Tuesday, 11 August 2026
‘Honest storytelling is a powerful means of change
04:15:40 PM IST
National

‘ഇത് ഇന്ത്യന്‍ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല, രാജ്യത്തെ യുവാക്കളോട് പെരുമാറേണ്ട രീതിയല്ല ഇത്.’, വിദ്യാര്‍ത്ഥി സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

SHARE

ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ ഇന്ത്യന്‍ രീതിയല്ല ഇതെന്ന് ഓര്‍മ്മിപ്പിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. ജന്തര്‍ മന്തറിലെ പൊലീസ് നടപടിയില്‍ വ്യാപക പ്രതിഷേധം ഉയരുമ്പോഴും പ്രധാനമന്ത്രി മോദി തുടരുന്ന മൗനത്തെയാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് ചോദ്യം ചെയ്തത്. ഇത്തരം സമീപനം ‘അണ്‍-ഇന്ത്യന്‍’ ആണെന്ന് കടുത്ത ഭാഷയില്‍ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടുകയും ചെയ്തു. തലസ്ഥാനത്ത് ‘കോക്രോച്ച് ജനതാ പാര്‍ട്ടി’യുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തെത്തുടര്‍ന്ന് റോഡുകള്‍ ഉപരോധിക്കപ്പെട്ടിരുന്നു, വിദ്യാര്‍ത്ഥി പ്രതിഷേധക്കാരെ ഉരുക്കുമുഷ്ടിയുമായാണ് പൊലീസ് നേരിട്ടത്.

കടുത്ത ലാത്തിച്ചാര്‍ജിനും കണ്ണീര്‍വാതക പ്രയോഗത്തിനും സമരക്കാര്‍ ഇരയായി. വിദ്യാര്‍ത്ഥി സമരത്തെ നേരിടുന്ന രീതി ഇതാണോയെന്നാണ് രാജ്യമൊട്ടാകെ ചോദ്യം ഉയരുന്നത്. പ്രതിപക്ഷ എംപിമാര്‍ക്കൊപ്പം ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ട ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാര്‍ സമീപനത്തിന് നേര്‍ക്ക് ശക്തമായി പ്രതികരിച്ചത്.

‘ഇന്നലെ നടന്ന സംഭവത്തില്‍ മോദിജി ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ല. വിദ്യാഭ്യാസ-പരീക്ഷാ സമ്പ്രദായത്തിനെതിരെ യുവാക്കള്‍ പ്രതിഷേധിക്കുകയാണ്. ഈ സമ്പ്രദായം ചിതല്‍ അരിച്ചതുപോലെ പൊള്ളയായിക്കഴിഞ്ഞുവെന്ന് രാജ്യത്തിനൊന്നാകെ അറിയാം. എന്തുകൊണ്ടാണ് പ്രധാനമന്ത്രി മൗനം പാലിക്കുന്നത്? അദ്ദേഹം വിദ്യാര്‍ത്ഥികളോട് മാപ്പ് പറയുകയും, വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്ന ഈ അസംബന്ധ നടപടി അവസാനിപ്പിക്കുകയും വേണം,.

വിദ്യാര്‍ത്ഥികളുടെ ശബ്ദം കേന്ദ്രസര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നുവെന്ന് ആരോപിച്ച കോണ്‍ഗ്രസ് നേതാവ്, പരീക്ഷാ പ്രതിസന്ധിയെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്നും ആവശ്യപ്പെട്ടു. ഉടനടി ചര്‍ച്ചയ്ക്ക് അനുമതി നല്‍കാന്‍ കഴിയില്ലെന്ന് സ്പീക്കര്‍ അറിയിച്ചതായി രാഹുല്‍ പറഞ്ഞു ചൂണ്ടിക്കാട്ടി.

‘പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തുന്നതിന് സര്‍ക്കാരിന്റെ അനുമതി ആവശ്യമാണെന്നാണ് സ്പീക്കര്‍ ഞങ്ങളോട് പറഞ്ഞത്. ഇവിടെ നടക്കുന്നത് തികച്ചും ‘അണ്‍-ഇന്ത്യന്‍’ (ഇന്ത്യന്‍ മൂല്യങ്ങള്‍ക്ക് നിരക്കാത്ത) കാര്യമാണ്. ആളുകള്‍ മര്‍ദ്ദനത്തിനും ആക്രമണത്തിനും ഇരയാകുന്നു.”രാജ്യത്തെ യുവാക്കളോട് പെരുമാറേണ്ട രീതിയല്ല ഇത്. അവര്‍ക്ക് അവസരങ്ങളില്ല, എല്ലാ വഴികളും അടഞ്ഞിരിക്കുന്നു; മത്സരപ്പരീക്ഷകള്‍ക്കുള്ള ഒരേയൊരു വഴി മാത്രമാണ് അവശേഷിച്ചിരുന്നത്, അതും തകര്‍ക്കപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് മാത്രമല്ല, തങ്ങളുടെ ഭാവിയെക്കുറിച്ചുകൂടിയാണ് ഈ വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നത്,’

