നീലക്കവിളൻ വേലിതത്തകൾക്ക് സംരക്ഷണ വേലിയൊരുക്കുമ്പോൾ

ശാലിനി ബിനു, എസ്. വിധു

ആലപ്പുഴയിലെ തോട്ടപ്പള്ളി ഭാഗത്ത് കരിമണൽ കൂന കൂട്ടി ഇടുന്ന ഇടങ്ങളിൽ കുറച്ചു ദേശാടന കിളികൾ കൂടു കൂട്ടുന്നത് ശ്രദ്ധിക്കാൻ തുടങ്ങിയത് കഴിഞ്ഞ വർഷമാണ്. നീലക്കവിളൻ വേലിതത്ത( Blue cheeked bee eater) എന്ന വിഭാഗത്തിൽ പെടുന്നവയായിരുന്നു അവ. ഏകദേശം 40 കിളികളും അവയുടെ 25 കൂടുകളും.

ഇവ കൂടുകൾ ഉണ്ടാക്കിയത് ആ മണൽകൂനകളിലാണ്. ഏറെക്കുറെ ഒരു ഭാഗം കേന്ദ്രീകരിച്ചാണ് അവ കൂട്ടമായി കാണപ്പെട്ടത്. അവിടുത്തെ പ്രശ്നം എന്തെന്ന് വെച്ചാൽ ഉറപ്പില്ലാത്ത മണൽ ആയതിനാൽ മനുഷ്യരോ മൃഗങ്ങളോ ഒക്കെ അതിൽ കയറിയാൽ മണ്ണ് താഴേക്ക് അരിച്ചിറങ്ങുകയും ആ കൂടുകൾ നശിക്കുകയും ചെയ്യും. ലോറിയിൽ മണ്ണ് കൊണ്ട് വന്നു ഇടുകയും ജെസിബി വെച്ചു മണ്ണെടുക്കുകയും ചെയ്യുന്നതും കൂടെ നടക്കുന്നുണ്ട് ഇവിടെ.

കഴിഞ്ഞ വർഷം കുറച്ചു സമീപവാസികളായ കൂട്ടുകാരുടെ സഹായത്തോടെ അവയെ വേലികെട്ടി സംരക്ഷിച്ചു. ഇക്കൊല്ലം പക്ഷെ രണ്ടു കൂടുകൾ മാത്രമേ കണ്ടുള്ളൂ. ലോക്ക്ഡൗൺ കാരണം ആരും പരിശോധിച്ചില്ല എന്നതും സത്യം. ഇപ്പോൾ കാണുന്ന കാഴ്ചയിൽ രണ്ടു കിളികൾ കൂടുണ്ടാക്കുന്നു (മണലിൽ പൊത്തുകൾ ഉണ്ടാക്കുകയാണ് ഇവ ചെയ്യുന്നത്) തൊട്ടടുത്ത് തലേന്ന്തന്നെ മണ്ണെടുപ്പ് നടന്നിട്ടുണ്ട്. ഒരുപക്ഷേ അവിടെ കൂടുതൽ കൂടുകൾ ഉണ്ടായിരുന്നിരിക്കാം. ഇങ്ങനെ പോയാൽ നാളെ ആകെ ബാക്കി വന്ന കൂടുകളും നശിക്കപ്പെടും. കഴിഞ്ഞ വർഷം 40ൽ പരം കിളികൾ ഉണ്ടായിരുന്ന ഇടത്ത് 25ൽ പരം കിളികളാണ് ഇത്തവണ കണ്ടത്. അതിനർത്ഥം സുരക്ഷിതമായ ഒരു പ്രജനനകാലം അവയ്ക്ക് കിട്ടാഞ്ഞിട്ടാവണം അവരുടെ എണ്ണത്തിൽ കുറവ് വന്നത് എന്നാണ്. അങ്ങനെയെങ്കിൽ അടുത്ത വർഷം അവർ വരുമോ എന്നത് തന്നെ കണ്ടറിയണം.

