വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാം; സൗകര്യം ഒരുക്കി എം.ജി, കാലിക്കറ്റ് സര്‍വകലാശാലകളും

കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാനുള്ള സൗകര്യമൊരുക്കി എം.ജി, കാലിക്കറ്റ് സര്‍വകലാശാലകളും. മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ആറാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിലവില്‍ താമസിക്കുന്ന ജില്ലയിലും ലക്ഷദ്വീപിലുള്ളവര്‍ക്ക് അവിടെയും പരീക്ഷയെഴുതാനുള്ള സൗകര്യമൊരുക്കാന്‍ ഓപ്ഷന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു.

മേയ് 24 വരെ www.mgu.ac.in ലിങ്കില്‍ പ്രവേശിച്ച് എക്സാമിനേഷന്‍ രജിസ്ട്രേഷന്‍ വഴി ഓപ്ഷന്‍ നല്‍കാം. ആറാം സെമസ്റ്റര്‍ റെഗുലര്‍, പ്രൈവറ്റ് ബിരുദ വിദ്യാര്‍ത്ഥികള്‍ക്കു മാത്രമാണ് ഓപ്ഷന്‍ നല്‍കാവുന്നത്. ടൈംടേബിളും ഓപ്ഷന്‍ നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷാകേന്ദ്രവും പിന്നീട് പ്രസിദ്ധീകരിക്കും. ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിച്ച പ്രിന്റ്ഔട്ട്, ഹാള്‍ ടിക്കറ്റ്, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ പരീക്ഷയ്ക്കെത്തുമ്പോള്‍ പരിശോധനയ്ക്കു നല്‍കണമെന്ന് പരീക്ഷാകണ്‍ട്രോളര്‍ അറിയിച്ചു.

ജൂണ്‍ രണ്ടിന് ആരംഭിക്കുന്ന കാലിക്കറ്റ് സര്‍വകലാശാല പി.ജി. നാലാം സെമസ്റ്റര്‍ (സി.യു.സി.എസ്.എസ്.) റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷയെഴുതുന്ന സര്‍വകലാശാലയ്ക്കു കീഴിലെ കോളജുകളിലെ വിദ്യാര്‍ത്ഥികളില്‍ അന്യ ജില്ലകളിലുള്ളവര്‍ക്ക് അവര്‍ ഇപ്പോള്‍ താമസിക്കുന്ന ജില്ലകളില്‍ തന്നെ പരീക്ഷയെഴുതാന്‍ അനുവദിക്കും. https://www.uoc.ac.in/ വഴി മേയ് 25-നകം രജിസ്റ്റര്‍ ചെയ്യണം.