ഷാഹിന വി.കെ.

“മാലദ്വീപിൽ നിന്നും ദിവസേന ട്യൂണ കയറ്റുമതി ചെയ്യുന്നത് യൂറോപ്പ്, യുകെ, ദുബൈ തുടങ്ങിയ രാജ്യങ്ങളിലേക്കും ലക്ഷദ്വീപിൽ നിന്നും കയറ്റുമതി ചെയ്യുന്നത് നമ്മുടെ കോഴിക്കോട് ബേപ്പൂരിലേക്കും. മറ്റുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി കുറവാണ്. കാരണം എന്താണ്? അവിടെ നല്ല എയര്‍പോര്‍ട്ട്, അന്തര്‍ദേശീയ തുറമുഖം, എന്നിവ വന്നാല്‍ ദിവസേന കയറ്റുമതി ചെയ്യാം. ലക്ഷദ്വീപ് നിവാസികള്‍ക്ക് നേരിട്ടു അതിന്റെ ലാഭം കിട്ടും”

ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റര്‍ ആയ പ്രഫുല്‍ ഖോഡ പട്ടേലിന്റെ പരിഷ്കാരങ്ങളെ വിമര്‍ശിച്ച മലയാളത്തിലെ യുവനടനായ പൃഥ്വിരാജിന്റെ ഫെയിസ്ബുക് പോസ്റ്റിനു താഴെ ഒരാള്‍ ചെയ്ത കമന്‍റാണിത്.

ലക്ഷദ്വീപിനെ കുറിച്ച് പ്രചരിപ്പിക്കപ്പെടുന്ന നിരവധി അബദ്ധധാരണകളില്‍ ഒരു ഉദാഹരണം മാത്രമാണിത്.

ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപായ ആന്ത്രോത്തിന്റെ വിസ്തീര്‍ണം 4.90 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് എന്നറിയുമ്പോഴാണ് നമ്മുടെ വന്‍കരയിലെ ടൂറിസ-വികസന സങ്കൽപങ്ങൾ അവിടെ ഫിറ്റ് ആകുമോ എന്ന് അന്വേഷിക്കേണ്ടത്.

ഞാന്‍ താമസിക്കുന്നത് എറണാകുളം ജില്ലയില്‍ ആലുവാ പട്ടണത്തോട് ചേര്‍ന്ന് കിടക്കുന്ന ചൂര്‍ണിക്കര പഞ്ചായത്തില്‍ ആണ്. 11.07 ചതുരശ്ര കിലോമീറ്റര്‍ ആണ് ഈ പഞ്ചായത്തിന്റെ വിസ്തീര്‍ണം. 2001 ലെ സെന്‍സസ് പ്രകാരം 36998 പേര്‍ ഇവിടെ താമസിക്കുന്നുണ്ട്. ചൂര്‍ണിക്കര പഞ്ചായത്ത് ഒരു തീരമേഖലയോ മലമ്പ്രദേശമോ അല്ല എന്നതും എനിക്കറിയാം.

കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മുടെ വന്‍കരയെ കുറിച്ചു കൂടി ചിന്തിച്ച് പോകുന്നത് അവിടെ കുറച്ചു നാള്‍ അധ്യാപികയായി ജോലി ചെയ്ത ഓര്‍മ്മയുള്ളതു കൊണ്ടു കൂടിയാണ്. ലക്ഷദ്വീപിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഭൗമ ആവാസവ്യവസ്ഥയില്‍ ഈ ദ്വീപുകള്‍ക്കുള്ള പ്രാധാന്യവും പുനര്‍വിചിന്തനം നടത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി തീരുന്നു.

ടൂറിസം, വികസനം, ആളോഹരി ആനന്ദം, പരിസ്ഥിതി എന്നിവയെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകൾ ലക്ഷദ്വീപിന്റെ ലോലമായ പരിസ്ഥിതി പ്രത്യേകതകൾ പ്രകാരമാണ് വിലയിരുത്തേണ്ടത് എന്നത് പലർക്കുമറിയാത്ത വസ്തുതയാണ്.

  • ·  ലക്ഷദ്വീപിന്റെ പാരിസ്ഥിതിക പ്രാധാന്യം
    ·  ജൈവവൈവിദ്ധ്യം
    ·  ലക്ഷദ്വീപ് ജനതയുടെ വ്യതിരിക്തത
    ·  ദ്വീപിന്റെ വികസന സങ്കല്പങ്ങൾ
    ·  മുന്നറിയിപ്പുകൾ

ഈ വിഷയങ്ങളാണ് തത്കാലം മുന്നോട്ട് വെയ്ക്കുന്നത്.

ആദ്യം ദ്വീപുകളെ കുറിച്ച് പൊതുവായി പറയാം. ഭൂമിയിലുള്ള ഏറ്റവും വലിയ 16 ദ്വീപുകളുടെ ആകെ വിസ്തീര്‍ണം 56 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ ആണ്. ചെറിയ ദ്വീപുകള്‍ ആയിരക്കണക്കിനാണ്.

1.     കോണ്ടിനെന്‍റല്‍: വന്‍കരയോട് ചേര്‍ന്ന് കിടക്കുന്നത്.
ഉദാ: ബ്രിട്ടീഷ് ദ്വീപുകള്‍.

2.     ഓഷ്യാനിക്: സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്നും ഉയര്‍ന്നുവന്നവ.
ഉദാ: ടെനെറിഫ്, സെന്‍റ് ഹെലെനാ, അഡ്ന്ഷന്‍

3.     കോറല്‍(പവിഴദ്വീപ്): കോറല്‍ പൊളിപ്പുകള്‍ എന്ന ചെറിയ സമുദ്രജീവികളുടെ ജൈവാവശിഷ്ടങ്ങള്‍ കൂട്ടം കൂടി ഉണ്ടാകുന്നത്.

പവിഴദ്വീപ് സമൂഹങ്ങള്‍ (Coral Reef Islands)
ലോകത്തിലെ പവിഴദ്വീപുകളില്‍ അധികവും പസഫിക് മഹാസമുദ്രത്തിലാണ്. അമേരിക്കന്‍ ടെറിട്ടറീസ്, ജാര്‍വിസ്, ബേക്കര്‍, ഹൌലാന്‍ഡ്, എന്നിവയും മാലദ്വീപുകള്‍, ബംഗ്ലാദേശിലെ സെന്റ് മാര്‍ടിന്‍സ് ഐലണ്ട്, പട്ടായക്ക് അടുത്തുള്ള പവിഴദ്വീപ്, തായ് ലന്റിലെ കോസാമുയ എന്നിവയാണ് പ്രധാനപ്പെട്ട പവിഴദ്വീപുകള്‍.
ഇന്ത്യയിലെ ഏക പവിഴദ്വീപ് സമൂഹം ആണ് (Coral Reef Attol) ലക്ഷദ്വീപുകള്‍.

ആന്ത്രോത്ത് ദ്വീപിൽ ഒഴികെ ബാക്കി എല്ലാ ദ്വീപുകളിലും വിശാലമായ ലഗൂണുണ്ട്. ദ്വീപിന് സമീപത്തെ ആഴം കുറഞ്ഞ കടൽപരപ്പിനെയാണ് ലഗൂൺ എന്ന് പറയുന്നത്. ഏറ്റവും ചെറിയ ദ്വീപ് ആയ ബിത്രയിലാണ് ഏറ്റവും വലിയ ലഗൂണുള്ളത്. അതുകൊണ്ട് തന്നെ ദ്വീപുകളുടെ അടുത്തേക്ക് വലിയ കപ്പലുകൾക്ക് പ്രവേശിക്കാൻ സാദ്ധ്യവുമല്ല.