നിസ്സാരമായ ഒന്നോ ഒന്നര മാസക്കാലമോ ആണ് അവരുടെ ബ്രീഡിംഗ് സീസൺ… അത്ര നാൾ മാത്രം അവരെ സംരക്ഷിക്കാൻ നമുക്കായാൽ അതൊരു വലിയ കാര്യമാണ്. ഇതിന് വേണ്ടത് അവിടേക്ക് പ്രകൃതിസംരക്ഷണത്തിന്റെ കൈകൾ എത്തുക എന്നത് മാത്രമാണ്. മാധ്യമങ്ങൾ പ്രത്യേകിച്ചു ഓൺലൈൻ മീഡിയയുടെ ശ്രദ്ധ അവിടേയ്ക്ക് എത്തിക്കാൻ പ്രകൃതിക്കായി നിലകൊള്ളുന്നവരുടെ സഹായം ആവശ്യമാണ്. കെ എ ഷാജി എന്ന മാധ്യമ സുഹൃത്തിന്റെ നേതൃത്വത്തിൽ രൂപപ്പെടുത്തിയ ഗ്രീൻ മീഡിയ -കേരള എന്ന പരിസ്ഥിതി മാധ്യമ പ്രവർത്തകരുടെ വാട്ട്സ്ആപ്പ് കൂട്ടായ്മയിൽ ഞങ്ങൾ കുറച്ചു ദിവസങ്ങൾ മുന്നേ ഈ വിഷയം പങ്കുവെച്ചിരുന്നു. വിഷയം ഇതായിരുന്നു. അന്നേ ദിവസം രാവിലെ തട്ടേക്കാട് പക്ഷി സങ്കേതത്തിലെ നാച്ചുറലിസ്റ്റ് ആയ എന്റെ സുഹൃത്ത് സുധീഷ് തട്ടേക്കാട് വിളിച്ചു പക്ഷികൾ വീണ്ടും എത്തിയ കാര്യം പറയുന്നു. കഴിഞ്ഞ വർഷം ഇതേ സമയം എത്തിയ ഇവരെ സംരക്ഷിക്കാൻ ചില കൂട്ടുകാർ താത്കാലിക വേലിയൊക്കെ കെട്ടിയിരുന്നു. അതറിയാവുന്ന കൊണ്ടും കൊറോണ കാരണം യാത്രകൾ ബുദ്ധിമുട്ടായത് കൊണ്ടും എന്തെങ്കിലും ചെയ്യാൻ ആവുമോ എന്നായിരുന്നു സുധീഷിന്റെ ആവലാതി. സുഹൃത്ത് സജി ജയമോഹനും മറ്റൊരു സുഹൃത്ത് സുധീഷ് മുരളീധരനും ഒക്കെ ഈ പക്ഷികളുടെ സംരക്ഷണത്തിൽ പങ്ക് ചേർന്നു. ഖനനമേഖലയിൽ ശേഖരിക്കുന്ന ഈ കരിമണൽ കുന്ന് പോലെ രൂപപ്പെട്ടു കിടക്കുന്നത്തിലെ ഒരു നിശ്ചിത ഭാഗത്താണ് നീലക്കവിളൻ വേലിതത്ത എന്ന ഈ ദേശാടന പക്ഷി കൂടൊരുക്കുന്നത്. ചതുപ്പും വെള്ളവും കടൽത്തീരം ഒക്കെ ഭൂമിശാസ്ത്ര പരമായുള്ള ഈ മേഖലയിൽ ഈ സ്ഥലത്ത് കാറ്റിന്റെ ദിശ നോക്കിയാവണം ഇവർ എല്ലാ കൊല്ലവും കൃത്യമായി കൂടൊരുക്കുന്നത്.

അങ്ങനെ ഗ്രീൻ മീഡിയയിൽ ഇട്ട പോസ്റ്റ് കണ്ട് ചില മാധ്യമ പ്രവർത്തകർ വിളിച്ചു. അറിയുന്ന വിവരങ്ങൾ നൽകി അവരുമായി പങ്കുവെച്ചു. പിന്നെ നടന്നത് വളരെ സന്തോഷകരമായ കാര്യങ്ങൾ ആയിരുന്നു. മലയാള മനോരമ, ദി ഹിന്ദു, മീഡിയ വൺ തുടങ്ങിയ മുൻനിര മാധ്യമങ്ങളും ക്ലബ്ബ് എഫ് എം പോലുള്ള റേഡിയോ ചാനലുകളും വാർത്ത ജനങ്ങളിൽ എത്തിക്കുന്നു. തുടർന്ന് വിധുവും കൂട്ടരും പഞ്ചായത്തുമായി ബന്ധപ്പെട്ട് ഇവരെ സംരക്ഷിക്കാൻ അഭ്യർത്ഥിക്കുന്നു. അവർ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി വീണ്ടും വേലി കെട്ടാൻ നിർദ്ദേശം നൽകുന്നു. ബാക്കിയാകുന്നത് പരിസ്ഥിതിയുടെ കൂട്ടുകാരുടെ സന്തോഷമാണ്.

