അറബിക്കടൽ തുടർച്ചയായ ചുഴലിക്കാറ്റുകളുടെ പ്രഭവകേന്ദ്രമായി മാറുമ്പോഴും എന്തുകൊണ്ട് കാലാവസ്ഥാ വ്യതിയാനത്തിന് കേരളത്തിൽ ഒരു വകുപ്പും മന്ത്രിയുമില്ല?

കെ. എ ഷാജി

ടൗട്ടെ ചുഴലിക്കാറ്റ് കേരള തീരം വിട്ട് ദിവസങ്ങൾക്കകമാണ് സംസ്ഥാനത്ത് പിണറായി വിജയൻ നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ വർദ്ധിതമായ ജനവിശ്വാസത്തോട് കൂടി അധികാരമേറ്റിരിക്കുന്നത്. ഭരണ നിർവഹണത്തിലെ മുൻഗണനകളും പരിഗണനകളും തീവ്രദാരിദ്രം അടക്കം നേരിടാനുള്ള പദ്ധതികളും മുഖ്യമന്ത്രിയും സഹമന്ത്രിമാരും പ്രഖ്യാപിക്കുന്നുണ്ട്. പകർച്ചവ്യാധികളുടെ കാലത്ത് സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്ന പുതിയ ദൗത്യങ്ങൾ അടിസ്ഥാന വർഗത്തിന് ഒരുപാട് ഗുണകരമാകുമെന്നു തന്നെയാണ് വിശ്വാസം.

മഹാമാരിയും ദാരിദ്രവും കടക്കെണിയും പോലുള്ള ഭീഷണികൾ പോലെ തന്നെ കേരളം നേരിടുന്ന വെല്ലുവിളികളിൽ വളരെ പ്രധാനപ്പെട്ടതാണ് കാലാവസ്ഥാ മാറ്റവും അതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രതിസന്ധികളും. കേരളത്തിലെ സവിശേഷമായ മനുഷ്യനിർമ്മിതമായ കാരണങ്ങൾ കൂടി ചേരുമ്പോൾ കാലാവസ്ഥാ വ്യതിയാനം കൊണ്ടുള്ള പരിസ്ഥിതി ദുരന്തങ്ങളുടെ തീവ്രത പലമടങ്ങ് വർദ്ധിക്കുകയാണ്. ടൗട്ടെ പോയിട്ടും കേരളത്തിന്റെ കടലോരം അശാന്തമാണ്‌. തെക്കുമുതൽ വടക്കു വരെ കടൽ കയറുന്നു. ചെല്ലാനങ്ങൾ ആവർത്തിക്കുന്നു. പശ്ചിമഘട്ടത്തിലെ കല്ലുകൾ പൊട്ടിച്ചു കൊണ്ടുവന്നിട്ട കടൽഭിത്തികൾ പോലും മിക്കസ്ഥലത്തും ചുഴലിക്കാറ്റിൽ ഒഴുകിപ്പോയിരിക്കുകയാണ്. ഫലത്തിൽ പാറ പൊട്ടിക്കുന്ന പശ്ചിമഘട്ടം ഉരുള്‍പൊട്ടലുകളാലും പാറ കൊണ്ടുവന്നിടുന്ന കടലോരം ചുഴലിക്കാറ്റുകളാലും ശക്തമായ കടലാക്രമണത്താലും നശിക്കുന്നു. കടലും തീരവും പുഴയും കായലും മണ്ണും കാടും മലകളും മാത്രമല്ല കർഷകരും ആദിവാസികളും വരെ കാലാവസ്ഥാ മാറ്റത്തിന്റെ രക്തസാക്ഷികളായി മാറുകയാണ് കേരളത്തിൽ. എന്നിട്ടും കാലാവസ്ഥാ മാറ്റവും പാരിസ്ഥിതിക ദുരന്തങ്ങളും ഇനിയും നമ്മുടെ മുന്തിയ പരിഗണനാ വിഷയങ്ങൾ ആയിട്ടില്ല.