സ്ഥാനം
വടക്കൻ അക്ഷാംശം 8°-12°30’ കിഴക്ക് രേഖാംശം 71°-74° യുമായി 2500 കി.മി. നീളമുള്ള ചാഗോസ് – മാലദ്വീപ് – ലക്കാഡൈവ് സൈഡ് മറൈൻ പർവത ശിഖരത്തിൻറെ വടക്കേ അറ്റത്താണ് ഈ ദ്വീപസമൂഹം രൂപപ്പെട്ടിരിക്കുന്നത്. ലക്ഷദ്വീപിൽ 12 ദ്വീപസമൂഹങ്ങൾ (Atolls) ഉണ്ട്. അവയിൽ 36 ദ്വീപുകൾ, 3 റീഫുകൾ, 6 വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന മണല്‍ത്തിട്ടകൾ (Sandbanks), എന്നിവയെല്ലാം ഉണ്ട്. എങ്കിൽപ്പോലും 32.2 ചതുരശ്ര കി.മി. മാത്രം ആണ് ആകെ വിസ്തൃതി. തീരപ്രദേശത്ത് നീളം 132 കിലോമീറ്ററാണ്. ഇന്ത്യയുടെ പ്രധാന വൻകരയിൽ നിന്ന് 200 കിലോമീറ്റർ (111 നോട്ടിക്കൽ മൈൽ) മുതൽ 400 കിലോമീറ്റർ (222 നോട്ടിക്കൽ മൈൽ) വരെ ദൂരെയാണ് ലക്ഷദ്വീപ് സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് നിന്ന് 228 കിലോമീറ്റർ ദൂരെയുള്ള ആന്ത്രോത്ത് ദ്വീപ് ആണ് വൻകരയോട് ഏറ്റവുമടുത്തു കിടക്കുന്നത്. കോഴിക്കോടുമായി, പ്രത്യേകിച്ച് ബേപ്പൂർ തുറമുഖവുമായി ലക്ഷദ്വീപിനുള്ള വാണിജ്യപരവും സാമൂഹികപരവുമായ അടുപ്പത്തിന്റെ പ്രധാന കാരണം ബോദ്ധ്യപ്പെട്ടു കാണുമല്ലോ.

ഇനി ലക്ഷദ്വീപിന്റെ ഉത്ഭവത്തെക്കുറിച്ച് പറയാം.

ലക്ഷദ്വീപ് എന്നാൽ ‘ഒരു ലക്ഷം ദ്വീപുകൾ’ എന്നാണ് പദത്തിൻറെ അർത്ഥം.
ഇന്ത്യൻ മഹാസമുദ്രത്തിനടിയിൽ ഉണ്ടായിരുന്ന ചില അഗ്നിപർവ്വതങ്ങളുടെ സ്ഫോടനത്തെ തുടർന്ന് പവിഴപ്പുറ്റുകളുടെ ജൈവാവശിഷ്ടങ്ങൾ അവക്ക് മേൽ അടിഞ്ഞുകൂടുകയും പിന്നീട് അഗ്നിപർവ്വതങ്ങൾ നിർജീവ അവസ്ഥയിൽ ആയതിനുശേഷം ഈ അവശിഷ്ട മേഖല ദ്വീപുകളായി പരിണമിച്ചു എന്നതുമാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലെ മധ്യ വടക്കുഭാഗത്ത് മാലദ്വീപ് വരെ നീളുന്ന ചാഗോസ് – ലക്കാഡൈവ് റിഡ്ജ് (CLR) എന്ന ഒരു പ്രധാന അഗ്നിപർവ്വത ശൃംഖലയുടെ ഒരു ഭാഗമായി  ലക്ഷദ്വീപിനെ കണക്കാക്കുന്നു.

വടക്ക് ഹിമാലയം മുതൽ തെക്ക് ലക്ഷദ്വീപ് വരെ നീളുന്ന പ്രീ-കാംബിയൻ കാലഘട്ടത്തിലെ ആരവല്ലി പർവ്വതനിരയുടെ തുടർച്ചയാണിത്. മൂന്നുതരം തണ്ണീർത്തടങ്ങൾ ദ്വീപിന് ചുറ്റുമായി കാണാം – പവിഴം (Coral Reef), ലഗൂൺ, മണൽ/ബീച്ച്. മൂന്നു തണ്ണീർത്തടങ്ങളിൽ ഏറ്റവും കൂടുതൽ ഉള്ളത് പവിഴം ആണ്. 55179 ഹെക്ടർ വിസ്തൃതിയുണ്ട് ഇതിന്. ഇത് 69% വരും. ഓരോ ദ്വീപും പവിഴമണലുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. പടിഞ്ഞാറ് ഭാഗത്ത് കൂറ്റൻ ആഴംകുറഞ്ഞ ശാന്തമായ തടാകം പോലെ കിടക്കുന്ന ഭാഗം പുറംകടലിന്റെ കടന്നുകയറ്റത്തെ പ്രതിരോധിക്കുന്നു. പ്രഭാതത്തിൽ ദ്വീപിലെ ബീച്ചുകൾക്ക് സമീപം കിലോമീറ്ററുകളോളം പവിഴപ്പുറ്റുകൾ തെളിഞ്ഞ് വെള്ളമിറങ്ങി കിടക്കുന്നത് കാണാം. വൈകുന്നേരം വേലിയേറ്റ സമയത്ത് പച്ച മരതകക്കല്ലുകൾ പോലെ അവ വെള്ളത്തിനടിയിൽ തിളങ്ങിക്കൊണ്ടിരിക്കും.
4200 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ലഗൂൺ ലക്ഷദ്വീപുകൾക്ക് ചുറ്റുമായി ഉണ്ട്.

കടമത്ത് ദ്വീപിലെ ജവഹർലാൽ നെഹ്രു കോളജിലാണ് ഞാൻ ജോലി ചെയ്തിരുന്നത്. വീതി കുറഞ്ഞ് നീളം കൂടിയ ദ്വീപാണത്. വടക്കേ അറ്റത്താണ് കോളജ് സ്ഥിതി ചെയ്യുന്നത്. കോളജ് ഹോസ്റ്റലിന്റെ മതിൽക്കെട്ടിൽ നിന്ന് 100 മീറ്റർ പോലും ദൂരമില്ല കടലിലേക്ക്. നമ്മുടെ നാട്ടിലെ മോട്ടോർ വാഹനങ്ങളുടെ ഒച്ചയ്ക്കു പകരം കടലിന്റെ ഇരമ്പം കാതിൽ പതിഞ്ഞു കൊണ്ടിരിക്കുന്നതായിരുന്നു ദ്വീപിലെ ദിനരാത്രങ്ങൾ.

