൂടുന്നുണ്ടോ ?

യുപിയില്‍ ജനസംഖ്യാനിയന്ത്രണനിയമത്തിനുള്ള പ്രാരംഭനടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. രണ്ടിലധികം കുട്ടികളുള്ളവര്‍ക്ക് ചില ആനുകൂല്യങ്ങള്‍ തടയുന്നതായിരിക്കും നിയമം. ഇത് പാസ്സായാല്‍ രണ്ടിലധികം കുട്ടികളുള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാന്‍ കഴിയില്ല. മറ്റു സബ്സിഡികള്‍ ലഭിക്കില്ല. യുപിയിലെ 304 ബിജെപി എമ്മെല്ലേമാരില്‍ 50 ശതമാനം അതായത് 152 പേരും മൂന്നോ അതിലധികമോ കുട്ടികളുള്ളവരാണ് എന്നതാണ് ഇതിനിടയിലെ ഒരു വിരോധാഭാസം. എലിയെ കൊല്ലാന്‍ ഇല്ലം ചുടുന്ന കാരണവരുടെ മുന്നില്‍ മിണ്ടാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഈ 152 പേരും കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് ബി.ജെ.പി അംഗങ്ങളും.

അതിരിക്കട്ടെ. നിയന്ത്രണം ആവശ്യമുള്ള കാര്യംതന്നെയാണ്. അങ്ങനെയിരിക്കെയും ആ തീരുമാനത്തിലേക്കു നിയിച്ച ചില ധാരണകളുടെ സാംഗത്യം പരിശോധിക്കുകയാണ് നമ്മളിവിടെ.

ഈ പോക്കു പോയാല്‍ ഇന്ത്യയില്‍ ന്യൂനപക്ഷമായ മുസ്ലീങ്ങള്‍ 2030 ഓടെ ഭൂരിപക്ഷമാകും എന്നൊരു വാദം ഏതാണ്ട് ഇരുപതുകൊല്ലംമുമ്പുതന്നെ പ്രചരിച്ചിരുന്നു. പ്രത്യക്ഷത്തില്‍ ഇത് ശരിയാണെന്നു തോന്നുന്നതിന് ചില കാരണങ്ങളുണ്ട്. ജാതി-ജാതകം തുടങ്ങിയ തടസ്സങ്ങളില്ലാത്തതിനാലും തൊഴില്‍സംബന്ധമായ വിട്ടുവീഴ്ചാമനോഭാവം മൂലവും അവര്‍ക്കിടയില്‍ നേരത്തേതന്നെ വിവാഹം നടക്കുകയും കുട്ടികളുണ്ടാകുകയും ചെയ്യുന്നു എന്നതാണ് പ്രധാനം. എന്നാല്‍ ജനസംഖ്യാ വര്‍ദ്ധനയെ സംബന്ധിച്ച ആശങ്ക അസ്ഥാനത്താണെന്ന് ബോധ്യപ്പെടുത്തുന്നതാണ് സ്ഥിതിവിവരക്കണക്കുകള്‍. അത് നമുക്കൊന്നു പരിശോധിക്കാം.

ഇന്ത്യയിലെ ഏറ്റവുമധികം ജനസംഖ്യയുള്ള യുപിയിലെ കാര്യംതന്നെ നോക്കാം. 2001 ല്‍ അവിടത്തെ മുസ്ലിം ജനസംഖ്യ 18.42 ശതമാനമായിരുന്നു. പത്തുകൊല്ലം കഴിഞ്ഞപ്പോള്‍ അതായത് 2011 ആയപ്പോള്‍ 19.26 ശതമാനമായി. അതായത് ഒരു ശതമാനത്തില്‍ താഴെ 0.84 ആയിരുന്നു ശതമാനവവര്‍ദ്ധന. 2021 ലെ വരാന്‍പോകുന്ന സെന്‍സസ്സ് പ്രകാരം ഈ വര്‍ദ്ധനവിന്‍റെ ശതമാനം ഗണ്യമായി കുറഞ്ഞിട്ടുള്ളതായിട്ടാണ് അടുത്തകാലത്തെ പല സര്‍വ്വേകളും സൂചിപ്പിക്കുന്നത്.

ഇന്ത്യയിലെ മൊത്തം കണക്ക് നോക്കാം. സ്വാതന്ത്ര്യം കിട്ടുന്ന 1947-ല്‍ നമ്മുടെ ജനസംഖ്യ മുപ്പത്തഞ്ചു കോടിയായിരുന്നു. അതിന്‍റെ വര്‍ദ്ധന ഇപ്രകാരമായിരുന്നു. 1961-ല്‍ 43.9 കോടി. 71 ല്‍ 54.8 കോടി. 81ല്‍ 68.5 കോടി. 91-ല്‍ 84.3 കോടി. 2001ല്‍ 102.7 കോടി. 2011 ല്‍ 121.08 കോടി. ഇത് 2021 ലെ കണക്കില്‍ 135 കോടി ആകുമെന്ന് പ്രതീക്ഷിക്കുന്നു.

