പ്രതിപക്ഷത്തിന്റെ പെടാപ്പാടുകള്‍

1969 ആവര്‍ത്തിക്കുന്നതിനുള്ള വിദൂരമായ സാദ്ധ്യത പോലും ഇല്ലാത്തതിനാല്‍ എന്‍ഡിഎയുടെ ദ്രൗപദി മുര്‍മു രാഷ്ട്രപതി ഭവനില്‍ എത്തുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. നാമനിര്‍ദേശപത്രിക ഒപ്പിട്ട പ്രധാനമന്ത്രി സ്വന്തം സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താനിറങ്ങിയ നാണംകെട്ട ചരിത്രമാണല്ലോ 1969. കെ ആര്‍ നാരായണനില്‍ നിന്നു തുടങ്ങുന്ന സാമൂഹികപരിവര്‍ത്തനത്തിന്റെ ചരിത്രം പറയാനുള്ള രാഷ്ട്രപതി ഭവനില്‍ ആദ്യത്തെ ഗോത്രവര്‍ഗക്കാരിയായിരിക്കും ഒഡിഷയില്‍ നിന്നുള്ള മുര്‍മു. ജാര്‍ഖണ്ഡില്‍ ഗവര്‍ണറായിരുന്നിട്ടുള്ള ഈ മുന്‍അധ്യാപികയ്ക്ക് രാഷ്ട്രപതി ഭവനുമായി ഇണങ്ങിച്ചേരുന്നതിന് പ്രയാസമുണ്ടാവില്ല. ഭരണഘടനയുടെ കാവലാള്‍ എന്നൊക്കെയാണ് രാഷ്ട്രപതിയെ ഭരണഘടന വിശേഷിപ്പിക്കുന്നതെങ്കിലും അപ്രകാരമുള്ള ഇടപെടലൊന്നും രാഷ്ട്രപതിമാര്‍ നടത്തിക്കാണാറില്ല.

അടിയന്തരാവസ്ഥയുടെ വാര്‍ഷികസ്മരണ പുതുക്കുന്ന വാരമാകയാല്‍ ഫക്രുദീന്‍ അലി അഹമദിനെ പ്രത്യേകം ഓര്‍ക്കാവുന്നതാണ്. ഭരണഘടനയ്ക്ക് കാവല്‍ സ്രഷ്ടാക്കളായ നമ്മള്‍ തന്നെയാണ്. റിപ്പബ്‌ളിക്കിലെ പരമോന്നത ഭരണഘടനാപദവിയിലേക്ക് ആദ്യത്തെ ആദിവാസിയും രണ്ടാമത്തെ വനിതയും എന്ന നിലയില്‍ ദ്രൗപദി മുര്‍മുവിനെ നിര്‍ദേശിച്ചു കൊണ്ട് ബിജെപി ഒരേറില്‍ ഒന്നിലധികം പക്ഷികളെ വീഴ്ത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് ആസന്നമായ ഗുജറാത്തില്‍ അത് പാര്‍ട്ടിക്ക് ഗുണം ചെയ്യും; ഒഡിഷയില്‍ നവീന്‍ പട്‌നായിക്കിനെ കൂടെ നിര്‍ത്താനാവും. ഛത്തീസ്ഗഢിലും ജാര്‍ഖണ്ഡിലും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ആദിവാസി വോട്ടുകള്‍ തിരിച്ചുപിടിക്കാനും കഴിയും.

ബിജെപിയുടെ ബുദ്ധിക്ക് കൂര്‍മ്മത വര്‍ദ്ധിക്കുമ്പോള്‍ പ്രതിപക്ഷത്തിന്റെ അവസ്ഥയോ? രണ്ടു വര്‍ഷം കഴിഞ്ഞ് നടക്കാനിരിക്കുന്ന മഹായുദ്ധത്തില്‍ സംയുക്തമായി രാഷ്ട്രീയവിന്യാസം നടത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പ്രതിപക്ഷത്തിന്റെ അവസ്ഥയെന്താണ്? 2004ലെ പോലെ പ്രതിപക്ഷത്തെ സംയോജിപ്പിക്കാന്‍ ഇന്നൊരു സുര്‍ജിത്തില്ല. തോല്‍ക്കുമെന്നുറപ്പുള്ളപ്പോള്‍ നന്നായി മത്സരിക്കണം. സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് 2024ല്‍ മോദിയെ എതിരിടാന്‍ പോകുന്ന പ്രതിപക്ഷം. മൂന്ന് പേരാണ് പേര് പുറത്തു വന്നതിനുശേഷം പിന്നോക്കം പോയത്. നിയമസഭാ തിരഞ്ഞെടുപ്പിനുപോലും സ്ഥാനാര്‍ത്ഥികളുടെ തള്ളിക്കയറ്റം ഉണ്ടാകുമെന്നിരിക്കേ രാഷ്ട്രപതിസ്ഥാനത്തേക്ക് മത്സരിക്കാന്‍ ആളില്ലല്ലോ. പാന്‍ ഇന്ത്യന്‍ അപ്പീലുള്ള ഒരു നേതാവ് പ്രതിപക്ഷത്തില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അറിയപ്പെടുന്നവര്‍ പവാറിനെപ്പോലെ കാലഹരണപ്പെട്ടു കൊണ്ടിരിക്കയാണ്. അവസാനകാലത്ത് രാഷ്ട്രപതി ഭവനേക്കാള്‍ പവാറിന് പ്രധാനം മഹാരാഷ്ട്രയാണ്. വിസ്മൃതിയില്‍ നിന്ന് ആയാസപ്പെട്ട് വലിച്ചെടുത്ത ഒരു വ്യക്തിയില്‍ പ്രതിപക്ഷം ഒടുവില്‍ ആശ്വാസം കണ്ടെത്തി. ബിജെപിയുടെ മുന്‍മന്ത്രിയും ഇപ്പോള്‍ തൃണമൂല്‍ അംഗവുമാണ് യശ്വന്ത് സിന്‍ഹ. പ്രായമാണെങ്കില്‍ 84. അനായാസം മനസിലാക്കാന്‍ കഴിയാത്ത അജ്ഞാതവഴികളിലൂടെയാണ് പ്രതിപക്ഷത്തിന്റെ യാത്ര. സ്വന്തമായി ഒരു സ്ഥാനാര്‍ത്ഥിയെപ്പോലും അവതരിപ്പിക്കാനില്ലാത്ത അവസ്ഥ. അവരുടെ നായകന്റെ പപ്പും പൂടയും സമയമെടുത്ത് പറിച്ചുകൊണ്ടിരിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ്. സ്വന്തം ഓഫീസില്‍ പോലും കയറാനാവാതെ കോണ്‍ഗ്രസുകാര്‍ വഴിയില്‍ വലിച്ചിഴയ്ക്കപ്പെടുന്നു. 2024ന്റെ കര്‍ട്ടന്‍ ഉയരുമ്പോള്‍ സംഭാഷണം മറന്ന കുറേ കഥാപാത്രങ്ങളെയാണ് പ്രതിപക്ഷവേദിയില്‍ കാണുന്നത്. എവിടെയാണ് സംവിധായകന്‍ — അങ്ങനെയൊരാള്‍ ഉണ്ടെങ്കില്‍?