യുഎസ്,യുകെ,ഒാസ്ത്രേല്യ,സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ വിസ ചട്ടങ്ങള്‍ കര്‍ശനമാക്കുന്നു; ഇന്ത്യന്‍ ഐടി മേഖലയ്ക്ക് ശനിദശ

വിദേശ രാജ്യങ്ങളിലെ പുതുക്കിയ വിസ ചട്ടങ്ങള്‍ ഇന്ത്യയിലെ ഐടി മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. യുഎസ്, യുകെ, ഒാസ്ത്രേല്യ തുടങ്ങിയ രാജ്യങ്ങളിലെ പുതുക്കിയ വിസ നിയമങ്ങളാണ് എടി മേഖലയെ ദോഷകരമായി ബാധിക്കുക. 150 ബില്ല്യണ്‍ ഡോളറോളം തുകയുടെ വരുമാനം നേടിയാല്‍ പോലും 2018 ല്‍ ഐടി മേഖല ഗുരുതരമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്ന് മുന്‍ നാസ്‌കോം ചെയര്‍മാന്‍ ബിവിആര്‍ മോഹന്‍ റെഡ്ഡി ചൂണ്ടിക്കാട്ടി.

പുതുക്കിയ വിസ നിയമങ്ങള്‍ പ്രകാരം മറ്റു രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രാ സംവിധാനങ്ങളില്‍ തടസ്സങ്ങള്‍ നേരിടേണ്ടി വരും. ട്രംപ് സര്‍ക്കാറിന്റെ വിസ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനവുമാണ്. അതിനാല്‍ ഐടി മേഖല കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. ആ മേഖലയില്‍ സാമ്പത്തികമായി നഷ്ടങ്ങള്‍ ഉണ്ടാകാനും ഇത് വഴിയൊരുക്കുമെന്ന് മോഹന്‍ റെഡ്ഡി കൂട്ടിച്ചേര്‍ത്തു. 2017 ല്‍ ഇന്ത്യയിലെ ഐടി മേഖല മികച്ച നേട്ടങ്ങള്‍ കൊയ്തിരുന്നതായും റെഡ്ഡി ചൂണ്ടിക്കാട്ടി. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സാങ്കേതികതയും മനുഷ്യധ്വാനവും ഒരുപോലെ ഉപയോഗിക്കാനും രാജ്യത്തിന് സാധിച്ചു. എന്നാല്‍ പുതുക്കിയ വിസ് ചട്ടങ്ങള്‍ ഇത്തരം സാധ്യതകള്‍ക്ക് വിലക്കുകളേര്‍പ്പെടുത്തുന്നുവെന്ന് റെഡ്ഡി പറഞ്ഞു.

യുകെ, ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലാണ് വിസ നിയമം കര്‍ശനമാക്കിയത്. വിദേശത്ത് ജോലി ചെയ്യുന്ന ഐടി ഉദ്യോഗസ്ഥരേയും വിദേശ പഠനം ആഗ്രഹിക്കുന്നവരേയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്. ട്രംപ് പ്രസിഡന്റ് ആയതിന് ശേഷം യാത്രാവിലക്കും എച്ച്1 ബി, എല്‍1 വിസകളുടെ നിരക്ക് ഇരട്ടിയാക്കിയതും ഇന്ത്യയിലെ ഐടി മേഖലയ്ക്ക് വന്‍ തിരിച്ചടി ആയിരുന്നു. ഇതിന് പിന്നാലെ മറ്റു രാജ്യങ്ങളും കര്‍ക്കശ നിയന്ത്രണം കൊണ്ടുവരുകയായിരുന്നു.

ഇന്ത്യക്കാരെ ഒഴിവാക്കി തദ്ദേശീയര്‍ക്കു കൂടുതല്‍ ജോലി നല്‍കുകയാണു വിസ നിയന്ത്രണം വഴി ലക്ഷ്യമാക്കുന്നത്. ഐടി മേഖലയില്‍ ഇന്ത്യക്കാര്‍ക്കു പകരം തദ്ദേശീയര്‍ക്കും തൊഴില്‍ നല്‍കാന്‍ ഇന്ത്യന്‍ കമ്പനികളോട് സിംഗപ്പൂര്‍ ആവശ്യപ്പെട്ടിരുന്നു. യുകെയില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന 30,000 ഇന്ത്യക്കാരുടെ വിസ പുതുക്കി നല്‍കാത്തതും ഐടി മേഖലയിലെ സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിക്കുന്നു.യുഎസിലെ തൊഴില്‍ അവസാനിപ്പിച്ച് ഇന്ത്യയില്‍ ജോലി അന്വേഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2017 മാര്‍ച്ച് വരെ 7000 പേരാണ് അപേക്ഷ നല്‍കിയത്. വിദഗ്ധ തൊഴില്‍ മേഖലയില്‍ അനുവദിക്കുന്ന ഹ്രസ്വകാല വിസകളായ എച്ച്1ബി, എല്‍1 വിസകളുടെ അപേക്ഷകളിലും വന്‍ ഇടിവുണ്ടായിട്ടുണ്ട്.