സസ്യജാലങ്ങൾ
ദ്വീപിലെ ജൈവവൈവിദ്ധ്യവും നല്ല ഉഷ്ണമേഖലാ കാലാവസ്ഥയും ഉയർന്ന ആപേക്ഷിക ആർദ്രതയും സസ്യവളർച്ചയ്ക്ക് സഹായകമാണ്. എന്നാൽ തെങ്ങുകളും കടപ്ലാവുകളും മുരിക്ക് പോലെയുള്ള പാഴ്മരങ്ങളും മാത്രമേ ലക്ഷദ്വീപിൽ പൊതുവേ കാണുന്നുള്ളൂ. ദ്വീപുകളിലെ സസ്യങ്ങളെ സ്ട്രാൻഡ് കോറൽ 9 എന്നാണ് വിശേഷിപ്പിക്കുന്നത്.

പവിഴപ്പുറ്റുകൾ നിറഞ്ഞ തീരപ്രദേശത്തോട് ചേർന്ന കടലിൽ ഫംഗസ്, ലൈക്കൺ, ആൽഗകൾ, മോസ്, പന്നല്‍ച്ചെടികള്‍ (Pteridophytes), പുഷ്പിതസസ്യങ്ങൾ (Angiosperms), കടൽപായലുകൾ എന്നിവയും ആഴം കുറഞ്ഞ പ്രദേശങ്ങളിൽ ആൽഗകളും കടൽപ്പായലുകളും കാണാം. ബീച്ചിന്റെ മുൻഭാഗം (Foreshore) മണൽ നിറഞ്ഞതായിരിക്കും. എന്നാൽ മുകൾ ഭാഗത്തേക്ക് വന്നാൽ കുറ്റിച്ചെടികളും നിറയെ തെങ്ങുകളും കാണാൻ സാധിക്കും. നാനൂറോളം ഔഷധസസ്യങ്ങൾ ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വംശനാശം വന്നവയായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. തെങ്ങുകളിൽ കടൽപക്ഷികൾ കൂട് കൂട്ടാറുണ്ട്. കടൽപക്ഷിയായ കരീഫേഡ് (Sooty Tern) ആണ് ദ്വീപിന്റെ സംസ്ഥാന പക്ഷി. ഫക്കിക്കദിയ (Butterfly Fish) സംസ്ഥാന മത്സ്യവും കടപ്ലാവ് (Breadfruit) സംസ്ഥാന വൃക്ഷവും ആകുന്നു. വലിയ കുന്നുകളോ അരുവികളോ ഒന്നും ലക്ഷദ്വീപിൽ കാണാൻ സാധിക്കില്ല. 1600 മില്ലിമീറ്റർ വരെ ശരാശരി വാർഷിക വർഷപാതം ലഭിക്കുന്നതാണ് ഭൂഗർഭജലം ആയി സംഭരിക്കപ്പെടുന്നത്. വളരെ ആഴത്തിൽ കുഴിച്ചാൽ ഉപ്പിന്റെ അംശം കലർന്ന വെള്ളം ആയിരിക്കും ദ്വീപിൽ നിന്ന് ലഭിക്കുക.

ദ്വീപുകള്‍
ആകെ 36 ദ്വീപുകള്‍
ലക്ഷദ്വീപിനെ 3 ക്ലസ്റ്ററുകളായി തിരിച്ചിട്ടുണ്ട്.

I  അമീനിദിവി ഗ്രൂപ്പ്
1. അമീനി (2.60 ചതു.കി.)
2. കടമത്ത് (3.20 ചതു.കി.)
3. കില്‍ത്താന്‍ (2.20 ചതു.കി.)
4. ചെത്ത്ലത് (1.40 ചതു.കി.)
5. ബിത്ര (0.10 ചതു.കി.)

II ലക്കദീവ് ഗ്രൂപ്പ്
1. ആന്ത്രോത്ത് (4.90 ചതു.കി.)
2. കവരത്തി (4.22 ചതു.കി.)
3. അഗത്തി (3.84 ചതു.കി.)
4. കല്‍പേനി (2.79 ചതു.കി.)
5. ബംഗാരം (0.58 ചതു.കി.)
6. കല്‍പിറ്റി
7.  തിണ്ണകര
8.  പരളി
9.  തിലാക്കം
10. പിട്ടി
11. ചെറിയം
12. സുഹേലി
13. വലിയകര
14. പക്ഷി പിട്ടി
15. കോടിത്തല

ഈ വിഭാഗത്തില്‍ ആദ്യ 5 ദ്വീപുകളില്‍ മാത്രമേ ജനവാസം ഉള്ളൂ.
ബംഗാരം പൂര്‍ണമായും ഒരു ടൂറിസ്റ്റ് ഐലന്റ് ആണ്.

III മിനിക്കോയി ഗ്രൂപ്പ്

1.  മിനിക്കോയി (4.80 ചതു.കി.)
2.  വിരിംഗിളി

മിനിക്കോയിയില്‍ മാത്രമേ ജനവാസം ഉള്ളൂ.

തലസ്ഥാനമായ കവരത്തി ദ്വീപിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ താമസിക്കുന്നത്.

ഇവ കൂടാതെ വെള്ളത്തിനടിയിലായി 3 പവിഴസമൂഹങ്ങളും (Submerged Reefs), 5 തീരപ്രദേശങ്ങളും (Submerged Banks)  ഇവിടെയുണ്ട്.

ജീവജാലം
ജീവനുള്ള പവിഴങ്ങൾ (Corals), കടൽചീര (Seagrass), കടൽവെള്ളരി (Sea Cucumber), നക്ഷത്രമത്സ്യം (Starfish), കടല്‍ച്ചേന (Sea-urchins), കടല്‍പ്പുല്ലുകള്‍ (Seaweeds), കക്ക (Clam), നീരാളി (Octopus), കവടി (Cowry) എന്നിവയുൾപ്പെടെയുള്ള സമുദ്രജീവികളെ ലഗൂണുകൾ റീഫുകൾ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ധാരാളം കാണാം.

ബട്ടർഫ്ലൈ ഫിഷ്, മോറെ ഈൽസ്, ലഗൂൺ ട്രിഗർ ഫിഷ് എന്നിവ സമൃദ്ധമാണ്. 816.1 ചതു.കി. വിസ്തീർണ്ണമുള്ള വെള്ളത്തിൽ മുങ്ങി കിടക്കുന്ന തീരപ്രദേശങ്ങളിലും പാറകളിലും പവിഴപ്പുറ്റുകളിലും ആയി സമുദ്ര ജീവികളുടെ വൻ വൈവിദ്ധ്യം ആണുള്ളത്.

പവിഴപ്പുറ്റുകളിൽ ആൽഗകൾ സമൃദ്ധമായുണ്ട്. കൂടാതെ 91 ഇനം കടല്‍പഞ്ഞി (Sponges), 114 ഇനം കടൽപായലുകൾ, 7 ഇനം കടൽപുല്ലുകൾ, 150 ഇനം കവചജന്തുക്കള്‍ (Crustaceans), 225 ഇനം എകിനോഡർമുകൾ, 424 ഇനം ശ്ലേഷ്മോദരപ്രാണികള്‍ (Molluscs), മുന്നൂറോളം അലങ്കാരമത്സ്യങ്ങൾ, 601 ഇനം മത്സ്യങ്ങൾ എന്നിങ്ങനെ ജൈവവൈവിധ്യ കലവറയാണ് ഇവിടം. കൂടാതെ അസംഖ്യം ബാക്ടീരിയ, ഫംഗസ്, ഫൈറ്റോപ്ലാങ്ക്റ്റനുകള്‍, സൂപ്ലാങ്ക്റ്റനുകള്‍, പലയിനം കടല്‍പങ്കകള്‍ (Gorgonia), പോളികീറ്റുകൾ, ഉരഗങ്ങൾ എന്നിവയുമുണ്ട്. 4 ഇനം ആമകളും 4 ഇനം സസ്തനികളും ഉണ്ട്.