മന്ത്രിമാരെ നിശ്ചയിച്ചപ്പോൾ മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐ വിട്ടു കൊടുത്ത ഏക വകുപ്പ് വനമാണ്. അതും ബിനോയ് വിശ്വത്തെപ്പോലെ എക്കാലത്തെയും മികച്ച വനം മന്ത്രിയെ സംഭാവന ചെയ്യുകയും പി പ്രസാദിനെ പോലുള്ള ഹരിത രാഷ്ട്രീയമറിയുന്ന നേതാക്കൾ ഉള്ളതുമായ ഒരു പാർട്ടി. മുന്നണിയെ നയിക്കുന്ന സിപിഎം ആകട്ടെ ആ വകുപ്പ് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിക്ക് കൈമാറി. പഴയ മന്ത്രിസഭയിൽ പൊതുഗതാഗതവും കെഎസ്ആർടിസിയും കൈകാര്യം ചെയ്ത അതേ ലാഘവത്തോടും ദീര്ഘവീക്ഷണമില്ലായ്മയോടും കൂടിയാണ് മറ്റാർക്കും വേണ്ടാത്ത വനം വകുപ്പ് എ കെ ശശീന്ദ്രൻ കൈകാര്യം ചെയ്യുന്നതെങ്കിൽ കേരളം കൊടുക്കുന്ന വില വലുതായിരിക്കും.

വനം ശശീന്ദ്രന് വിട്ടു കൊടുത്തപ്പോൾ പോലും പരിസ്ഥിതി വകുപ്പ് മുഖ്യമന്ത്രി കൈവശം വച്ചിരിക്കുന്നു എന്നതാണ് മറ്റൊരു ശ്രദ്ധയർഹിക്കുന്ന കാര്യം. പാരിസ്ഥിതികവും സാമൂഹികവും അതിജീവനപരവുമായ ആശങ്കകളെ പോലും അവഗണിച്ചുള്ള ചില വൻകിട അടിസ്ഥാന സൗകര്യ-പശ്ചാത്തല സൗകര്യ വികസന പദ്ധതികൾ മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും അവ നടപ്പാക്കാൻ മുന്തിയ പരിഗണന നൽകുകയും ചെയ്യുന്ന സാഹചര്യമാണ്. ആ പശ്ചാത്തലത്തിൽ അതിവേഗ റെയിൽപാത, വയനാട്ടിലേക്കുള്ള തുരങ്കപാത, തീരദേശ ഹൈവേ, മലയോര ഹൈവേ, എങ്ങുമെത്താത്ത വിഴിഞ്ഞം തുറമുഖം എന്നിവയുടെ എല്ലാം പാരിസ്ഥിതികമായ തടസ്സങ്ങളെ എടുത്തു മാറ്റുന്നതിൽ പരിസ്ഥിതി വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത് ചെയ്യുന്ന സാഹചര്യം എളുപ്പമുണ്ടാക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. എന്തുകൊണ്ട് വനവും പരിസ്ഥിതിയും മുഖ്യമന്ത്രിയോ അല്ലെങ്കിൽ ഏതെങ്കിലും ഒരു മന്ത്രിയോ ഒരുമിച്ചു കൈകാര്യം ചെയ്യുന്നില്ല എന്നതാണ് ഇവിടെ കാതലായ ചോദ്യം. കേന്ദ്രത്തിലും പല സംസ്ഥാനങ്ങളിലും വനവും പരിസ്ഥിതിയും മാത്രമല്ല കാലാവസ്ഥാ വ്യതിയാനവും ഒരുമിച്ചുള്ള മൂന്നു വകുപ്പുകളായി ഒറ്റ മന്ത്രിയാണ് കൈകാര്യം ചെയ്യുന്നത്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭയാനകത അനുഭവിക്കുമ്പോഴും കേരളത്തിൽ കാലാവസ്ഥാ വ്യതിയാനത്തിന് ഒരു വകുപ്പില്ല. അങ്ങനെ ഒരു വകുപ്പ് കൂടി ഉടൻ രൂപപ്പെടേണ്ടതുണ്ട്. അതും വനവും പരിസ്ഥിതിയും പ്രസാദിനെപ്പോലെ വിഷയത്തിൽ അറിവും നിലപാടും ഉള്ള ആരെങ്കിലും കൈകാര്യം ചെയ്യേണ്ടതുണ്ട്. കേരളത്തിന്റെ വരുന്ന അഞ്ചു വര്ഷങ്ങളിലെ ഏറ്റവും വലിയ മുന്ഗണനകളിൽ ഒന്ന് ഇത് തന്നെയാണ്.  ഒരു വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രിയാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ കൂടി അതിനു കീഴിൽ കൊണ്ടുവരണം. പശ്ചിമ ഘട്ടത്തിനും തീരാ ദേശത്തിനും വേണ്ടി അടിയന്തരമായി കൺസർവേഷൻ-സന്തുലിത വികസന അതോറിറ്റികൾ ഉണ്ടാകണം.

പോയ അഞ്ചു വർഷങ്ങളിൽ കേരളം കൂട്ടായി നേരിട്ടത് ഒന്നിന് പിന്നാലെ ഒന്നായി നിരവധി പാരിസ്ഥിതിക ദുരന്തങ്ങളെയാണ്. അവിടെയെല്ലാം നമ്മൾ മുൻഗണന കൊടുത്തത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാണ്. ഇനിയുള്ള വർഷങ്ങളിൽ ശ്രദ്ധ കൊടുക്കേണ്ടത് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും ദുരന്തങ്ങൾ ഒഴിവാക്കാനുള്ള പ്രവർത്തനങ്ങൾക്കുമാണ്. കേവലം റെവന്യൂ വകുപ്പ് നടത്തുന്ന നഷ്ട പരിഹാര വിതരണവും സൗജന്യ റേഷനും കിറ്റുകളും കൊണ്ട് അത്തരം വെല്ലുവിളികളെ പ്രതിരോധിക്കാനാകില്ല. കാലാവസ്ഥാ പ്രതിസന്ധിയെ ആഴത്തിൽ പഠിക്കാനും അതിജീവന മാര്ഗങ്ങൾ കണ്ടെത്താനും പ്രതിസന്ധിയെ അതിജീവിക്കുന്ന തൊഴിൽ-കൃഷി-ഉപജീവന മാർഗങ്ങൾ വികസിപ്പിച്ചെടുക്കാനും മുൻഗണന വേണം. ആസൂത്രണ ബോർഡും ആയിരത്തി ഇരുന്നോറോളമുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന വകുപ്പുമായി ഒന്നിച്ചു ചേർന്ന് പ്രവർത്തിക്കണം.വലിയ തുറമുഖങ്ങളും, അണക്കെട്ടുകളും, അതിവേഗ പാതകളും ഒക്കെ ഇത്തരം ആശങ്കകൾ പൂർണ്ണമായി പരിഹരിച്ചു മാത്രമേ നടപ്പിലാക്കാവൂ.

അറബിക്കടലിലെ ചുഴലിക്കാറ്റുകളെ എടുക്കുക. തീരദേശ നിയമം ലംഘിച്ചുകൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ, തുറമുഖങ്ങൾ, പുലിമുട്ടുകൾ, അശാസ്ത്രീയമായ കടൽ ഭിത്തികൾ, മണലെടുപ്പ്, നദികളുടെ ഗതി തിരിക്കൽ, ചെമീൻ കൃഷി എന്നിവയെല്ലാം ചുഴലിക്കാറ്റുകൾ സൃഷ്ടിക്കുന്ന വലിയ പ്രഹര ശേഷിയുള്ള കടലാക്രമണങ്ങൾക്ക് തീവ്രത കൂട്ടി നൽകുകയാണ്‌. കേരളത്തിൽ അങ്ങോളമിങ്ങോളം കടലോര തണ്ണീർത്തടങ്ങളുടെ നാശം വിദഗ്ദർ എടുത്തു പറയുന്നു. അത് കൊണ്ട് തന്നെ കടൽ പലയിടത്തും കരയെ വിഴുങ്ങുന്നു.

കാലാവസ്ഥാ വിദഗ്ദർ പറയുന്നത് അറബിക്കടലിൽ പണ്ട് ചുഴലികൾ ഉണ്ടാകാറില്ലായിരുന്നു എന്നാണ്. ഏതാണ്ട് ഒരു ദശകമായിട്ടേയുള്ളു അറബിക്കടലിൽ ചോദ് വർധിക്കാനും അതുപ്രകാരം ചുഴലികൾ ഉണ്ടാകാനും തുടങ്ങിയിട്ട്. വരുന്ന മഴക്കാലത്ത് നിരവധിയായ ചുഴലികൾ വിദഗ്ദർ കേരളം തീരത്തിൽ പ്രവചിക്കുന്നുമുണ്ട്. ചുഴലികളുടെ കാര്യത്തിൽ മുൻ‌കൂർ തയ്യാറെടുപ്പുകൾ ആണ് ഏറ്റവും വേണ്ടത്.