ഈ പ്രതിഷേധങ്ങള്‍ യുവാക്കളുടെ നിരാശയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി ആഭ്യന്തര മന്ത്രി, വിദ്യാഭ്യാസ മന്ത്രി, പ്രധാനമന്ത്രി എന്നിവര്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.

‘അംബാനി, അദാനി എന്നിവരുടെ ഇടപെടലുകളും വിദ്യാഭ്യാസ മേഖലയില്‍ ആര്‍.എസ്.എസ് (RSS) നടത്തുന്ന സമ്പൂര്‍ണ്ണ ആധിപത്യവുമാണ് വിദ്യാര്‍ത്ഥികളുടെ പരാതിക്ക് കാരണമെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ഇത് യുവാക്കളുടെ ഭാവിയെക്കുറിച്ചുള്ള വിഷയമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അംബാനിയുടെ വിവാഹത്തിനായി 1,000 കോടി രൂപ ചെലവഴിക്കുന്നത് സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങാന്‍ പണമില്ലാത്തവരും കണ്ടുകൊണ്ടിരിക്കുകയാണെന്നും ഇത് വിദ്യാഭ്യാസത്തിനപ്പുറമുള്ള വലിയൊരു വിഷയമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയില്‍ തങ്ങള്‍ക്ക് ഭാവിയുണ്ടെന്ന് തോന്നുന്നില്ലെന്നാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പറയുന്നത്. അവരുടെ ആവശ്യം ന്യായമാണ്. ധര്‍മേന്ദ്ര പ്രധാന്‍, ആഭ്യന്തര മന്ത്രി, പ്രധാനമന്ത്രി എന്നിവര്‍ രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് നടപടിയെക്കുറിച്ചും പരീക്ഷാ ക്രമക്കേടുകളെക്കുറിച്ചും ചര്‍ച്ച ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി, സമാജ്വാദി പാര്‍ട്ടി എം.പി ധര്‍മേന്ദ്ര യാദവ്, ശിവസേന (യു.ബി.ടി) എം.പി അരവിന്ദ് സാവന്ത്, ആര്‍.എസ്.പി എം.പി എന്‍.കെ. പ്രേമചന്ദ്രന്‍ തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതിന് ശേഷമാണ് രാഹുല്‍ ഗാന്ധി ശക്തമായ നിലപാട് പ്രഖ്യാപിച്ചത്. കൂടിക്കാഴ്ചയ്ക്ക് ശേഷം കോണ്‍ഗ്രസ് നേതാവ് ‘എക്‌സ്’ പ്ലാറ്റ്ഫോമില്‍ കുറിച്ചത് ഇങ്ങനെയാണ്: ‘ഞങ്ങളുടെ ആവശ്യം ലളിതമാണ്: ഇന്നലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ക്രൂരതയെക്കുറിച്ചും പരീക്ഷാ പ്രതിസന്ധിയുടെ കാര്യത്തില്‍ സര്‍ക്കാരിനുണ്ടായ പൂര്‍ണ്ണമായ ഉത്തരവാദിത്തമില്ലായ്മയെക്കുറിച്ചും പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ച നടക്കണം.’

സ്വന്തം ഭാവിയെക്കുറിച്ച് ന്യായമായ ചോദ്യങ്ങള്‍ ചോദിച്ചതിന് വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചു. ഇന്ത്യന്‍ യുവാക്കളുടെ ഭാവിയെക്കുറിച്ച് പാര്‍ലമെന്റിന് ചര്‍ച്ച ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, എന്തിനാണ് പാര്‍ലമെന്റെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ‘പ്രതിപക്ഷം ഇത് കുഴിച്ചുമൂടാന്‍ അനുവദിക്കില്ലെന്നും തെരുവുകളിലും പാര്‍ലമെന്റിലും വിദ്യാര്‍ത്ഥികളുടെ ശബ്ദം കേള്‍ക്കുമെന്ന് ഞങ്ങള്‍ ഉറപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →