തീര ജനതയെ രക്ഷിക്കാൻ ‘വികസന’ത്തിന് അവധി നൽകൂ

ആർ. ദേവദാസ്

കഴിഞ്ഞ ദിവസങ്ങളിൽ കേരളതീരത്ത് ഉണ്ടായ ശക്തമായ കടൽ ക്ഷോഭത്തിൽ കേരളത്തിന്റെ തെക്കെയറ്റം മുതൽ വടക്കെയറ്റം വരെയുള്ള തീരദേശ ഗ്രാമങ്ങളിൽ മുഴുവൻ കടൽ കയറുകയും, അവരുടെ വീടുകളും ജീവനോപാധികളും നഷ്ടപ്പെടുകയും ചെയ്തു. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയിൽ
വലിയ പങ്ക്‌വഹിക്കുന്നവർ, രാജ്യത്തിന് വിദേശ നാണ്യം നേടിത്തരുന്നവർ, പൊതുസമൂഹത്തിനു കുറഞ്ഞചെലവിൽ കൂടിയ പോഷകമൂല്യമുള്ള ഭക്ഷണം നൽകുന്നവർ, രാവും പകലും കടലിൽ ജോലിചെയ്ത് രാജ്യത്തിന്റെ സമുദ്രാതിർത്തിയുടെ കാവൽക്കാർ,എന്നിങ്ങനെ പ്രത്യേക സവിശേതയുള്ള ജനവിഭാഗമാണ് കേരളത്തിലെ മൽസ്യത്തൊഴിലാളികൾ. എന്നാൽ പൊതുസമൂഹം “നാറ്റതൊഴിലുകാർ”എന്ന പേര് നൽകി സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ആട്ടിപായിച്ചവരാണ് മത്സ്യത്തൊഴിലാളികൾ.

ഭൂപരിഷ്കരണങ്ങളുടെ കണ്ണിൽ പെടാതെ കടൽ തീരങ്ങളിൽ രണ്ടും മൂന്നും സെന്റ്‌ ഭൂമികളിൽ ഒന്നിലധികം കുടുംബങ്ങൾ ഒരു ചെറിയ വീട്ടിനുള്ളിൽ കഴിയാൻ വിധിക്കപ്പെട്ടവരാണ് മത്സ്യത്തൊഴിലാളികൾ. അവരുടെ കിടപ്പാടങ്ങളും, ഉപജീവനോപാധികളുമാണ് കടലൊഴുക്കി കൊണ്ടുപോയത്.എല്ലാ സീസണുകളിലും ആവർത്തിക്കാറുള്ള ഈ ദുരന്തത്തിന് ഒരറുതിയും ഇതുവരെ ഉണ്ടായിട്ടില്ല. നമ്മുടെ ആസൂത്രണവിദഗ്ധരോ, മാധ്യമങ്ങളോ, രാഷ്ട്രീയ നേതൃത്വങ്ങളോ ഇതിന്റെ യഥാർത്ഥ കാരണങ്ങളിലേക്ക് പോകാറില്ല. പലപ്പോഴും ഇത്തരം വാർത്തകൾക്ക് ഒന്നോ രണ്ടോ ദിവസത്തെ വാർത്താമൂല്യം മാത്രമേ നമ്മുടെ മാധ്യമങ്ങൾ നൽകാറുള്ളൂ.പ്രകൃതി പ്രതിഭാസം മാത്രമല്ല, മനുഷ്യനിർമ്മിതം കൂടിയാണ് എല്ലാ വർഷവും അരങ്ങേറുന്ന ഈ ദുരന്തം എന്ന് അറിയാത്തവരല്ല നമ്മുടെ ആസൂത്രണ വിദഗ്ധരും, രാഷ്ട്രീയ ഭരണ നേതൃത്വങ്ങളും.ഇതിന് ശാശ്വതപരിഹാരം ഉണ്ടാവണമെങ്കിൽ ഇതുവരെ തുടർന്ന് വന്ന ആസൂത്രണ-വികസന നയങ്ങൾ തിരുത്തണം. അതിന് ഇക്കൂട്ടർ തയ്യാറാവാത്തതു കൊണ്ടാണ് ഇവരെല്ലാം ഇതിനെ അവഗണിക്കുന്നത്.

കേരളത്തിന്റെ തീരക്കടലും തീരപ്രദേശവും അതീവ പരിസ്ഥിതി ലോല പ്രദേശമാണെന്ന് അംഗീകരിക്കുകയും അവിടെയുള്ള ഓരോ ഇടപെടലും വളരെ സൂക്ഷ്മതയോടെ മാത്രമേ പാടുള്ളൂവെന്നും മനസ്സിലാക്കിയാലേ ഈ പ്രശ്നത്തെ അഭിസംബോധന ചെയ്യാൻ കഴിയുകയുള്ളൂ.

