എന്‍.ഐ.ആര്‍.എഫ് റാങ്കിംഗ്: രാജ്യത്തെ മികച്ച നൂറ് സ്ഥാപനങ്ങളില്‍ ഇടംനേടിയത് കേരളത്തിലെ അഞ്ച് സ്ഥാപനങ്ങള്‍

രാജ്യത്തെ ഏറ്റവും മികച്ച കോളജുകളെയും സര്‍വകലാശാലകളെയും കണ്ടെത്തുന്നതാണ് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ എന്‍ഐആര്‍എഫ് റാങ്കിംഗില്‍ ഏറ്റവും മികച്ച കോളജായി വീണ്ടും മദ്രാസ് ഐഐടിയെ തിരഞ്ഞെടുത്തു. എന്‍ജിനീയറിംഗ് വിഭാഗത്തിലും സ്ഥാപനം ഒന്നാം സ്ഥാനത്തെത്തി. റാങ്കിംഗില്‍ ഇടംനേടി കേരളത്തിലെ അഞ്ച് സ്ഥാപനങ്ങള്‍.

രാജ്യത്തെ മികച്ച സര്‍വകലാശാലകളില്‍ 42ാം സ്ഥാനമാണ് കേരള സര്‍വകലാശാലയ്ക്ക്. എംജി സര്‍വകലാശാല 49ാം സ്ഥാനം കരസ്ഥമാക്കി. 76ാം സ്ഥാനത്താണ് കാലിക്കറ്റ് സര്‍വകലാശാല. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (ഐഐഎസ്ഇആര്‍) തിരുവനന്തപുരം 80ാം സ്ഥാനത്തും കൊച്ചിന്‍ സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) 89ാം സ്ഥാനവുമാണ് നേടിയത്.

അതേസമയം, സര്‍വകലാശാലകളുടെ വിഭാഗത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയത് ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സാണ്. രണ്ടാം സ്ഥാനം ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി കരസ്ഥമാക്കി. ഇന്ത്യയിലെ ഏറ്റവും മികച്ച കോളജുകളെ കണ്ടെത്തുന്നതിനുള്ള റാങ്കിംഗാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷനല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക്.

ഈ വര്‍ഷം റാങ്കിങ്ങില്‍ പങ്കെടുത്തത് മുന്‍വര്‍ഷത്തെക്കാള്‍ 20 ശതമാനം അധികം കോളജുകളായിരുന്നു. റാങ്കിങ്ങിനായി 3800 സ്ഥാപനങ്ങള്‍ പങ്കെടുത്തു. ദന്തല്‍ കോളജുകള്‍ക്കായുള്ള റാങ്കിംഗും ഈ വര്‍ഷമാണ് ആദ്യമായി ഏര്‍പ്പെടുത്തിയത്.