ട്രിപ്പിള്‍ ലോക്ഡൗണ്‍: ഹയര്‍ സെക്കന്‍ഡറി ഫലപ്രഖ്യാപനം വൈകാന്‍ സാധ്യത

തിരുവന്തപുരം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ പ്ലസ്ടു ഫലം വൈകാന്‍ സാദ്ധ്യത. ലോക്ഡൗണില്‍ നടപടിക്രമങ്ങള്‍ വൈകുന്നതിനാല്‍ നിയന്ത്രണങ്ങളില്‍ ഇളവു വന്ന ശേഷം മാത്രമേ ഫലപ്രഖ്യാപനം ഉണ്ടാകുമെന്ന് കേരള ഡയറക്ടറേറ്റ് ഓഫ് ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ അറിയിച്ചു.

നടപടിക്രമങ്ങള്‍ക്കായി നാല് ദിവസത്തോളം സമയമെടുക്കും അതിനാല്‍ ജൂലെ 16, 17 തിയതികളിലായി മാത്രമേ ഫലപ്രഖ്യാപനം നടത്താന്‍ സാധിക്കൂ എന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ ആശ്രയിച്ചിരിക്കുമെന്നും ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ജൂലൈ 10-ന് പ്ലസ് ടു ഫലവും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലവും പ്രഖ്യാപിക്കും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ട്രിപ്പിള്‍ ലോക്ഡൗണിനെ തുടര്‍ന്ന് കേരള സര്‍വകലാശാല, എം.ജി. സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചു.

തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലെ പരീക്ഷാകേന്ദ്രങ്ങളില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ പരീക്ഷകള്‍ നടക്കില്ല. കോര്‍പ്പറേഷന്‍ പരിധിയില്‍ പരീക്ഷ പിന്നീട് നടത്തും. മറ്റു കേന്ദ്രങ്ങളില്‍ പരീക്ഷയ്ക്ക് മാറ്റമില്ലെന്ന് സര്‍വകലാശാല അറിയിച്ചു.