സമുദ്രോപരിതലത്തിലുള്ള ജലതരംഗങ്ങളാണ് തിരമാലകളെന്നും, മുഖ്യമായും വായുപ്രവാഹം മൂലമാണ് ഈ ജലതരംഗങ്ങൾ രൂപം പ്രാപിക്കുന്നതെന്നും എല്ലാവർക്കും അറിവുള്ള കാര്യമാണല്ലോ. സമുദ്ര നിരപ്പിന്റെ പ്രതല വിസ്തീർണ്ണവും, വായു പ്രവാഹത്തിന്റെ സ്വാധീനവും കൂടുന്നതിനനുസരിച്ച് തിരമാലകളുടെ എണ്ണവും നീളവും ഉയരവും വർദ്ധിക്കുന്നു. സമുദ്ര തീരത്ത് കാണപ്പെടുന്ന തിരമാലകൾ മിക്കവയും അതി വിദൂരതയിൽ,കാറ്റ് മൂലം രൂപപ്പെട്ടവയാണ്. ഇവ അനേകായിരം കിലോമീറ്റർ സഞ്ചരിച്ചു എത്തുന്നവ ആയിരിക്കും.സമുദ്ര തീരത്തിലെ ആഴം, തീരത്തിന്റെ കിടപ്പ് എന്നിവയെ ആശ്രയിച്ചു തിരമാലകളുടെ ശക്തിയിൽ വ്യത്യാസം ഉണ്ടാകാം. തിര കരയിലേക്ക് ശക്തിയായി അടിക്കുമ്പോൾ തീരത്തെ മണ്ണ് ഇളകുകയും തിര തിരിച്ചു ഇറങ്ങിപോകുമ്പോൾ ഈ മണലിനെ കടലിലേക്ക് ഒഴുക്കികൊണ്ടുപോകുകയും ചെയ്യുന്നു. ഇങ്ങനെ കടലിലേക്ക് തിരമാല ഒഴുക്കികൊണ്ടുപോകുന്ന തീരത്തെ(ബീച്ചിലെ)മണൽ, നദികളിലൂടെയും, ജലാശങ്ങളിലൂടെയും അഴിമുഖങ്ങൾ വഴി കടലിൽ എത്തിച്ചേരുന്ന മണൽ, സമുദ്രജലപ്രവാഹങ്ങൾ,തീരകടലിലെ നീരോഴുക്കുകൾ, കാറ്റ് എന്നിവയുടെ ഭാഗമായി ഒഴുകി വരുന്ന മണൽ എന്നിവ തിരമാലകളുടെയും, കടലൊഴുക്കളുടെയും സ്വാഭാവിക പ്രക്രിയയിൽ ഓരോയിടത്തും നിക്ഷേപിക്കുന്നു.ഒരു പ്രത്യേകസ്ഥലത്ത് നിന്നും ഒരു സീസണിൽ മണൽ തിരകൾ ഒഴുക്കി കൊണ്ടുപോകുന്നതിന്റെ ഭാഗമായി ഉണ്ടായിരുന്ന തീരത്തിനു വരുന്ന കുറവാണ് തീരശോഷണം.