ലഗൂണുകൾ നിരവധി ജീവിവർഗങ്ങളുടെ ഭവനമാണ്. ഞണ്ടുകൾ, കൊഞ്ചുകള്‍ (Lobsters), കവടി (Gastropods) ഉൾപ്പെടെയുള്ള കവചജന്തുക്കള്‍, ഇരട്ടകവചജന്തുക്കള്‍ (Bivalves), നീരാളികള്‍, സ്പോഞ്ചുകള്‍, ആമകൾ, കടല്‍വെള്ളരികള്‍ (Holothurians), ഡോൾഫിനുകൾ എന്നിവയെല്ലാം ഇവിടെയുണ്ട്.

ജനവാസമില്ലാത്ത ദ്വീപുകളായ ചേര്‍ബാനിയാനി, ബൈറാംഗോര്‍ റീഫ്, പെരുമാള്‍ പാര്‍, പിട്ടി ദ്വീപ് എന്നിവ കടലാമകളുടേയും നിരവധി ബ്രൌണ്‍ നോഡി, ലെസ്സെര്‍ ക്രസ്റ്റഡ് ടേണ്‍, ഗ്രേറ്റര്‍ ക്രസ്റ്റഡ് ടേണ്‍ മുതലായ കടല്‍പക്ഷികളുടേയും പ്രജനന കേന്ദ്രവുമാണ്.

15 വ്യത്യസ്ത ഇനം ട്യൂണ, വഹു, ഡോൾഫിനുകൾ എന്നിവ ഇവിടെയുണ്ട്. സുഹൈലി ദ്വീപിന് ചുറ്റുമുള്ള ജൈവ സഞ്ചയം കൊണ്ട് ഇതിനെ ഒരു മറൈൻ നാഷണൽ പാർക്ക് ആയി പ്രഖ്യാപിക്കാൻ നിർദ്ദേശമുണ്ട്.

സസ്യങ്ങളുടെ വൻ വൈവിദ്ധ്യം നമുക്ക് കാണാൻ കഴിയില്ല. ചെറിയ മരങ്ങളും കുറ്റിച്ചെടികളുമാണ് ഇവിടെയുള്ളത്. കൈത (Pandanus), തേള്‍ക്കട (Heliotropium), വെള്ളമോദകം (Scaevola taccada), കണ്ടല്‍ചെടി (Pemphis acidula) എന്നിവയാണ് പ്രധാനം. 1680 ഇനം പക്ഷികള്‍, ഉരഗങ്ങൾ, മത്സ്യങ്ങൾ, കവചജന്തുക്കള്‍, പവിഴങ്ങള്‍ എന്നിവയും ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 172 ഇനം കരയിൽ ജീവിക്കുന്നവയും (പക്ഷികളും ഉരഗങ്ങളും) ബാക്കിയുള്ളവ ജലജീവികളും ആണ്.

ഈ ജൈവ വൈവിദ്ധ്യം പവിഴപ്പുറ്റുകളുടെയും ലഗൂണുകളുടെയും വൈവിദ്ധ്യത്തെ ആശ്രയിച്ചാണിരിക്കുന്നത്. ലഗൂണുകൾ ശാന്തമായ ഒരു തടാകം പോലെ നിരവധി ജീവികളുടെ ഈറ്റില്ലമായി തീരുന്ന മനോഹരമായ ഒരു കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുക.

എന്നാൽ 41 ഇനം ഞണ്ടുകളും രണ്ടിനം കൊഞ്ചുകളും (Lobsters) ഇവിടെ കാണപ്പെടുന്നു. ചെമ്മീനുകളുടെയും ഞണ്ടുകളുടെയും മത്സ്യബന്ധനത്തിൽ ഇവിടെ നിയന്ത്രണമുണ്ട്.

വർഷകാലങ്ങളിൽ കടലിൽ പോകാൻ കഴിയാത്ത ദ്വീപുകാർ പലപ്പോഴും മാസ് (ഉണക്കിയ ചൂര) ചോറിൽ ചേർത്തു വേവിച്ചാണ് മീൻ കിട്ടാത്തതിന്റെ കുറവ് നികത്തുന്നത്.

മീൻ നിറഞ്ഞ കടൽ ചുറ്റുമുണ്ടെങ്കിലും മൺസൂൺ കാലത്ത് മാസ്സിട്ട് വേവിച്ച ചോറും പരിപ്പുകറിയുമാണ് ദ്വീപിലെ പ്രധാന ഭക്ഷണമെന്നത് സങ്കടപ്പെടുത്തുന്ന ഒരു ഓർമ്മയാണ്.

ദ്വീപിന്റെ തീരപ്രദേശങ്ങളിലൂടെ നടന്നാൽ ഇഷ്ടം പോലെ ജീവനുള്ള കക്കകളും കവടികളും നമുക്കു കിട്ടും. രാവിലെയും വൈകുന്നേരങ്ങളിലും പല നിറങ്ങളാണ് ദ്വീപിലെ കടൽജലത്തിന്. പലയിടത്തും പേടിക്കാതെ ഇറങ്ങി നീന്തുകയും ചെയ്യാം. ദ്വീപിലെ എന്‍റെ മനോഹര ചിത്രങ്ങളെല്ലാം 2018–ലെ പ്രളയത്തിൽ നഷ്ടപ്പെട്ടു എന്നത് ഏറെ ദുഃഖമുണ്ടാക്കുന്നു.

ലക്ഷദ്വീപ് ജീവിതനിലവാരം
2011 ലെ കണക്കുപ്രകാരം 64429 പേരാണ് ഇവിടെ താമസിക്കുന്നത്. പുരുഷന്മാരാണ് സ്ത്രീകളെക്കാൾ കൂടുതലുള്ളത്. പുരുഷന്മാരുടെ എണ്ണം 33106 ഉം സ്ത്രീകളുടേത് 31323 ഉം. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിൽനിന്നും വ്യത്യസ്തമായി മാതൃദായക്രമമാണ് ഇവിടെ പിന്തുടരുന്നത്. അതുകൊണ്ടുതന്നെ സ്ത്രീകൾക്ക് ഉയർന്ന പദവിയും ഉണ്ട്. ലക്ഷദ്വീപിലെ ജനസംഖ്യാ വര്‍ദ്ധന വളരെ ചെറിയ രീതിയിലേ ഉയരുന്നുള്ളൂ. 1991 ല്‍ ജനസംഖ്യാ 51507 ആയിരുന്നത് 2001 ല്‍ 60650 ആയും 2011 ല്‍ 64429 ആയും ഉയര്‍ന്നിട്ടുണ്ട്.

ജനവാസ ദ്വീപുകളിലെല്ലാം സ്കൂളുകൾ ഉണ്ട്. ആന്ത്രോത്ത്, കടമത്ത് എന്നീ ദ്വീപുകളിൽ ബിരുദ-ബിരുദാനന്തര കോളജുകളും (Calicut University Study Centre) ഉണ്ട്.