കഴിഞ്ഞ കുറേ വർഷങ്ങളായി കേരളം നേരിട്ടുകൊണ്ടിരിക്കുന്ന പാരിസ്ഥിതികവും കാലാവസ്ഥാ വ്യതിയാനപരവുമായ  വെല്ലുവിളികളെ അതിജീവിക്കുന്നതിൽ ജനാഭിപ്രായം സ്വരൂപിക്കുകയും വിടാഗോദപദേശം തേടി വിവേകത്തോടെ പ്രവർത്തിക്കുകയുമാണ് സർക്കാർ ചെയ്യേണ്ടത്. അങ്ങനെ മാത്രമേ  സുസ്ഥിര വികസനം സാധ്യമാകുകയുള്ളു.  സംസ്ഥാനത്തിന് സമഗ്രമായ ഒരു ഭൂവിനിയിയോഗ നയം തന്നെ രൂപീകരിക്കുവാനുള്ള ധീരത സർക്കാർ കാണിക്കേണ്ടതുണ്ട്.

അടിസ്ഥാന സൗകര്യ വികസനത്തിലും ക്ഷേമ പദ്ധതികളിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ തന്നെ പരിസ്ഥിതിയും കാലാവസ്ഥയും സംരക്ഷിച്ചിട്ടില്ലെങ്കിൽ കേരളം നേരിടാൻ പോകുന്ന തകർച്ച സാമൂഹികമായും സാമ്പത്തീകമായും അതിജീവനപരമായും കാർഷീകമായും ഭക്ഷ്യസുരക്ഷാപരമായും അങ്ങേയറ്റം കടുത്തതായിരിക്കും. ലോകത്തിന്റെ ഇതര ഭാഗങ്ങൾ ഹരിത വികസന തന്ത്രങ്ങളിലേക്കും ഹരിത രാഷ്ട്രീയത്തിലേക്കും തങ്ങളുടെ മുൻഗണനകൾ മാറ്റുന്ന വർത്തമാനകാല ചുറ്റുപാടുകളിൽ കേരളം ഈ വിഷയങ്ങളിൽ മുന്തിയ പരിഗണനയാണ് നൽകേണ്ടത്. തെരഞ്ഞെടുപ്പ് പ്രചാരണ കാലഘട്ടത്തിൽ മൂന്ന്രി പ്രധാന മുന്നണികൾക്കും പരിസ്ഥിതിയും അതിജീവനവും  മുഖ്യ ചർച്ചാവിഷയങ്ങളായിരുന്നില്ല. കാലാവസ്ഥാ വ്യതിയാനവും വാർഷിക പ്രളയങ്ങളും കോവിഡ് ഉണ്ടാക്കിയ അസാധാരണമായ സാഹചര്യവും  ഒന്നും ഇവിടെ കാര്യമായി ചർച്ച ചെയ്യപ്പെട്ടില്ല.  കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വ്യക്തമായ ഒരു നിശബ്ദത രാഷ്ട്രീയപാർട്ടികൾക്കും മുന്നണികൾക്കും ഇടയിൽ ഇന്ന് അതിശക്തമായി തന്നെ നിലനിൽക്കുന്നുണ്ട്. പശ്ചിമഘട്ടം, വനങ്ങൾ, ആവാസവ്യവസ്ഥ, നദികൾ, തണ്ണീർത്തടങ്ങൾ, കുന്നുകൾ, പർവതങ്ങൾ എന്നിവയുടെ സുരക്ഷയിലേക്കുള്ള കടന്നുകയറ്റങ്ങൾ പൂർണ്ണമായി ഇല്ലാതാക്കപ്പെടുന്ന ഹരിത രാഷ്ട്രീയത്തിലേക്ക് കേരളം മാറിയേ പറ്റൂ. അതിനായുള്ള ധീരത പുതിയ സർക്കാർ കാട്ടേണ്ടതുണ്ട്.

പശ്ചിമഘട്ട മേഖലയിലെ ഖനനം ഉത്തരവാദിത്വപൂർവ്വമാക്കുകയെന്നത് അതിപ്രധാനമാണ്. പരിസ്ഥിതി സംരക്ഷണവും കാലാവസ്ഥാ വ്യതിയാന അതിജീവനവും സർക്കാരിന്റെ മുൻഗണനാ വിഷയങ്ങളായി മാറ്റുന്നതിൽ   രാഷ്ട്രീയ പ്രവർത്തകർ, പരിസ്ഥിതി പ്രവർത്തകർ, കാലാവസ്ഥാ വിദഗ്ധർ, പൊതുജനങ്ങൾ എന്നിങ്ങനെ എല്ലാവരുടെയും വലിയ തോതിലുള്ള കൂട്ടായ ഇടപെടലുകളും ഉണ്ടാകേണ്ടതുണ്ട്. കാലങ്ങളായി ചെയ്തു കൊണ്ടിരിക്കുന്ന ചില വികസന – സംരഷണ പദ്ധതികൾ ( തീരത്ത് ഉടനീളം കല്ലിടുന്ന രീതി , കെട്ടിട നിർമ്മാണ രീതികൾ ,  ട്രാൻസ്പോർട്ടേഷൻ ) എന്നിവ പുനർ വിചിന്തനം ചെയ്യാതെ നമുക്ക്  പോകാനാകില്ല.