ഫെര്‍ട്ടിലിറ്റി റേറ്റ് നോക്കിയാല്‍ 2004-2005 ല്‍ ഒരു ഇന്ത്യന്‍ മാതാവിന് 3 കുട്ടികളാണ് ശരാശരി ഉണ്ടായിരുന്നത്. ഇതില്‍ മുസ്ലിം മാതാവിന് 3.4 ഉം ഹിന്ദു മാതാവിന് 2.8 ഉം ആയിരുന്നു കണക്ക്. പത്തുകൊല്ലത്തിനുശേഷം 2015ല്‍ ഇന്ത്യാ ഗവണ്‍മെന്‍റ് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വ്വേ നടത്തിയതില്‍ ഒരു മാതാവിന് 3 കുട്ടി എന്നതിനുപകരം 2.2 ആയി കുറഞ്ഞിരുന്നു. അതില്‍ ഹിന്ദു മാതാവിന് 2.8 ല്‍ നിന്നും 2.13 ലേക്ക് കുറഞ്ഞു. അതായത് 0.67 ന്‍റെ കുറവ്. മുസ്ലിം മാതാവിന് 3.4 ല്‍ നിന്നും 2.62 ലേക്കാണ് കുറഞ്ഞത് . അതായത് 0.78 ന്‍റെ കുറവ്.

2050 ഓടുകൂടി ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ 31 കോടി ആയിരിക്കും. ഹിന്ദു ജനസംഖ്യയാകട്ടെ അത് 130 കോടി ആയിരിക്കും. ചില തത്പര കേന്ദ്രങ്ങള്‍ പടച്ചുവിടുന്ന വാര്‍ത്തകളുടെ വാസ്തവം ഇതാണ്. ഇപ്പോഴത്തെ മുസ്ലിം ജനസംഖ്യ 14.2 ശതമാനമാണ്. പലരും പ്രചരിപ്പിക്കുന്നതുപോലെ ക്രമാതീതമായി മുസ്ലീങ്ങള്‍ പെറ്റുപെരുകുന്നെങ്കില്‍ ഇതൊന്നുമാകുമായിരുന്നില്ല കണക്ക്.

അടുത്ത കാര്യം ബഹുഭാര്യാത്തം സംബന്ധിച്ചുള്ളതാണ്. ഒരാള്‍ പല ഭാര്യമാരില്‍ സന്താനവര്‍ദ്ധനവ് നടത്തുന്നു എന്ന ഭയം വളര്‍ത്തുന്നുണ്ട്. ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ എന്ന് പരിശോധിക്കാം. ഒന്നിലധികം വിവാഹം ചെയ്യാന്‍ ചില പ്രത്യേകസാഹചര്യങ്ങളില്‍ മുസ്ലീങ്ങളെ അവരുടെ മതം അനുവദിക്കുന്നു. എന്നാല്‍ ചുറ്റുപാടുമുള്ള നൂറുപേരെ എടുത്താല്‍ എത്രപേര്‍ അപ്രകാരം ചെയ്തിട്ടുണ്ട് എന്നു നിരീക്ഷിച്ചാല്‍ ആ സംശയം അസ്ഥാനത്താണെന്നു കാണാം. ഇനി നൂറുപേരും രണ്ടോ നാലോ വിവാഹം കഴിക്കുന്നു എന്ന് സങ്കല്‍പിക്കുക. അത്രയും ഭാര്യമാരെ എവിടെനിന്നുകിട്ടും ? ഈ കണക്ക് നോക്കുക.

ഇന്ത്യയില്‍ പുരുഷന്‍മാരുടെയും സ്ത്രീകളുടെയും അനുപാതം ആയിരം പുരുഷന്‍മാര്‍ക്ക് 943 ആണ്. മുസ്ലീങ്ങളെ മാത്രം നോക്കിയാല്‍ നേരിയ വര്‍ദ്ധന സ്ത്രീകള്‍ക്കുണ്ട്. ആയിരം പുരുഷന്‍മാര്‍ക്ക് 951 സ്ത്രീകള്‍. ഓരോ പുരുഷനും രണ്ടു ഭാര്യമാരെ സ്വീകരിച്ചാല്‍ 50 ശതമാനത്തിലധികം പേര്‍ക്കും വിവാഹം കഴിക്കാന്‍ കഴിയില്ല എന്നര്‍ത്ഥം. ഒരാള്‍ നാലുവിവാഹം കഴിച്ചാലോ ? 75 ശതമാനം പേര്‍ക്ക് വിവാഹം കഴിക്കാതെ നില്‍ക്കേണ്ടിവരുമെന്നര്‍ത്ഥം. മാത്രമല്ല. ബഹുഭാര്യാത്തം നിലവിലുള്ളത് മുസ്ലീങ്ങള്‍ക്കിടയില്‍ മാത്രമല്ല. കൃസ്ത്യാനികള്‍ ഒഴികെയുള്ള എല്ലാ മതങ്ങളിലുമുണ്ട്. 1991-ലെ സെന്‍സസ്സ് പ്രകാരം 5.6 ആണ് മുസ്ലീങ്ങളിലെ ബഹുഭാര്യാത്തമെങ്കില്‍ ഹിന്ദുക്കളില്‍ 5.8 ബുദ്ധിസ്റ്റ് 7.9 ജൈന്‍ 6.7 ആദിവാസികള്‍ 15.25 എന്നിങ്ങനെ പോകുന്നു. കേരളത്തില്‍ കുറവാണെന്നുമാത്രം.