3 ആശുപത്രികളും 3 കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളും 3 പ്രൈമറി ഹെൽത്ത് സെൻററുകളും ആണ് ദ്വീപുകളിൽ ഉള്ളത്. എന്നാൽ ഗുരുതരമായ രോഗങ്ങൾക്ക് ദ്വീപുകാർ വൻകരയിലെ ആശുപത്രികളെ തന്നെയാണ് ആശ്രയിക്കുന്നത്.

1956-ലെ പട്ടികജാതി – പട്ടികവർഗ്ഗ നിയമമനുസരിച്ച് മാതാപിതാക്കൾ രണ്ടു പേരും ലക്ഷദ്വീപ് സ്വദേശികളാണെങ്കില്‍ അവരുടെ മക്കള്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടും. ഇസ്ലാം മതവിശ്വാസമാണ് ലക്ഷദ്വീപിലുള്ളവർ പിന്തുടരുന്നതെങ്കിലും ഹൈന്ദവരുടേതുപോലെ ജാതി വർഗ്ഗ വ്യത്യാസങ്ങൾ ചെറിയതോതിൽ ഇവിടെയുണ്ട്. കോയ, മാൽമീ, മേലാച്ചേരി എന്നിങ്ങനെയുള്ള ജാതിവ്യത്യാസങ്ങളുണ്ട്. ‘ജസരി’ എന്ന് വിളിക്കുന്ന മലയാളത്തിന്റെ ഒരു ഭാഷാഭേദം ആണ് സംസാരഭാഷ. മിനിക്കോയ് ദ്വീപിൽ മാത്രം ‘മഹൽ’ എന്ന ഭാഷയാണ് സംസാരിക്കുന്നത്. മഹല്‍ ഭാഷക്ക് ലിപിയുണ്ട്. മാലദ്വീപിലെ ദ്വിവേഹി ഭാഷയുമായി ഇതിന് ഏറെ സാദൃശ്യമുണ്ട്.

തൊഴിൽ
ഒരു കാലഘട്ടം വരെ പ്രധാനമായും മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്നവരായിരുന്നു ദ്വീപ് നിവാസികൾ. എന്നാൽ ഉയർന്ന സാക്ഷരത സർക്കാർ ഉദ്യോഗങ്ങൾ ലഭിക്കാൻ അവരെ പ്രാപ്തരാക്കി. ദ്വീപിലെ വിവിധ സർക്കാർ ഓഫീസുകളിലും സ്ക്കൂളുകളിലും ഇന്ന് ദ്വീപു നിവാസികൾ തന്നെയാണ് ജോലി ചെയ്യുന്നത്. വിവിധ രാജ്യങ്ങളിലേക്ക് കപ്പൽ ജീവനക്കാരായും ഇവർ പോകുന്നുണ്ട്. നാളികേരം സമൃദ്ധമായി ഉള്ളതുകൊണ്ട് നാളികേരത്തിന്റെ സംഭരണവും സംസ്കരണവും സാധാരണമാണ്. ദ്വീപിൽ സംസ്ക്കരിച്ചുണ്ടാക്കുന്ന തേങ്ങാ പൊടിക്കും ദ്വീപ് ചക്കര, ദ്വീപ് ഹൽവ, ദ്വീപ് ചൊര്‍ക്ക എന്നിവയ്ക്കും വലിയ ഡിമാൻഡ് ഉണ്ട്.

ലക്ഷദ്വീപിലെ മത്സ്യബന്ധനം കൂടുതലും ചൂര ( ട്യൂണ ) മത്സ്യത്തിന്റെ വിപണനവുമായി ബന്ധപ്പെട്ടിരിക്കുന്നു. മിനിക്കോയ് ദ്വീപാണ് ഇതിന് ഏറ്റവും പ്രശസ്തമായിട്ടുള്ളത്.

ഗതാഗതം

ലക്ഷദ്വീപിലേക്ക് ഞാന്‍ ആദ്യമായി പോയത് എം.വി. ഭാരത് സീമ എന്ന ചെറിയ കപ്പലിലായിരുന്നു. അത് 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ആഴ്ചയില്‍ ഒരിക്കല്‍ മാത്രമായിരുന്നു കപ്പല്‍ സര്‍വീസ് ഉണ്ടായിരുന്നത്.  പത്രമാസികകളും കത്തുകളുമെല്ലാം ആഴ്ചയില്‍ ഒരിക്കലാണ് കിട്ടിയിരുന്നത്. എം‌.വി. ടിപ്പു സുല്‍ത്താന്‍ എന്ന കപ്പല്‍ കൊച്ചിയില്‍ നിന്നും  എം.വി. ദ്വീപ് സേതു എന്നൊരു ചെറിയ കപ്പല്‍ ബേപ്പൂരില്‍ നിന്നും  അന്ന്  യാത്രാ സര്‍വീസ് നടത്തിയിരുന്നു.

ദ്വീപുകളില്‍ നിന്ന് രോഗികളെയും മറ്റും അത്യാവശ്യം ആയി കരയില്‍ എത്തിക്കാന്‍ ഒരു ഹെലികോപ്ടര്‍ സര്‍വീസും അഗത്തി ദ്വീപില്‍ എയര്‍പോര്‍ട്ടും ഉണ്ടായിരുന്നു. അഗത്തി എയര്‍പോര്‍ട്ട് 1988 ലാണ് പ്രവര്‍ത്തനക്ഷമമായത്. ഡോണിയര്‍ വിമാനത്തില്‍ ഒന്നേകാല്‍ മണിക്കൂര്‍ യാത്രയേ കൊച്ചിയില്‍ നിന്ന് അഗത്തിയിലേക്കുള്ളൂ.

എം.വി. കവരത്തി, എം.വി. അറേബ്യന്‍ സീ, എം.വി. ലക്ഷദ്വീപ് സീ, എം.വി. ലഗൂണ്‍, എം.വി. കോറല്‍സ്, എം.വി. അമിനിദിവി, എം.വി. മിനിക്കോയി എന്നീ കപ്പലുകളാണ് ഇപ്പോള്‍ കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് യാത്ര ചെയ്യാന്‍ ഉപയോഗിക്കുന്നത്. ദ്വീപുകള്‍ തമ്മിലുള്ള ദൂര വ്യത്യാസം 10 മുതല്‍ 200 കിലോമീറ്റര്‍ വരെയാണ്. ഇവക്കിടയിലെ യാത്രകള്‍ക്കായി സ്പീഡ് വെസ്സെല്‍സ് ഉപയോഗിക്കുന്നുണ്ട്. ദ്വീപുകളിലെ കരഗതാഗതത്തിന് മോട്ടോര്‍ വാഹനങ്ങളുടെ ആവശ്യം അധികം ഇല്ലെന്ന് തന്നെ പറയാം. ഒരു ദ്വീപിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്ത് എത്താന്‍ സൈക്കിളില്‍ അര മണിക്കൂര്‍ മതിയാകും. കാറുകള്‍ പോലെയുള്ള വലിയ വാഹനങ്ങള്‍ കുറവാണെങ്കിലും ഇന്നിപ്പോള്‍ ദ്വീപ് നിവാസികള്‍ ബൈക്ക്, സ്കൂട്ടര്‍ പോലെയുള്ള ഇരുചക്ര വാഹനങ്ങള്‍ ധാരാളം ഉപയോഗിക്കുന്നുണ്ട്. പക്ഷേ വന്‍കരയിലേതു പോലെ അന്തരീക്ഷ മലിനീകരണം വലിയ തോതിലില്ല. ദ്വീപിലെ സൊസൈറ്റികളില്‍ നിന്നുമാണ് പെട്രോള്‍ വിതരണം  ചെയ്യുന്നത്. മിനിക്കോയിയിലും കവരത്തിയിലും പെട്രോള്‍ പമ്പ് നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുമുണ്ട്.

ടൂറിസം
ലക്ഷദ്വീപുമായി ബന്ധപ്പെട്ട് ഇന്ന് ഏറ്റവും വിവാദമായി തീർന്നിരിക്കുന്നത് ടൂറിസം വികസനമാണ്. ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർമാരായി വന്നവരും ദ്വീപ് നിവാസികളും ദ്വീപിൻറെ സംരക്ഷണത്തിൽ ബദ്ധശ്രദ്ധരായിരുന്നു. അതുകൊണ്ടുതന്നെ ഗുണാത്മക ടൂറിസത്തിനാണ് അവർ പ്രാധാന്യം കൊടുത്തത്. ദ്വീപിലെ ടൂറിസ്റ്റ് സീസൺ ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ്. പ്രത്യേക അനുവാദത്തോടെ മാത്രമേ ദ്വീപിലേക്ക് വരാൻ പാടുള്ളൂ എന്നതിനാൽ വലിയതോതിലുള്ള ടൂറിസ്റ്റുകൾ ഇവിടെ എത്താറില്ല. കവരത്തി, കടമത്ത്, ബംഗാരം എന്നിവിടങ്ങളിൽ ടൂറിസ്റ്റുകൾക്ക് കൂടുതൽ സൗകര്യം ഒരുക്കിയിരിക്കുന്നു. എന്നാൽ വലിയ പഞ്ചനക്ഷത്ര സൗകര്യങ്ങളും ഗതാഗത സൗകര്യങ്ങളും ദ്വീപിൽ ഒരുക്കുക അസാധ്യമാണ്. കോൺക്രീറ്റ് റോഡുകളാണ് ഉള്ളത്. വിദ്യുച്ഛക്തി ഉൽപ്പാദനത്തിനായി ഡീസൽ ജനറേറ്റർ പവർ പ്ലാന്റുകൾ ആൾപാര്‍പ്പുള്ള എല്ലാ ദ്വീപുകളിലുമുണ്ട്. കടമത്ത് പോലെയുള്ള ദ്വീപുകൾ വീതി കുറഞ്ഞതും നീളം കൂടിയതുമാണ്. അവിടെ റോഡിൻറെ വീതി കൂട്ടിയാൽ ജനങ്ങൾക്ക് താമസിക്കാൻ ഇടം ഇല്ലാതാകുകയും ചെയ്യും.

സമുദ്ര നിരപ്പുയരൽ
കനത്ത പാരിസ്ഥിതിക ആഘാതങ്ങൾ ആണ് പവിഴദ്വീപ് സമൂഹത്തെ കാത്തിരിക്കുന്നത്. തെക്കു പടിഞ്ഞാറ് തീരപ്രദേശങ്ങളിലെ സമുദ്രനിരപ്പ് ഹരിതഗൃഹപ്രഭാവം മൂലം 4 മീറ്റർ വരെ ഉയരുമെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യതയും തള്ളിക്കളയാനാവില്ല. കിൽത്താൻ, കവരത്തി, കടമത്ത്, കൽപ്പേനി – ചെറിയം, അഗത്തി – ബംഗാരം എന്നീ ദ്വീപുകളുടെ ഭൗമിക പരിതസ്ഥിതിയിൽ സമുദ്രനിരപ്പ് 1 മീറ്റർ വരെ ഉയർന്നാൽ 18% മുതൽ 21% വരെ ഭൂമിനഷ്ടം ഇവക്കുണ്ടാകും എന്ന് കണക്കാക്കപ്പെട്ടിരുന്നു.

40 വർഷത്തിലേറെയായി ഇന്ത്യൻ മഹാസമുദ്രത്തിലെ തീരദേശ വേലിയേറ്റ സൂചികകൾ പ്രകാരം സമുദ്രനിരപ്പിൽ നിന്നുള്ള ഉയർച്ച പ്രതിവർഷം 1.06 – 1.75 മില്ലിമീറ്റർ ആയിരുന്നു.

2100 ഓടെ ആഗോള സമുദ്രനിരപ്പ് 40 സെൻറീമീറ്റർ എങ്കിലും ഉയരുമെന്ന് ഐപിസിസി റിപ്പോർട്ട് (2007) പ്രവചിക്കുന്നു. അതോടെ ‘സമുദ്രത്തിലെ മഴക്കാടുകൾ’ എന്ന് വിളിക്കപ്പെടുന്ന 88% പവിഴപ്പുറ്റുകളും തീരപ്രദേശത്തിൻറെ ഒരു സിംഹഭാഗവും നഷ്ടപ്പെട്ടേക്കാം. 1961 മുതൽ 2003 വരെ 1.88 മില്ലിമീറ്റർ വീതം സമുദ്രനിരപ്പ് ശരാശരി ഉയർന്നിട്ടുണ്ട്. ഇത് 1993 മുതൽ 2003 വരെ 3.1 മില്ലിമീറ്റർ വീതമാണ്.

ചുഴലിക്കാറ്റുകളും സമുദ്രത്തിൻറെ ഊഷ്മാവ് ഉയരുന്നതും കൊടുങ്കാറ്റും താഴ്ന്ന പ്രദേശങ്ങളിൽ വലിയതോതിൽ വെള്ളപ്പൊക്കം ഉണ്ടാക്കും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പകുതിയോടെ സമുദ്രനിരപ്പ് ശരാശരി ഇന്ത്യയുടെ തീരത്ത് 15-38 സെൻറീമീറ്റർ വരെ ഉയരുമെന്ന് കണക്കാക്കുന്നു.

കാലാവസ്ഥാവ്യതിയാനവും സമുദ്രനിരപ്പിന് ഉയർച്ചയും പവിഴദ്വീപ് സമൂഹങ്ങളെ ആണ് ഏറ്റവും കൂടുതൽ അപകടത്തിൽ ആക്കിയിട്ടുള്ളത്. കിരിബാത്തി, തുവാലു, മാലദ്വീപ് എന്നിവ ഇന്ന് വൻ പ്രത്യാഘാതങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്.

ചുഴലിക്കാറ്റുകൾ
കൊടുങ്കാറ്റുകളും ചുഴലിക്കാറ്റുകളും ദ്വീപുകൾക്ക് എന്നും ഭീഷണിയാണ്. വൻ വർഷപാതം പല ദ്വീപുകളും ജനവാസകേന്ദ്രം അല്ലാതാക്കാറുണ്ട്. 1847, 1891, 1922, 1963, 1977, 2004, 2017 എന്നീ വർഷങ്ങളിൽ ചുഴലിക്കാറ്റുകളും കൊടുങ്കാറ്റുകളും ദ്വീപിനെ ആക്രമിച്ചിട്ടുണ്ട്. മിതമായ രീതിയിൽ ഭൂകമ്പ സാധ്യതയുള്ള പ്രദേശമാണ് ലക്ഷദ്വീപ്. ഭൂകമ്പ സാധ്യതാ വിഭാഗത്തിൽ സോൺ III യിലാണ് ഈ പ്രദേശത്തെ ഉൾപ്പെടുത്തിയിരിക്കുന്നത് (Atlas 1997).