കേരളത്തിന് സമഗ്രമായ ഒരു പരിസ്ഥിതിനയം രൂപീകരിക്കുന്നതിനും കാലാവസ്ഥാവ്യതിയാനത്തെ അതിജീവിക്കുന്ന വികസന മാതൃകകൾ നടപ്പിലാക്കുന്നതിനും സ്കൂളുകളിൽ പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുന്നതിനും ശ്രമങ്ങൾ ആവശ്യമാണ്. മണലും പ്രകൃതി വിഭവങ്ങളും കുറഞ്ഞ തോതിൽ ഉപയോഗിക്കുന്ന നിർമ്മാണങ്ങൾക്കു സബ്‌സിഡി ഏർപ്പെടുത്തുന്നതിനും സർക്കാർ തയ്യാറാകണം. ആഴക്കടൽ മത്സ്യബന്ധനം,  പാറപൊട്ടിക്കൽ എന്നിവയിൽ ശാസ്ത്രീയ പഠനങ്ങളും വിവേകപൂർണ്ണമായ സമീപനങ്ങളും വേണ്ടതുണ്ട്. 

കാലാവസ്ഥാ വിദഗ്ദരായ എസ് അഭിലാഷിനെ പോലുള്ളവർ ചൂണ്ടിക്കാട്ടുന്നത് ഇക്കുറി കടൽക്ഷോഭം സംഭവിച്ചത് കടലിലും കടലിനോടു ചേർന്നും നടത്തിയ നിർമ്മാണ പ്രവർത്തികളുടെ വലതു ദിശകളിൽ ആണെന്നാണ്. തീരദേശ പരിപാലനത്തിൽ നിലവിലുള്ള നിബന്ധനകൾ നടപ്പാകിയയാൾ തന്നെ വലിയ മാറ്റങ്ങൾ ഉണ്ടാകും. മുന്നൂറ്റി പത്തു കിലോമീറ്റർ ദൂരത്തിൽ നമ്മൾ കടൽഭിത്തി കെട്ടിയതാണ്. പശ്ചിമ ഘട്ടം പൊളിച്ച കല്ലുകൊണ്ടുള്ള ആ ഭിത്തികളെ ചുഴലിക്കാറ്റുകൾ ഒഴുക്കി കളയുന്നു. വിഴിഞ്ഞത്ത് അദാനിയുടെ പോർട്ടിലെ നിർമ്മാണം നടക്കുന്ന പുലിമുട്ടിന്റെ നല്ലൊരു ഭാഗവും ശക്തമായ കടൽ തിരകൾ ഒഴുക്കി കൊണ്ടുപോയി. ശംഖുമുഖം കടൽ തീരം മാത്രമല്ല അതിലൂടെ തിരുവനന്തപുരം വിമാനത്താവളത്തിലേക്കുള്ള റോഡ് വരെ കടൽ വിഴുങ്ങിയതിൽ അദാനിയുടെ തുറമുഖം ഉണ്ടാക്കുന്ന പങ്കിനെ എത്ര മറച്ചു വച്ചാലും അത് വരും നാളുകളിൽ കൂടുതൽ വ്യക്തമായി വരും. അതിവേഗ റയിൽ പാതയും വയനാട്ടിലേക്കുള്ള തുരങ്ക പാതയും കൊല്ലത്തെ ധാതു മണൽ കച്ചവടവും ടെക്‌നോപാർക്ക് മൂന്നാം ഘട്ടം എന്ന പേരിലുള്ള കായൽ കയ്യേറ്റവും ഒന്നുമല്ല വികസനം എന്ന് നമ്മൾ പഠിക്കാൻ ഇനിയും ദുരന്തങ്ങൾ വേണം എന്നുള്ള അവസ്ഥ കഷ്ടമാണ്.