Thursday, 13 August 2026
‘Honest storytelling is a powerful means of change
06:20:26 PM IST
Kerala

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അന്വേഷണ വിവരങ്ങൾ രഹസ്യമാക്കാൻ എസ്‌ഐടിക്ക് ഡിജിപിയുടെ കർശന നിർദേശം

ന്യൂസ് ഡെസ്ക് 15 July 2026, 10:15 am
SHARE

പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ വിവരങ്ങൾ രഹസ്യമായി കൈകാര്യം ചെയ്യാൻ ഡിജിപി പ്രത്യേക അന്വേഷണ സംഘത്തിന് നിർദേശം നൽകി. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തരുതെന്നും, പ്രാഥമിക അന്വേഷണ റിപ്പോർട്ട് അതിവേഗം സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് എസ്‌ഐടിയുടെ ലക്ഷ്യം. ഇതിനായി പരീക്ഷയുമായി ബന്ധപ്പെട്ട രേഖകൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് പിഎസ്‌സിക്ക് കത്തും നൽകിയിട്ടുണ്ട്.

ഇതിനകം ക്രൈംബ്രാഞ്ച് എസ്‌ഐടിക്ക് 20 പരാതികളാണ് ലഭിച്ചത്. ആദ്യഘട്ടത്തിൽ കെഎഎസ് പരീക്ഷയും ആസൂത്രണ ബോർഡിലെ ചീഫ് തസ്തികകളിലേക്കുള്ള പരീക്ഷയും സംബന്ധിച്ച പരാതികളാണ് പരിശോധിക്കുന്നത്. പരാതിക്കാരായ ഉദ്യോഗാർത്ഥികളുടെ മൊഴി ശേഖരിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. എല്ലാ പരാതിക്കാരുടെയും മൊഴി രേഖപ്പെടുത്തിയതിന് ശേഷമാകും പ്രാഥമിക റിപ്പോർട്ട് അന്തിമമാക്കുക. റിപ്പോർട്ട് വിലയിരുത്തിയ ശേഷമേ കേസ് രജിസ്റ്റർ ചെയ്യുന്നതുൾപ്പെടെയുള്ള കാര്യത്തിൽ തീരുമാനമുണ്ടാകൂ.

ആസൂത്രണ ബോർഡ് ചീഫ്, കെഎഎസ് പരീക്ഷകളിൽ അടക്കം വ്യാപക ക്രമക്കേട് നടന്നെന്നായിരുന്നു ആരോപണം ഉയർന്നത്. സമാന തസ്തികകളിലേക്കുള്ള മുൻ അഭിമുഖങ്ങൾ, എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് റിസർച്ച് ഓഫീസർ പരീക്ഷ, ഹോട്ടൽ മാനേജ്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ പരീക്ഷ എന്നിവയുമായി ബന്ധപ്പെട്ടും പരാതികൾ ഉയർന്നിരുന്നു.

അസൂത്രണ ബോർഡിലെ മൂന്ന് വിഭാഗങ്ങളുടെ ചീഫ് തസ്തികയ്ക്കുള്ള പൊതുപരീക്ഷയിൽ 10 ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെ വിട്ടിരുന്നു. ഇതിനിടെ രണ്ട് തസ്തികകളുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും നിയമനം നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ ഒരു ഉദ്യോഗാർത്ഥിയുടെ പരാതി എത്തിയപ്പോഴാണ് പിഴവ് പിഎസ്‌സി സമ്മതിച്ചത്. അഭിമുഖത്തിൽ സുപ്രീംകോടതി നിർദേശം ലംഘിച്ച് അമിതമായി മാർക്ക് നൽകിയെന്ന ആരോപണവും അന്വേഷണ പരിധിയിലുണ്ട്.

ഐ. ജി. അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എഡിജിപി എച്ച് വെങ്കിടേഷിനാണ് മേൽനോട്ട ചുമതല. ഒരു എസ്പിയും ഡിവൈഎസ്പിയും ഇൻസ്പെക്ടറും അന്വേഷണസംഘത്തിലുണ്ട്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →