‘ഇത് റിയാലിറ്റി ഷോ അല്ല സൈക്കോ ഷോ, പൈസയ്ക്കും പ്രശസ്‌തിക്കും വേണ്ടി ഇവർ മരിക്കാൻ വരെ തയാറാകും’; രോഹിത് ഷെട്ടി അവതാരകനായെത്തുന്ന റിയാലിറ്റി ഷോയ്‌ക്കെതിരെ വിമർശനം
രോഹിത് ഷെട്ടി അവതാരകനായെത്തുന്ന പ്രശസ്‌ത സാഹസിക റിയാലിറ്റി ഷോയാണ് ‘ഖത്രോൻ കേ ഖിലാഡി’. 15-ാം സീസണിൽ മത്സരാർഥികളെ കാത്തിരിക്കുന്നത് കഠിനമായ ടാസ്‌കുകളാണ്. എന്നാൽ ഷോയുടെ വിഡിയോ പുറത്തുവന്നതോടെ വലിയ വിമർശനമാണ് ഷോയ്ക്ക് ലഭിക്കുന്നത്. ഇത് റിയാലിറ്റി ഷോ അല്ല സൈക്കോ ഷോ ആണെന്നും പൈസയ്ക്കും പ്രശസ്‌തിക്കും വേണ്ടി ഇവർ മരിക്കാൻ വരെ തയാറാകുമെന്നും വിമർശകർ പറയുന്നു.
ഷോയുടെ തുടക്കത്തിൽ തന്നെ റൂബിന ദിലൈക്കിന് വൈദ്യസഹായം തേടേണ്ടി വരികയും ഷഗൂൺ ശർമ തലകറങ്ങി വീഴുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ നടന്ന രണ്ടാം ദിവസത്തെ ടാസ്‌ക് കൂടുതൽ അപകടകരമായതോടെ പ്രമുഖ താരം ഗൗരവ് ഖന്നയ്ക്ക് ഗുരുതരമായി പരുക്കേറ്റു. പെല്ലറ്റ് ഗൺ ഉപയോഗിച്ച് റബർ ബുള്ളറ്റുകൾ വെടിവയ്ക്കുന്ന ടാസ്കിനിടെയാണ് ഗൗരവ് ഖന്ന, വിശാൽ ആദിത്യ സിങ്, ഷഗൂൺ ശർമ്മ, കരൺ വാഹി എന്നിവർക്ക് പരുക്കേറ്റത്. ടാസ്‌കിന് ശേഷം തന്റെ ശരീരത്തിലുണ്ടായ മുറിവുകൾ വിഡിയോ വഴി ഗൗരവ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
ഏറ്റവും പുതിയ എപ്പിസോഡിൽ എവിക്ഷൻ ടാസ്‌കിൽ പങ്കെടുക്കാൻ നാല് മത്സരാർഥികളോട് രോഹിത് ഷെട്ടി ആവശ്യപ്പെടുകയായിരുന്നു. ഗൗരവ് ഖന്ന, ഷഗുൺ ശർമ്മ, കരൺ വാഹി, വിശാൽ ആദിത്യ സിങ് എന്നിവരാണ് ടാസ്കിൽ പങ്കെടുത്തത്. മത്സരാർഥികൾ നിരന്നുനിൽക്കണമെന്നും അവരുടെ പുറകിലേക്ക് റബർ ബുള്ളറ്റുകൾ വെടിയുതിർക്കുമെന്നുമായിരുന്നു രോഹിത് ഷെട്ടി നൽകിയ നിർദ്ദേശം. ആദ്യത്തെ രണ്ടുപേർ ടാസ് ഉപേക്ഷിക്കുന്നത് വരെ ഈ വെടിവയ്പ്‌പ് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ടാസ്ക്ക് ആരംഭിക്കുന്നതിന് മുൻപ് തന്നെ ഗൗരവ് ആശങ്കയിലായിരുന്നു. “പുറത്ത് വെടിയുണ്ടകൾ കൊള്ളുന്നത് വളരെ വേദനയുള്ള കാര്യമാണ്. എങ്കിലും ഈ ഷോയിൽ എത്തിയാൽ അപകടങ്ങളെ നേരിടാതെ എന്ത് കളിക്കാരനാണ് ഞാൻ. ഇത് ടിവിയിൽ കാണുമ്പോൾ പോലും ആ വേദന ഞാൻ വീണ്ടും അറിയുന്നുണ്ട്. ജീവിതത്തിൽ ഇതുവരെ അനുഭവിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വേദനാജനകമായ നിമിഷമായിരുന്നു അത്. ഞങ്ങൾ നാലുപേരും ഈ ഘട്ടത്തിലൂടെയാണ് കടന്നുപോയത്.
ഇപ്പോഴും ശരീരത്തിൽ ആ പാടുകളുണ്ട്.’ ഗൗരവ് പറഞ്ഞു. സഹിക്കാനാവാത്ത വേദനയെത്തുടർന്ന് ഗൗരവും ഷഗുണും ടാസ്‌ക് ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് തന്റെ മുറിവുകളുടെ വിഡിയോ ഗൗരവ് ഇൻസ്‌റ്റാഗ്രാമിൽ പങ്കുവച്ചു. ടാസ്കിനിടെ സഹിക്കാനാവാത്ത വേദന കാരണം ഷഗൂൺ ശർമ പൊട്ടിക്കരഞ്ഞു. ഈ സമയത്ത് നടിയും സഹമത്സരാർഥിയുമായ ജാസ്മിൻ ഭസിൻ ഷഗുണിന് പിന്തുണയുമായെത്തി.
‘ടോക്സിക്’ സിനിമയുടെ വിജയത്തിന് തല മുണ്ഡനം ചെയ്ത് നയൻതാര! വൈറലായ ചിതങ്ങൾക്ക് പിന്നിൽ
കാവ്യ മാരനും അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നു?; ഗ്രീസിൽ നടക്കുന്ന സ്വകാര്യ ചടങ്ങിൽ വിവാഹമെന്ന് റിപ്പോർട്ട്