ഉപേക്ഷിച്ച പ്ലാസ്റ്റിക്കിൽ നിന്നും ഫ്ളോറിംഗ് ടൈൽസ്

ഭൂമിയിലെ ജൈവസമൂഹം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നാണ് പ്ലാസ്റ്റിക് മലിനീകരണം. പ്രതിവര്‍ഷം മൂന്നൂറ് മില്യണടുത്ത് ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് സൃഷ്ടിക്കപ്പെടുന്നത്. ഇത് ഭൂമിയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന മൊത്തം മനുഷ്യരുടെ തൂക്കത്തിനൊപ്പം വരും.

പ്രതിവർഷം ലോകത്തെമ്പാടും കുടിവെള്ളം നിറച്ച 5 ട്രില്യണ്‍ പ്ലാസ്റ്റിക് ബോട്ടിലുകളാണ് വില്‍ക്കപ്പെടുന്നത്. അതിന്റെ നേര്‍പകുതിയും വലിച്ചെറിയപ്പെടുകയാണ് ചെയ്യുന്നത്. മൊത്തം പ്ലാസ്റ്റിക്കിന്റെ 14 ശതമാനം മാത്രമാണ് റീസൈക്കിള്‍ ചെയ്യപ്പെടുന്നത്. 12 % കരിച്ചുകളയുന്നു. ബാക്കി വരുന്ന 79 ശതമാനവും കൂനകൂടി കിടക്കുകയാണ് ചെയ്യുന്നത്. ഇത് മനസ്സിലാക്കാന്‍ ദൂരെയൊന്നും പോകേണ്ട കാര്യമില്ല. നമ്മുടെ വീട്ടില്‍ നിന്നും പുറത്തിറങ്ങി കുറച്ചുദൂരം നടന്നാല്‍ മതിയാകും.


ലോകമാകമാനം 8 മില്യണ്‍ ടണ്‍ പ്ലാസ്റ്റിക് കടലിലെത്തുന്നു. ഏതാണ്ട് ഒരുമില്യണ്‍ കടല്‍ജീവികള്‍ കൂട്ടത്തോടെ ചാകുന്നതായിട്ടാണ് കണക്കാക്കപ്പെടുന്നത്. ആമകള്‍ മുതല്‍ തിമിംഗലങ്ങള്‍ വരെ 267 ഇനം കടല്‍ ജീവികളെ പ്ലാസ്റ്റിക്ക് അപകടപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഒരു മില്യണ്‍ കടല്‍ പക്ഷികളും. കരയിലെ കാര്യവും ഒട്ടും വ്യത്യസ്തമല്ല. ചെറുജീവികള്‍ മുതല്‍ സസ്യങ്ങള്‍, മനുഷ്യര്‍, മത്സ്യങ്ങള്‍, ഉരഗങ്ങള്‍, ഉഭയജീവികള്‍ എല്ലാവര്‍ക്കും രോഗങ്ങള്‍ സമ്മാനിക്കുന്നു. പൊതുവര്‍ഷം 2060 ഓടെ പൂര്‍ണ പുരുഷവന്ധ്യത എന്നൊരു ഭയവും പല രാജ്യങ്ങളെയും ചൂഴ്ന്നു നില്‍ക്കുന്നു. പ്രതിവര്‍ഷം ലക്ഷക്കണക്കിനാണത്. കടലുകള്‍ വിഷം നിറഞ്ഞ പ്ലാസ്റ്റിക് സൂപ്പുകളായി കൊണ്ടിരിക്കുന്നു എന്നാണ് ഭൗമശാസ്ത്രകാരന്മാര്‍ പറയുന്നത്.

പ്ലാസ്റ്റിക് എങ്ങനെ പുനരുപയോഗം നടത്താം എന്നത് എല്ലാ രാജ്യങ്ങളുടെയും പ്രഥമപരിഗണനയിലുള്ള കാര്യമാണ്. ചിന്തിക്കുമ്പോള്‍ സങ്കീര്‍ണമായ ആശയക്കുഴപ്പമൊന്നുമില്ല. 160 ഡിഗ്രിക്കും 210 ഡിഗ്രിക്കുമിടയില്‍ ഉരുകുന്ന പ്ലാസ്റ്റിക് മറ്റു രൂപങ്ങളിലാക്കി മാറ്റുക എന്ന ലളിതമായ പ്രോസസ്. പക്ഷെ എന്തുകൊണ്ട് ഫലപ്രദമായി നടപ്പിലാക്കാന്‍ വികസിത രാജ്യങ്ങള്‍ക്കുപോലും കഴിയുന്നില്ല ?

