നാളെ മുതല്‍ മൊബൈല്‍ സിമ്മുകള്‍ പ്രവര്‍ത്തനരഹിതമാകുമോ ?

ജനുവരി ഏഴു മുതല്‍ വോയിസ് കോളുകള്‍ റദ്ദാക്കും എന്ന സന്ദേശം ഇന്ത്യയിലെ പല മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കും ലഭിച്ചിട്ടുണ്ട്. ഈ നമ്പരില്‍ സേവനം തുടര്‍ന്നും ലഭിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മ്‌റ്റേതെങ്കിലും നെറ്റുവര്‍ക്കിലേക്ക് പോര്‍ട്ട് ചെയ്യണമെന്നാണ് സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്.

സ്വകാര്യ ടെലികോം നെറ്റുവര്‍ക്കുകളിലേക്കാണ് ഇത്തരത്തിലുള്ള മെസേജുകള്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ക്കെതിരെ ടെലികോം കമ്പനികള്‍ തന്നെ ഇപ്പോള്‍ രംഗത്ത് എത്തിക്കൊണ്ടിരിക്കുകയാണ്. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ സിം കാര്‍ഡ് ഡിസ്‌കണക്ടാകും എന്ന മെസേജും സേവനദാതാക്കളില്‍നിന്ന് വരാറുണ്ട്. ആധാറുമായി ലിങ്ക് ചെയ്യാത്ത ആളുകളാണ് ഈ വ്യാജ സന്ദേശത്തില്‍ പെട്ടുപോകുന്നത്. ആധാറുമായി സിം കാര്‍ഡ് ബന്ധിപ്പിക്കേണ്ട അവസാന തിയതി ഫെബ്രുവരി ആറാണ്. ഇതുമായി ബന്ധപ്പെടുത്തിയാണ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്.

നെറ്റുവര്‍ക്ക് മാറണം എന്ന് മാത്രമാണ് വ്യാജ സന്ദേശത്തില്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, ഏത് നെറ്റുവര്‍ക്കെന്ന് പരാമര്‍ശിച്ചിട്ടുമില്ല. ഇത് ആളുകള്‍ക്ക് ചെറുതല്ലാത്ത ആശയകുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്.

ജിയോ വോഡഫോണ്‍ ഐഡിയ എയര്‍ടെല്‍ തുടങ്ങിയ നെറ്റുവര്‍ക്ക് ഉപയോഗിക്കുന്നവര്‍ പരാതിയുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയപ്പോള്‍ കമ്പനികള്‍ തന്നെ അതിന് മറുപടിയുമായി എത്തുന്നുണ്ട്.