2017 ഡിസംബറിലുണ്ടായ ഓഖി ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം ആണ് ലക്ഷദ്വീപില്‍ ഉണ്ടായത്. കല്‍പേനി, മിനിക്കോയ് എന്നിവിടങ്ങളില്‍ വൈദ്യുതവിതരണ സംവിധാനങ്ങള്‍ തകരുകയും ബോട്ട് ജെട്ടിയില്‍ വെള്ളം കയറുകയുമുണ്ടായി. കല്‍പേനി, കടമത്ത് എന്നിവിടങ്ങളില്‍ ഹെലിപ്പാഡ് വെള്ളത്തിനടിയിലായി. കവരത്തിയിലെ വടക്കന്‍ പ്രദേശങ്ങളും വെള്ളത്തിനടിയിലായി.

മണ്ണൊലിപ്പ്
തീരദേശത്തെ മണ്ണൊലിപ്പ് ലക്ഷദ്വീപ് നേരിടുന്ന ഗുരുതര പ്രശ്നമാണ്. 35 – 40 വർഷങ്ങൾക്കിടയിൽ ഇവിടെ വലിയ തോതിലുള്ള മണ്ണൊലിപ്പ് ആണ് അനുഭവപ്പെട്ടത്. ഇത് ഏകദേശം 28 മുതൽ 44 മീറ്റർ വരെയാണ്. 32 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ശരാശരി സമുദ്രനിരപ്പിൽ നിന്നും ആറ് മീറ്റർ താഴെയുമായി സ്ഥിതിചെയ്യുന്ന ലക്ഷദ്വീപുകളെ സംബന്ധിച്ചിടത്തോളം ഓരോ ഇഞ്ചും നഷ്ടപ്പെടുക ഭയാനകമാണ്. തിരമാലകളുടെ പ്രകൃതം കൊണ്ടും പവിഴപ്പുറ്റുകളുടെ നാശം കൊണ്ടും മണ്ണൊലിപ്പ് ഉണ്ടാകാം. അതിവേഗ കാറ്റുകളും തിരമാലകളും തീരപ്രദേശത്തെ മണ്ണൊലിപ്പിന് ആക്കം കൂട്ടുന്നു. കൂടാതെ തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ കടൽമണ്ണൊലിപ്പ് ഉണ്ടാകുകയും താഴ്ന്നു കിടക്കുന്ന തീരപ്രദേശങ്ങൾ ഒലിച്ചു പോവുകയും ചെയ്യാറുണ്ട്. തിരുവനന്തപുരത്തെ സെൻറർ ഓഫ് എർത്ത് സയൻസ് സ്റ്റഡീസ് (CESS) ലക്ഷദ്വീപുകളിലെ മണ്ണൊലിപ്പിനെ പറ്റി 1990 – 93 കാലഘട്ടത്തിൽ പഠനം നടത്തുകയുണ്ടായി. കടമത്ത്, ചെത്ത്ലത്ത്, കിൽത്തൻ എന്നിവയിലും ഏറ്റവും ചെറിയ ജനവാസ കേന്ദ്രമായ ബിത്ര ദ്വീപിലും ഉയർന്നതോതിലുള്ള മണ്ണൊലിപ്പ് ദൃശ്യമായിരുന്നു.

നിര്‍ദ്ദേശങ്ങള്‍
ലക്ഷദ്വീപിന് വേണ്ടി 2006 ല്‍ ഒരു Environment Impact Assessment (EIA)  നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പവിഴങ്ങളുടെ സംരക്ഷണത്തിന് ദ്വീപിലെ ശുദ്ധമായ അന്തരീക്ഷം നിലനിര്‍ത്തണമെന്ന് ഇതില്‍ ആവശ്യപ്പെടുന്നു.

കോറല്‍ ബ്ലീച്ചിങ് അഥവാ പവിഴങ്ങളുടെ നിറം നഷ്ടപ്പെടല്‍ എന്നത് വലിയ തോതില്‍ ഇവിടെ സംഭവിച്ചിട്ടുണ്ട്. ഇത് അന്തരീക്ഷത്തിലെ മര്‍ദ്ദവ്യത്യാസങ്ങള്‍ മൂലവും ആഗോളതാപനം മൂലവും സംഭവിക്കുന്നതാണെന്ന് CUSAT നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

2014 ജൂലായ് മാസത്തില്‍ സുപ്രീം കോടതി നിയമിച്ച ജസ്റ്റിസ് ആര്‍.വി. രവീന്ദ്രന്‍ കമ്മിറ്റി നിര്‍ദേശിച്ച പ്രധാന നിര്‍ദ്ദേശങ്ങളില്‍ 1) ദ്വീപുകളുടെ തീരത്ത് എച്ച്‌ടി‌എല്ലില്‍ (High Tide Line) നിന്ന് 20 മീറ്റര്‍ ഏകീകൃത മേഖലയായിരിക്കും. ഇത് നോ ഡെവലപ്മെന്‍റ് സോണ്‍ (NDZ) ആയിരിക്കണം. മറ്റൊരു നിര്‍ദേശം 2) ഐ‌ഐ‌എം‌പിയില്‍ (Integrated Island Management Plan) വിഭാവന ചെയ്തിട്ടുള്ള എല്ലാ സംഭവവികാസങ്ങളും തെരഞ്ഞെടുക്കപ്പെട്ട പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുമായി കൂടിയാലോചിച്ച് നടപ്പിലാക്കണം എന്നിവയാണെന്ന് ശ്രദ്ധിക്കുക.

നീതി ആയോഗ് : വികസന പദ്ധതികള്‍ ?
ലക്ഷദ്വീപില്‍ നടപ്പാക്കാന്‍ പോകുന്ന വാട്ടര്‍ വില്ലകളെ കുറിച്ച് നീതി ആയോഗ് അഡ്വൈസറായ ജിതേന്ദ്ര കുമാര്‍ 2018 ഒക്ടോബറില്‍ കൊടുത്ത ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട് (Report of Yukthika Bhargawa – The Hindu, Oct 03/2018). ആന്‍ഡമാന്‍ – നിക്കോബാര്‍ ദ്വീപികളിലും ലക്ഷദ്വീപിലുമായി 700 മുറികളുള്ള ഇക്കോ – കോട്ടേജുകളാണ് (Water Villa) പ്ലാന്‍ ചെയ്തിരിക്കുന്നത്.

2020 ജനുവരി മാസത്തില്‍ 30 യൂണിവേഴ്സിറ്റികളിലേയും വിവിധ ഗവേഷണ സ്ഥാപനങ്ങളിലേയും 114 ശാസ്ത്രജ്ഞന്‍മാര്‍ ലക്ഷദ്വീപില്‍ നിര്‍മ്മിക്കാന്‍ പോകുന്ന ലഗൂണ്‍ വില്ലകളുടെ വന്‍പദ്ധതി പുനഃപരിശോധിക്കണമെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് പരാതി നല്‍കിയിരുന്നു (Report of Aathira Perinchery – The Hindu, Mar 14/2020).  266 കോടി രൂപ മുതല്‍ മുടക്കി 370 റൂമുകളുള്ള ബീച്ച് വാട്ടര്‍ വില്ലകളുടെ നിര്‍മ്മാണത്തിനാണ് ലക്ഷദ്വീപില്‍ പദ്ധതിയിടുന്നത്. എന്നാലിത് ദ്വീപിനെ സംരക്ഷിക്കുന്ന പവിഴങ്ങളുടേയും ലഗൂണുകളുടെയും നാശത്തിന് വഴിയൊരുക്കുമെന്ന് ശാസ്ത്രജ്ഞന്‍മാര്‍ പരാതിപ്പെടുന്നു.

DRAFT LDAR 2021 – വിവാദ വ്യവസ്ഥകള്‍
ലക്ഷദ്വീപിന്റെ പുതിയ അഡ്മിനിസ്ട്രേറ്റര്‍ ശ്രീ. പ്രഫുല്‍ ഖോഡ പട്ടേല്‍ മുന്നോട്ടുവെച്ച LDAR 2021 Draft പ്രകാരം വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി നീക്കിവെക്കാന്‍ അഡ്മിനിസ്ട്രേഷനെ അധികാരപ്പെടുത്തുന്ന കര്‍ക്കശമായ വ്യവസ്ഥകളുണ്ട്. അത് ഏകപക്ഷീയമായി അഡ്മിനിസ്ട്രേറ്റര്‍ക്ക് അധികാരം നല്‍കുന്ന ഒന്നായിരിക്കും.

ഇതിലെ സെക്ഷന്‍ 32, 33 എന്നിവ അനുസരിച്ച് നിയുക്തമാക്കിയിരിക്കുന്ന സ്വന്തം ഭൂമിയില്‍ എന്തെങ്കിലും മാറ്റം, നിര്‍മാണം, വികസനം എന്നിവയ്ക്ക് തദ്ദേശീയര്‍ക്ക് ആസൂത്രണ വികസന അതോറിറ്റിയുടെ അനുമതി തേടേണ്ടതുണ്ട്.

സെക്ഷന്‍ 92, 93 പ്രകാരം തദ്ദേശീയരില്‍ നിന്ന് വികസന ചാര്‍ജ് ഈടാക്കാം എന്നതാണ്.

(അതായത്, സ്വന്തം വീട്ടില്‍ പുതിയതായി ഒരു മുറിയെടുക്കുന്നതിന് പണമടച്ച് അനുവാദം വാങ്ങേണ്ടി വരും എന്നത് കൂടാതെ അനുവാദം നിരസിക്കാനുമിടയുണ്ട്.)

സെക്ഷന്‍ 119, 130 പ്രകാരം വികസന പദ്ധതികള്‍ നടത്തുന്ന ജോലിക്കാര്‍ക്കോ, തൊഴിലാളികള്‍ക്കോ തടസ്സം സൃഷ്ടിച്ചാല്‍, ജയില്‍വാസം പോലുള്ള കടുത്ത ശിക്ഷ ചുമത്താനുള്ള അധികാരം നല്‍കുന്നു.

സെക്ഷന്‍ 130 ഈ മേഖലയിലെ മറ്റെല്ലാ നിയമങ്ങളേക്കാള്‍ LDAR 2021 ന് പ്രാധാന്യം നല്‍കുന്നു.

പട്ടികവര്‍ഗ ഭൂസംരക്ഷണനിയമപ്രകാരം കടുത്ത അനീതിയാണ് പുതിയ LDAR 2021 പ്രകാരം ലക്ഷദ്വീപ് നിവാസികള്‍ നേരിടേണ്ടി വരിക.

പട്ടികജാതി – പട്ടികവര്‍ഗ വിഭാഗങ്ങളുടെ പ്രിവന്‍ഷന്‍ ഓഫ് അട്റോസിറ്റി ആക്ട് 1989 അധ്യായം II ലെ നിയമങ്ങള്‍ നോക്കുക.

IV അനുച്ഛേദ പ്രകാരം ഒരു പട്ടികജാതി, പട്ടികവര്‍ഗത്തിലെ ഒരു അംഗത്തെ അയാളുടെ ഭൂമിയില്‍ നിന്നോ പരിസരത്ത് നിന്നോ തെറ്റായി പുറത്താക്കുന്നു അല്ലെങ്കില്‍ ഏതെങ്കിലും ഭൂമി, പരിസരം, വെള്ളം എന്നിവയില്‍ അവന്റെ അവകാശങ്ങള്‍ ആസ്വദിക്കുന്നതില്‍ ഇടപെടുന്നു.

VIII ഒരു പട്ടികജാതി അല്ലെങ്കില്‍ പട്ടികവര്‍ഗത്തിലെ ഒരു അംഗത്തിനെതിരെ തെറ്റായ, ക്ഷുദ്രകരമായ അല്ലെങ്കില്‍ വിഷമകരമായ സ്യൂട്ട് അല്ലെങ്കില്‍ ക്രിമിനല്‍ അല്ലെങ്കില്‍ മറ്റ് നിയമ നടപടികള്‍ ഏര്‍പ്പെടുത്തുന്നു.

ഇത്തരം നടപടികള്‍ ശിക്ഷാര്‍ഹമായാണ് കരുതിപ്പോരുന്നത്. കടലിലെ പ്രതികൂല കാലാവസ്ഥകളോട് പൊരുതി ഒറ്റപ്പെട്ട ജീവിതം നയിക്കുകയും പരിമിതമായ ജീവിത സൌകര്യങ്ങളില്‍ തൃപ്തി അടയുകയും വലിയ പ്രക്ഷോഭങ്ങള്‍ക്കൊന്നും മുതിരുകയും ചെയ്യാത്ത ഗോത്ര വര്‍ഗ വിഭാഗക്കാരാണ് ലക്ഷദ്വീപുകാര്‍. അവരുടെ വ്യതിരിക്തത നാം കാത്തു സൂക്ഷിച്ചേ മതിയാകൂ. ഇന്ത്യയിലെ ഏക പവിഴദ്വീപ് സമൂഹത്തെ നശിപ്പിക്കാതെ നിലനിര്‍ത്തിപ്പോരുന്നത് അവരാണെന്ന് ഓര്‍ക്കണം.

അമേരിക്കന്‍ നാഗരികരുടെ ക്രൂരതയ്ക്ക് ഇരയായ സിയാറ്റില്‍ മൂപ്പന്‍ 1855 ല്‍ ജോര്‍ജ് വാഷിങ്ടനോട് ചോദിച്ച ചോദ്യം തന്നെയാണ് ഇവിടെയും ചോദിക്കാനുള്ളത്.

“ഞങ്ങളുടെ ഈ വിലപ്പെട്ട ഭൂമിക്ക് നിങ്ങള്‍ക്കെങ്ങനെ വിലയിടാനാവും?”

————————————————————————————-(ലക്ഷദ്വീപിലെ ജവാഹർലാൽ നെഹ്‌റു കോളജിൽ അധ്യാപികയായിരുന്നു ലേഖിക)

Read more