വേര്‍തിരിച്ചെടുക്കുക എന്നത് വലിയൊരു ജോലിയാണ്. പ്‌ളാസ്റ്റിക് ഒഴികെയുള്ള വസ്തുകള്‍ വേര്‍തിരിച്ചു മാറ്റുകയാണ് അദ്യത്തെ പ്രോസസ്. അതിനുശേഷം റീസൈക്കിള്‍ ചെയ്യാന്‍ കഴിയാത്ത പ്ലാസ്റ്റിക്കുകളായ യൂറെത്തൈന്‍, ബേക്കലൈറ്റ് തുടങ്ങിയവ നീക്കം ചെയ്യണം. ഇത് രണ്ടാം ഘട്ടം. ഇങ്ങനെ ലഭിക്കുന്ന റീസൈക്ക്‌ളബിള്‍ പ്‌ളാസ്റ്റിക്കില്‍ നിന്നും ഹൈ ഡെന്‍സിറ്റി പോളിത്തിലിന്‍, പോളി എത്തിലിന്‍ ടെറഫ്തലേറ്റ്, പോളി പ്രോപെലിന്‍ ഇവ വേര്‍തിരിക്കുകയാണ് അടുത്ത ഘട്ടം. ഇവയോരോന്നും വിവിധ വസ്തുകള്‍ നിര്‍മ്മിക്കാനാണ് ഉപയോഗിക്കുന്നത്. തീരെ ഉപയോഗശൂന്യമായ തിരിവുകള്‍ വ്യാവസായികാവശ്യങ്ങള്‍ക്കായി ഇന്ധനമാക്കുന്നു.

എന്നാല്‍ ഇത്രയും സങ്കീര്‍ണമായ ഘട്ടങ്ങളിലൂടെയൊന്നും കടന്നുപോകാതെ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് എങ്ങനെ ഒരു വ്യവസായമാക്കി മാറ്റാം എന്ന് കാണിച്ചുതരുന്ന ആഫ്രിക്കയിലെ കാമറൂണില്‍നിന്നും വരുന്ന വാര്‍ത്ത നമ്മുടെ വ്യാവസായിക സംരംഭകരുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍ വരേണ്ടതാണ്. പിയറി കസോംലോം എന്ന യുവാവാണ് പ്ലാസ്റ്റിക് ബാഗുകളും മണലും ഉപയോഗിച്ച് പേവിംഗ് ടൈലുകള്‍ നിര്‍മ്മിക്കുന്നത്. സിമന്റിനു പകരം ഉപയോഗിക്കാന്‍ കഴിയുന്ന വസ്തുവാണ് പ്ലാസ്റ്റിക്.

വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് ബാഗുകളാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്.
പിയറിയുടെ മനസ്സില്‍ ചെറുപ്പകാലത്തു തന്നെ കടന്നുകൂടിയ ഈ ആശയം വളരെ ലളിതമാണ്.

ലോ ഡെന്‍സിറ്റി പോളി എത്തിലിന്‍ ബാഗുകള്‍ ശേഖരിച്ച് അതില്‍നിന്നും വിഷപ്പുകയായി മാറാന്‍ സാദ്ധ്യതയുള്ള ക്ലോറിന്‍ അടങ്ങിയ പദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യുക. ഒരു വീപ്പയിലിട്ട് ഉരുകുംവരെ ചൂടാക്കിയതിനുശേഷം മണല്‍ ചേര്‍ക്കുക. മിശ്രിതം പ്രത്യേക ആകൃതിയുള്ള അച്ചിലേക്ക് പകര്‍ത്തിയശേഷം ചൂടാറാന്‍ അനുവദിക്കുക. ജോലി തീര്‍ന്നു.

ഈ ടൈലുകള്‍ വാട്ടര്‍ പ്രൂഫ് ആണ്. കാലപ്പഴക്കം ഉറപ്പുപറയാന്‍ കഴിയുന്നതാണ്. സിമന്റിന്റെ ചെലവില്ലാത്തതിനാല്‍ വില കുറച്ച് വില്‍ക്കാന്‍ കഴിയും. 2008 മുതല്‍ പിയറി ഈ ടൈല്‍നിര്‍മ്മാണം വിജയകരമായി നടത്തി വരുന്നു. ഇപ്പോള്‍ ഇംപീരിയല്‍ കോളജ് ഓഫ് ലണ്ടനുമായി ചേര്‍ന്ന് വിദ്യ കൂടുതല്‍ വികസിപ്പിക്കാന്‍ വെയ്സ്റ്റ് എയ്ഡ് യുകെ എന്ന സംഘടന പിയറിയെ സഹായിക്കുന്നു. ആ സംഘടന ഗാംബിയയിലും സെനഗലിലുമുള്ള തദ്ദേശീയ സംരംഭകര്‍ക്ക് ഇത്തരം ടൈലുകള്‍ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നു.

നമ്മുടെ നാട്ടില്‍ പലര്‍ക്കും ചെറിയ മുതല്‍മുടക്കില്‍ ചെയ്യാന്‍ കഴിയുന്നതാണ് ഈ സംരംഭം. ഏറ്റവും കുറഞ്ഞത് വലിച്ചെറിയപ്പെടുന്ന പ്‌ളാസ്റ്റിക് ബാഗുകളെങ്കിലും നമുക്ക് ഇത്തരത്തില്‍ ഉപയോഗിക്കാന കഴിയും ഇതിന്റെ സാദ്ധ്യതയെക്കുറിച്ചുള്ള അന്വേഷണം നടത്താന്‍ സംരംഭകരും സര്‍ക്കാരും ശ്രദ്ധ വെയ്ക്കുമെന്ന് ആശിക്കാം.