ഇനി സന്താനങ്ങള്‍ എത്ര വേണമെന്ന തീരുമാനം. വിദ്യാഭ്യാസം കുറവുള്ളവരായ ഗ്രാമീണസ്ത്രീകളുടെ ഇടയില്‍ നടത്തിയ പഠനത്തില്‍ ഭൂരിഭാഗം പേരും കുറഞ്ഞത് മൂന്നുകുട്ടികള്‍ക്കുവേണ്ടി ആഗ്രഹിച്ചു. ഇതില്‍ സമുദായഭേദമുണ്ടായിരുന്നില്ല. പഴയ കാലത്ത് സന്താനവൃദ്ധി ഒരു പ്രശ്നമായിരുന്നില്ല എന്നു മാത്രമല്ല സന്താനസമ്പത്ത് എന്ന പേരിലാണ് കണ്ടിരുന്നത്. ഒന്നോ രണ്ടോ തലമുറകള്‍ക്കുമുമ്പ് എല്ലാ സമൂഹങ്ങളിലും ഇത് ദൃശ്യമാണ്.

ജനസംഖ്യ ഒരു പ്രശ്നമായി മാറുന്ന രാജ്യങ്ങളില്‍ ഏറ്റവും നല്ല സന്താനോത്പാദനമാര്‍ഗ്ഗം വിദ്യാഭ്യാസമാണെന്നാണ് വിദഗ്ദ്ധമതം. അതിനുദാഹരണങ്ങള്‍ നിരവധിയുണ്ട്. കേരളം കര്‍ണ്ണാടക ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുസ്ലീം ജനസംഖ്യാ വര്‍ദ്ധനവ് രാജസ്ഥാന്‍ ഉത്തര്‍പ്രദേശ് ബീഹാര്‍ ഇവിടങ്ങളിലെ ഹിന്ദു വര്‍ദ്ധനവിനേക്കാള്‍ കുറവാണ്. ഇതിനു കാരണം സ്ത്രീകള്‍ക്ക് ലഭിച്ച വിദ്യാഭ്യാസമാണെന്ന് പഠനങ്ങള്‍ പറയുന്നു. സ്ത്രീ വിദ്യാഭ്യാസവും സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളും ലിംഗസമത്വവുമാണ് ജനസംഖ്യാവര്‍ദ്ധനവില്‍ കുറവ് വരുത്താന്‍ ഏറ്റവും ഫലപ്രദം. ഈ സത്യം മനസ്സിലാക്കാതെ സമുദായങ്ങളുടെ പേരില്‍ തെറ്റിദ്ധാരണ പരത്തുന്നത് വലിയ തെറ്റാണ്.

ഈ സ്ഥിതിവിവരക്കണക്കുകളൊന്നും ഭരണകര്‍ത്താക്കള്‍ക്ക് അറിയാഞ്ഞിട്ടാണെന്നു കരുതണ്ട. ഭയവും ആശങ്കയും വളര്‍ത്തുകയും തങ്ങള്‍ അതിനെതിരെ പൊരുതുകയും ചെയ്യുന്നു എന്ന തോന്നല്‍ വോട്ടര്‍മാരുടെ ഇടയിലുണ്ടാക്കേണ്ടത് അവരുടെ നിലനില്പ്പാണ്.

ഭരണവര്‍ഗ്ഗം ആരുമാകട്ടെ അതിന് എക്കാലത്തും ചില മാര്‍ഗ്ഗങ്ങള്‍ ശത്രു, യുദ്ധം, തീവ്രദേശീയത, ആഭ്യന്തരഭീഷണികള്‍ അങ്ങനെ ഭയത്തെയും അധമവികാരത്തെയും മുതലെടുക്കാനായി പലതും അവര്‍ കണ്ടെത്തിവെച്ചിരിക്കും. നുണകള്‍ പ്രചരിപ്പിക്കാനാവശ്യമായ മാദ്ധ്യമങ്ങളെ അവര്‍ നട്ടുവളര്‍ത്തുകയും ചെയ്യും.