നേമത്തെ നാമജപ പരീക്ഷണങ്ങള്‍

ഡോ: സെബാസ്റ്റ്യന്‍ പോള്‍

നേമത്ത് കോണ്‍ഗ്രസിന്റെ വേവലാതിക്ക് അറുതിയായി. കെ മുരളീധരനാണ് സ്ഥാനാര്‍ത്ഥി. “മുരളിക്ക് നറുക്ക്””- എന്നാണ് മനോരമയില്‍ കണ്ട തലക്കെട്ട്. ഒരു പദവിക്ക് ഒന്നില്‍ കൂടുതല്‍ അവകാശികളോ ആവശ്യക്കാരോ ഉണ്ടാകുമ്പോഴാണ് നറുക്കിടുന്നത്. ആരെയെങ്കിലും ബലി കൊടുക്കുമ്പോഴും നറുക്കിടാറുണ്ട്. നേമത്ത് സ്ഥാനാര്‍ത്ഥിയെ കിട്ടാന്‍ കോണ്‍ഗ്രസ് പെടാപ്പാട് പെടുകയായിരുന്നു. ഉമ്മന്‍ ചാണ്ടിയെ അവിടെ ഒതുക്കാനായിരുന്നു രമേശ് ചെന്നിത്തലയുടെ പാളിപ്പോയ പദ്ധതി. മുല്ലപ്പള്ളിയുടെ ആശീര്‍വാദവും അതിനുണ്ടായിരുന്നു. ഒന്നും നഷ്ടപ്പെടാനില്ലാത്ത അവസ്ഥയിലാണ് ഗോദയിലേക്കുള്ള മുരളീധരന്റെ സാഹസികമായ കുതിച്ചുചാട്ടം. വാര്‍ത്തയുണ്ടാക്കിയത് നേട്ടം. കൈയിലിരിക്കുന്നതു പോകുകയുമില്ല. താരം മുരളീധരന്‍ എന്നാണ് സുപ്രഭാതം നല്‍കിയ തലക്കെട്ട്. യഥാര്‍ത്ഥ താരം ആകണമെങ്കില്‍ കുഞ്ഞാലിക്കുട്ടിയെപ്പോലെ ലോക്‌സഭാംഗത്വം രാജിവച്ച് മത്സരത്തിനിറങ്ങണമായിരുന്നു. ജയിക്കില്ലെന്ന് ഉറപ്പുള്ളപ്പോള്‍ അതിന്റെ ആവശ്യമില്ലെന്നു പറയാം. വട്ടിയൂര്‍ക്കാവിലെപ്പോലെ വടകരയില്‍ ഉപതിരഞ്ഞെടുപ്പ് ഉണ്ടാക്കാനാവില്ല. കക്ഷത്തിലുള്ളത് പോവില്ലെന്ന ഉറപ്പോടെയാണ് മുരളീധരന്‍ ഉത്തരത്തിലേക്ക് കൈ ഉയര്‍ത്തുന്നത്.

അജാതശത്രുവിനെപ്പോലെയാണ് മുരളീധരന്‍ അവതരിപ്പിക്കപ്പെടുന്നത്. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയിട്ടുള്ള ആളാണ് മുരളീധരന്‍. നിയമസഭാംഗമാകാതെ മന്ത്രിയാവുകയും മന്ത്രിയായിരുന്നുകൊണ്ട് ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് തോല്‍ക്കുകയും ചെയ്ത ഒരു വടക്കാഞ്ചേരി ചരിത്രം ഈ മാന്യദേഹത്തിനുണ്ട്. തോല്‍വി അയോഗ്യതയായി കാണുന്നയാളല്ല പല വട്ടം തോറ്റിട്ടുള്ള ഞാന്‍. പക്ഷേ വടക്കാഞ്ചേരിയിലെ മുരളീധരന്റെ തോല്‍വി ജനങ്ങളുടെ ക്രൂരമായ ഫലിതമായിരുന്നു. അതിന്റെ കലിപ്പ് മുരളീധരനു ഇനിയും മാറിയിട്ടില്ല. അതുകൊണ്ട് അദ്ദേഹം വട്ടിയൂര്‍ക്കാവിലെ വിജയം കാറ്റില്‍ പറത്തി വടകരയിലെത്തി. ഇപ്പോള്‍ വടകര വിട്ട് നേമത്തെത്തി. അക്കരപ്പച്ച ഒരു മനോരോഗമാകുന്നത് മുരളീധരന്റെ കാര്യത്തിലാണ്. ഏതായാലും പി ജയരാജന് ഒരിക്കല്‍ക്കൂടി വടകരയില്‍ ഭാഗ്യം പരീക്ഷിക്കുന്നതിനുള്ള അവസരം നേമത്തെ വോട്ടര്‍മാര്‍ നല്‍കുമെന്ന് തോന്നുന്നില്ല.

എന്താണ് നേമത്തിന്റെ പ്രാധാന്യം? നേമം കേരളത്തിലെ ഗുജറാത്തെന്ന് ഏതോ ബിജെപി നേതാവ് പ്രഖ്യാപിച്ചത് ഏറ്റുപിടിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് നേമത്തെ മഹാസംഭവമാക്കിയത്. നിരന്തരം പരാജയപ്പെടുന്ന ഒ രാജഗോപാലിന് കേരളം നല്‍കിയ ദയാവധമായിരുന്നു നേമം. ആ വിധിയോട് പൊരുത്തപ്പെടുന്നതിനുള്ള വിവേകം രാജഗോപാലിനുണ്ടായി. അമിതമായ അവകാശവാദങ്ങള്‍ അദ്ദേഹം നടത്തിയിട്ടില്ല. ഇനി സംഭവിക്കാന്‍ പോകുന്നത് എന്തെന്നും അദ്ദേഹത്തിനറിയാം. അതുകൊണ്ടാണ് കുമ്മനം തന്റെ പിന്‍ഗാമിയാവില്ലെന്ന് കുമ്മനത്തെ അടുത്തിരുത്തി ദീര്‍ഘദര്‍ശിയെപ്പോലെ അദ്ദേഹം പറഞ്ഞത്. പക്ഷേ കോണ്‍ഗ്രസുകാര്‍ നേമം എന്നു കേള്‍ക്കുമ്പോള്‍ വിറയ്ക്കുന്ന അവസ്ഥയുണ്ടായി. അവിടെ 2016 ആവര്‍ത്തിക്കാതിരിക്കുന്നതിന് എല്‍ഡിഎഫിന്റെ ശിവന്‍കുട്ടി ഇറങ്ങിയിട്ടുണ്ട്. ശിവന്‍കുട്ടിയുടെ താണ്ഡവം കാണാനിരിക്കുന്നതേയുള്ളു. അതിനിടയില്‍ ഒരു വീണ്‍വാക്കിന്റെ പേരില്‍ ചകിതരായ കോണ്‍ഗ്രസുകാര്‍ നേമത്തെ ബിജെപിക്ക് പതിച്ചു നല്‍കാനാണ് ഇറങ്ങിയിരിക്കുന്നത്. പഞ്ചാബി ഹൗസില്‍ ഗോദയിലേക്കിറങ്ങാതെ വാചകമടിച്ചു നില്‍ക്കുന്ന കൊച്ചിന്‍ ഹനീഫയെയും ഹരിശ്രീ അശോകനെയുമാണ് കെപിസിസി നേതാക്കള്‍ അനുസ്മരിപ്പിച്ചത്.

രണ്ടു വട്ടം ദുര്‍ബലരായ ഘകടകക്ഷി സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ച് മണ്ഡലം കൈവിട്ട ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. അത് തിരുത്തുന്നതിനുള്ള അവസരമാണ് മുരളീധരനു ലഭിച്ചിരിക്കുന്നത്. നിയമസഭയില്‍ യുഡിഎഫിനു ഭൂരിപക്ഷമുണ്ടായാല്‍ മുരളീധരന്‍ ന്യായമായ ചില ആവശ്യങ്ങള്‍ ഉന്നയിക്കും. പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിടുന്ന കരുത്തനായ നേതാവെന്ന പ്രതിച്ഛായയോടെ ആയിരിക്കും അദ്ദേഹം സഭയിലെത്തുന്നത്. മുരളീധരന്‍ ജയിക്കുകയും യുഡിഎഫ് പ്രതിപക്ഷത്താവുകയും ചെയ്താലോ? മുരളീധരനായിരിക്കും പ്രതിപക്ഷനേതാവ്. മുരളീധരനു കയറാനുള്ള ഏണിയാണ് ചാണ്ടിയും ചെന്നിത്തലയും ചേര്‍ന്ന് വച്ചുകൊടുത്തിരിക്കുന്നത്.

ഇനി ധര്‍മടത്തോ? കുമ്മനത്തെ (അതോ ശിവന്‍കുട്ടിയേയോ!) എതിരിടാന്‍ ഇത്ര വലിയ തോതില്‍ കോപ്പ് കൂട്ടുകയും കച്ച മുറുക്കുകയും ചെയ്ത കോണ്‍ഗ്രസ് ശരിയായി പടയ്ക്കിറങ്ങേണ്ടത് ധര്‍മടത്താണ്. ഇതെഴുതുമ്പോഴും അവിടെ യുഡിഎഫിനു സ്ഥാനാര്‍ത്ഥിയായിട്ടില്ല. പിണറായി വിജയന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു കഴിഞ്ഞു. മുരളീധരന്റെ മാതൃക പിന്‍തുടര്‍ന്ന് പിണറായി വിജയനെ നേരിടാന്‍ കെ സുധാകരന്‍തന്നെ രംഗത്തിറങ്ങണം. തീ പാറുന്നെങ്കില്‍ അത് ഏറ്റവും നന്നായി പാറേണ്ടത് മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ്.