മറ്റൊരു സീസണിൽ, തിരകൾ മണൽ നിക്ഷേപിക്കുന്നതിന്റെ ഭാഗമായി തീരം വെയ്ക്കുന്നതാണ് തീരപോഷണം. തീരശോഷണവും തീരപോഷണവും ഏകദേശം ഒരേ അനുപാതത്തിൽ ആയാൽ സ്ഥിരതയാർന്ന തീരം (ഉറപ്പുള്ള ബീച്ച്) രൂപപ്പെടും എന്ന് പറയാം. ഉറച്ച തീരം രൂപപ്പെടുത്തുന്നതിൽ തീരക്കടലിലെ നീരോഴുക്ക് (വെള്ളം ഒഴുക്ക് )വലിയ പങ്കാണ് വഹിക്കുന്നത്. ഉറച്ച തീരം ഉണ്ടാവണമെങ്കിൽ, തിരകൾ ആനുപാതികമായി മണൽ തീരത്ത് നിക്ഷേപിക്കുകയും, നിക്ഷേപിക്കുന്ന മണൽ തീരങ്ങളിൽ ഉറച്ചു കിടക്കാനുള്ള സാഹചര്യം ഉണ്ടാവുകയും വേണം. അങ്ങനെ മണൽ നിക്ഷേപിക്കാൻ കഴിയാതെ വരികയോ, നിക്ഷേപിക്കുന്ന മണലുകൾ ഉറച്ചു കിടക്കാനുള്ള സാഹചര്യം ഇല്ലാതെ വരികയോ ചെയ്യുന്ന സ്ഥലങ്ങളിൽ തീരശോഷണം കൂടുതലായിരിക്കും. ഇവിടെ കടൽ കരയിലേക്ക് കയറുന്നതിനുള്ള സാഹചര്യം വളരെ കൂടുതലും അതുമൂലമുള്ള ദുരന്തം വളരെ വലുതുമായിരിക്കും.നദികൾ, ജലാശയങ്ങൾ എന്നിവ അവയുടെ സഞ്ചാരപഥത്തിലൂടെ വഹിച്ചുകൊണ്ടുവരുന്ന മണലും നീരോഴുക്കുകളും സമുദ്രജലപ്രവാഹങ്ങളും കാറ്റുകളും വഹിച്ചുകൊണ്ടുവരുന്ന മണലുമാണ്, തീരക്കടലിലെ നീരൊഴുക്കുകളുടെ ഭാഗമായി തീരങ്ങളിൽ നിക്ഷേപിക്കുന്നതെന്ന് പറഞ്ഞല്ലോ. ഇങ്ങനെ നദികളും, ജലാശയങ്ങളും മണൽ വഹിച്ചുകൊണ്ടു വരുന്നതിനുള്ള സാഹചര്യങ്ങളെ നദികളുടെയും ജലാശങ്ങളുടെയും കുറുകെ എല്ലായിടത്തും ഡാമുകളും, നിർമ്മിതികളും പണിത് ഇല്ലാതാക്കി. കാറ്റും, സമുദ്ര ജലപ്രവാഹങ്ങളും, തീരങ്ങളിലേക്ക് കൊണ്ടുവരുന്ന മണൽ, തീരങ്ങളിൽ നിക്ഷേപിക്കുന്നതിൽ പ്രധാനപങ്ക്‌ വഹിക്കുന്ന സ്വാഭാവിക നീരോഴുക്കുകളെ തടസ്സപ്പെടുത്തുന്ന മനുഷ്യനിർമ്മിതികളാണ് മറ്റൊരു പ്രധാന പ്രശ്നം. വൻകിട തുറമുഖങ്ങൾ, മൽസ്യബന്ധന ഹാർബറുകൾ, തീരത്തെ സംരക്ഷിക്കാൻ എന്നപേരിൽ പാറകൊണ്ട് നിർമ്മിക്കുന്ന പുലിമുട്ടുകൾ, കടൽ ഭിത്തികൾ എന്നിവ തീരത്തെ സ്വാഭാവികനീരോഴുക്കിനെ തടസ്സപ്പെടുത്തുന്നു. തുറമുഖങ്ങൾ, ഹാർബറുകൾ എന്നിവയോടാനുബന്ധിച്ച് നിർമ്മിക്കുന്ന പുലിമുട്ടുകളുടെ ഒരു ഭാഗത്ത് കുറെ മണൽ അടിഞ്ഞു ഉറപ്പുള്ള തീരം രൂപപ്പെടുകയും, മറുഭാഗത്ത് മണൽ അടിയാനുള്ള സാഹചര്യം ഇല്ലാതെ ഉള്ളമണൽ തീരത്ത് നിന്നു നിരന്തരം കടലിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയും,അവിടെ തീരം പൂർണ്ണമായും നഷ്ടപ്പെടുകയും ചെയ്യുന്നു.

വിഴിഞ്ഞത്ത് അദാനിയുടെ തുറമുഖത്തിന് വേണ്ടി കടലിലേക്ക് നിർമ്മിക്കുന്ന പുലിമുട്ടുകൾ, സ്വാഭാവിക നീരൊഴുക്കിനെ തടസ്സപ്പെടുത്തുകയും അതിനു വടക്കുള്ള ഭാഗങ്ങളിൽ മണൽ നിക്ഷേപിക്കാനുള്ള സാഹചര്യം ഇല്ലാതാക്കുകയും, പൂന്തുറ, വലിയതുറ, ശംഖുംമുഖം, തുടങ്ങിയ പ്രദേശങ്ങളിൽ വലിയതോതിൽ തീരശോഷണത്തിനു കാരണമാവുകയും ചെയ്യുന്നു.ആലപ്പാട് പഞ്ചായത്തിലെ അഴീക്കൽ മത്സ്യബന്ധന തുറമുഖത്തിനു വേണ്ടി കടലിലേക്ക് നിർമ്മിച്ച പുലിമുട്ടും ഇതുപോലെ സ്വാഭാവിക നീരൊഴുക്കിനെ തടസ്സപ്പെടുത്തുകയും, വടക്കു ഭാഗത്തുള്ള ആറാട്ടുപുഴ പഞ്ചായത്തിലെ വലിയഴീക്കൽ, കള്ളിക്കാട് എന്നീ പ്രദേശങ്ങളിൽ തീരശോഷണം രൂക്ഷമാക്കുകയും ചെയ്യുന്നു.