ഒരു പരിസ്ഥിതി ദിനം കൂടി കടന്നു പോയി. ഇനി നമ്മൾ ചെയ്യേണ്ടത് പരിസ്ഥിതിയെ അതിന്റെ തനിമയോടെ നിലനിർത്താനായി മനുഷ്യന്റെ പ്രകൃതിയിലേക്കുള്ള അനാവശ്യ കൈകടത്തലുകൾ നിയന്ത്രിക്കുന്ന എന്നതാണ്. പ്രകൃതി തനിയെ പുനഃസ്ഥാപനം ചെയ്യപ്പെടുന്ന ഒന്നാണ്. അതിനായി നമുക്ക് നമ്മളെ പാകപ്പെടുത്താൻ കഴിയണം.

തോട്ടപ്പള്ളി ജൈവവൈവിദ്ധ്യം കൊണ്ട് അനുഗ്രഹീതമായ ഒരിടമാണ്. നിരവധി ദേശാടന പക്ഷികളും,കടലാമകളും എല്ലാ വർഷവും മുടങ്ങാതെ എത്തുന്ന മനോഹര തീരം. കടലും കായലും സംഗമിക്കുന്ന അതി മനോഹരമായ കടൽത്തീരങ്ങൾ ആണ് ഇവിടെയുളളത്. ഏതാനും വർഷങ്ങൾക്കു മുമ്പ് സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്ട്മെൻറ് നടത്തിയ വനവത്കരണം, തോട്ടപ്പള്ളിയെയും കാറ്റാടിമരങ്ങൾ കൊണ്ട് കൂടുതൽ മനോഹരിയാക്കിയിരുന്നു.അവ വളർന്നു പന്തലിച്ചതോടു കൂടി ജല പക്ഷികൾക്കു പുറമേ തോട്ടപ്പളളിക്ക് പരിചിതമല്ലാത്ത മയിലടക്കം മറ്റ് പക്ഷികളും വിരുന്നുകാരായെത്തിയിരുന്നു തോട്ടപ്പള്ളിയുടെ കരുതൽ തേടി.

പക്ഷെ… മനുഷ്യന്റെ ചൂഷക മനോഭാവം എവിടെയുമുളളത് പോലെ തോട്ടപ്പളളിയേയും കവർന്നു കൊണ്ടിരിക്കുന്നു … പ്രകൃതി ചൂഷണത്തിന്റെ യന്ത്രക്കൈകൾ തോട്ടപ്പള്ളിയെ എത്ര വേഗത്തിലാണ് ലോറിയിലേറ്റുന്നത്. മനോഹരമായ പ്രകൃതിസൗന്ദര്യം ആവാഹിച്ച ആയിരത്തഞ്ഞൂറോളം വരുന്ന കാറ്റാടി മരങ്ങളും,വിശാല തീരവും എന്നും വിരുന്ന്കാർക്ക് അഭയമായിരുന്നു. ഇന്നവയെല്ലാം ഓർമ്മയായി മാറിയിരിക്കുന്നു. എവിടെയും യന്ത്രക്കൈകൾ തേടിയെത്തുന്ന ലോറികളുടെ മുരൾച്ച മാത്രം.

ഇന്നീ തീരം തേടിയെത്തിയ വിരുന്നകാർ തങ്ങളുടെ മനോഹര തീരത്തെ കണ്ട് ഹൃദയം പൊട്ടിയിട്ടുണ്ടാവും…നീലക്കവിളൻ വേലിതത്തകൾ ആഫ്രിക്കയിൽ നിന്നും വിരുന്നുകാരായി എത്തുന്നവരാണ്. ഇവർ, നമ്മുടെ നാട്ടിലെ വേലിതത്തകളുടെ വകഭേദമാണെന്ന് കൂടുതൽ പരതലുകൾ കൊണ്ട് മനസ്സിലാക്കാനായി. തിരിച്ചറിവുകൾ തന്ന ഊർജ്ജം പരിസ്ഥിതി ലോലമായ മണൽക്കൂനയിലെ പരിമിതികളെ അതിജീവിക്കുവാൻ ഈ സുന്ദരികളെ സഹായിക്കണമെന്ന ചിന്തയിലേക്കു കൊണ്ടെത്തിക്കുന്നു. തുടർച്ചയായ നിരീക്ഷണങ്ങൾക്കിടയിൽ ഒരു പക്ഷിയെ പരുന്ത് കൊണ്ട് പോകുന്നത് കണ്ട് നിൽക്കേണ്ടി വന്നത് വല്ലാതെ വേദനിപ്പിച്ചു..