തിരമാലകളാൽ കരയിൽ നിക്ഷേപിക്കപ്പെടുന്ന മണൽ അവിടെ കിടക്കാൻ അനുവദിക്കാതെ അവയെ ‘മൂല്യവർദ്ധിത ഉത്പന്ന’ങ്ങളാക്കി മാറ്റാൻ ഖനനം ചെയ്യുന്നതു മൂലം ഉറപ്പുള്ള തീരം ഉണ്ടാവാതെ വരിക തീരപരിസ്ഥിതി വളരെ ദുർബലമാവുകയും ഓരോ സീസണിലേയും ശക്തമായ തിരയേറ്റ് തീരം പൂർണ്ണമായും നഷ്ടപ്പെടുകയും ചെയ്യുന്നു. പൊതുമേഖലാ സ്ഥാപനങ്ങളായഐ. ആർ. ഇ.,കെ. എം.എം.എൽ.എന്നിവയുടെ കരിമണൽ ഖനനം മൂലം ആലപ്പാട് ഗ്രാമം അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇതിന്റെ നേർസാക്ഷ്യമാണ്. കൂടുതൽ തീരശോഷണത്തിനു വിധേയമാകുന്ന കേരളത്തിലെ ഏതൊരു തീരദേശ ഗ്രാമം എടുത്തു പരിശോധിച്ചാലും ഒരു കാര്യം വ്യക്തമാകും,ആ ഗ്രാമങ്ങളിൽ മണൽ ഖനനം, വൻകിട തുറമുഖങ്ങൾ, മത്സ്യബന്ധനതുറമുഖങ്ങൾ, എന്നിവയുടെ സാന്നിധ്യമോ, സാമീപ്യമോ കാണാൻ കഴിയും. ചുരുക്കത്തിൽ, കേരളതീരം ഇന്നനുഭവിക്കുന്ന തീരശോഷണം മനുഷ്യസൃഷ്ടിയാണ്. “വികസനം”എന്ന പരക്കം പാലിച്ചിലിന്റെ ഫലമായി കെട്ടിയുയർത്തുന്ന ഡാമുകൾ, കടലിലേക്ക് പണിതിറക്കുന്ന തുറമുഖങ്ങൾ, ഹാർബറുകൾ പുലിമുട്ടുകൾ, തീരത്ത് നടത്തുന്ന കരിമണൽ ഖനനം എന്നിവയുടെ അനന്തര ഫലങ്ങളാണ്, കേരളത്തിലെ തീരദേശ ജനത, കടൽക്ഷോഭ സമയത്ത് അനുഭവിക്കുന്നത്.

കേരളതീരത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും. തെക്ക് നിന്ന് വടക്കോട്ട് പോകുന്തോറും, പടിഞ്ഞാറോട്ട് കയറി കയറി പോകുന്ന രീതിയിലാണ് തീരത്തിന്റെ കിടപ്പ്.
തീരം (ബീച്ച് )കടൽത്തിരയെ അഭിമുഖീകരിക്കുന്നത്, അതിന്റെ മുഖം കൊണ്ടാണ്. തെക്ക് പടിഞ്ഞാറ് നിന്നും വരുന്ന അതിശക്തമായ മൺസൂൺ തിരകളെ അഭിമുഖീകരിക്കാൻ വേണ്ടിയാണ് വടക്കോട്ട് പോകുന്തോറും തീരം കടലിലേക്ക് കയറി കയറി പോകുന്നതെന്നാണ് സമുദ്രശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം.അവിടെ ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനമില്ലാതെ, സമുദ്ര ശാസ്ത്രജ്ഞന്മാരുടെയോ, സാങ്കേതിക വിദഗ്ധരുടെയോ, തദ്ദേശ ജനതയുടെയോ, അഭിപ്രായങ്ങളെ പരിഗണിക്കാതെ , പറയുന്ന വലുപ്പത്തിലും അളവിലും അല്ലാതെയുള്ള പാറകൾ ഉപയോഗിച്ച് കടലിനു സമാന്തരമായി, കുത്തനെ നിർമ്മിക്കുന്ന കടൽ ഭിത്തികൾ മറ്റൊരു പാരിസ്ഥിതിക ദുരന്തമാണ്. കരിങ്കൽ ക്വാറി ഉടമകൾ, കോൺട്രാക്ടർമാർ, ഭരണക്കാർ, രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥർ എന്നിവർ ചേർന്നുള്ള ഗ്രൂപ്പിന് കാശുണ്ടാക്കുന്നതിനു വേണ്ടി സഹ്യപർവ്വതത്തിലെ മലകൾ പൊട്ടിച്ചു, കടൽ തീരത്തുകൊണ്ട് വന്നു കല്ലിട്ടാൽ പരിഹരിക്കാവുന്നതല്ല കേരളത്തിലെ തീരപ്രദേശങ്ങളിലെ പാരിസ്ഥിക പ്രശ്നങ്ങൾ.

രോഗം ഗുരുതരമായതുകൊണ്ട് ചികിത്സയും ഗൗരവപൂർണ്ണമാകണം. മനുഷ്യസൃഷ്ടിയാണ് ഈ പ്രശ്നങ്ങൾ എന്നതുകൊണ്ട് തന്നെ, കടലിലെയും കടതീരങ്ങളിലെയും മനുഷ്യഇടപെടൽ കഴിവതും കുറച്ചേ പറ്റൂ.കേരളത്തിന്റെ കടൽ, കടൽത്തീരം എന്നിവിടങ്ങളിൽ നടക്കുന്ന ചെറുതും വലുതുമായ എല്ലാ പ്രവർത്തനങ്ങളും പരീക്ഷണാടിസ്ഥാനത്തിൽ കുറഞ്ഞത് പത്തു വർഷത്തേക്കെങ്കിലും നിർത്തിവെയ്ക്കുക. തുറമുഖ, ഹാർബർ, പുലിമുട്ട് നിർമ്മാണങ്ങൾ എന്നിവയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണോ അതേ അവസ്ഥയിൽ പത്ത് വർഷത്തേക്ക് നിർത്തിവെയ്ക്കുക, തീരത്ത് നടത്തുന്ന എല്ലാ ഖനനങ്ങളും അടുത്ത പത്ത് വർഷത്തേക്കും പൂർണ്ണമായും നിർത്തിവെയ്ക്കുക. ഈ നിരോധനങ്ങൾ തീരപരിസ്ഥിതിയെയും തീരപോഷണത്തെയും എങ്ങനെ സ്വാധീനിച്ചു എന്ന് പഠനവിധേയമാക്കുക. അതിനുശേഷം, യുക്തമായ നടപടികൾ സ്വീകരിക്കാം. ഇതൊക്ക നടക്കുന്ന കാര്യമാണോ എന്ന് സംശയം തോന്നാം. എന്നാൽ കഴിഞ്ഞ ഒന്നരവർഷക്കാലമായി അസാധ്യമായതെന്ന് പരിഹസിച്ച ശീലങ്ങളും കാര്യങ്ങളും അല്ലേ ലോകം മുഴുവൻ ചെയ്തുകൊണ്ടിരിക്കുന്നത്? അതുപോലെ വേണമെങ്കിൽ ഇതൊക്കെയും ആവാം. രാജ്യത്തെയും, ജനങ്ങളെയും സംരക്ഷിക്കുന്ന തീരദേശ ജനതയ്ക്ക് വേണ്ടി കുറച്ചുനാൾ ‘വികസന’ത്തിന്‌ അവധി കൊടുത്താൽ പരിഹരിക്കാവുന്ന പ്രശ്നമേ കേരള തീരത്ത് നിലവിലുള്ളൂ. അതിനുള്ള ഇച്ഛാ ശക്തിയാണ് സർക്കാരുകൾക്ക് വേണ്ടത്.

കടലിനെയും, കടൽ പരിസ്ഥിതിയെയും, കടൽത്തീരത്തേയും അതിന്റെ പാട്ടിനു വിടുക. അത് ആരെയും ഉപദ്രവിക്കാൻ വരില്ല. നമ്മൾ വികസനത്തിൻ്റെ പേരിൽ അതിനെ ഉപദ്രവിക്കാൻ ചെല്ലാതിരുന്നാൽ മതി.

———————————————–
ആർ. ദേവദാസ്
മൊബൈൽ: 7356706957