പി എസ് സി പരീക്ഷ അടിമുടി മാറുന്നു, പ്രധാന മാറ്റങ്ങൾ ഇങ്ങനെ....

പിഎസ്‌സി പരീക്ഷയിലെ പരിഷ്‌കരണം ഈ വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരികയാണ്. സമഗ്രമായ മാറ്റമാണ് പരീക്ഷകളില്‍ കൊണ്ടുവരുന്നത്.ഒറ്റപരീക്ഷയും ഒറ്റവാക്കിൽ ഉത്തരമെഴുതുന്ന രീതിയും ഇനിയുണ്ടാകില്ലെന്നതാണ് പ്രധാന മാറ്റം. ഇപ്പോഴുള്ള റാങ്ക് പട്ടികകളുടെ കാലാവധി തീരുന്ന മുറയ്ക്കായിരിക്കും പുതിയ രീതിയിലുള്ള പരീക്ഷകൾ നടത്തുക.

പ്രധാന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

1. അസിസ്റ്റൻറ് എന്‍ജിനീയര്‍,കോളേജ് അധ്യാപകര്‍, ഹയര്‍സെക്കണ്ടറി അധ്യാപകര്‍, മുന്‍സിപ്പല്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയ തസ്തികകളിലേക്കെല്ലാം ഇനിമുതല്‍ രണ്ടുപരീക്ഷയാകും ഉണ്ടാവുക. രണ്ട് പരീക്ഷയിലും പാസ്സാകുന്നവരെയാണ് ഇന്റര്‍വ്യൂവിന് വിളിക്കുക.

2. എഴുത്ത് പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ സ്‌കാന്‍ ചെയ്തശേഷം ഓണ്‍ലൈനായിട്ടാണ് മൂല്യനിര്‍ണ്ണയം നടത്തുക. രണ്ടോ, മൂന്നോ കേന്ദ്രങ്ങളില്‍ ഇത്തരത്തില്‍ ഒരേ ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയത്തിന് വിധേയമാക്കും. മൂല്യനിര്‍ണ്ണയസമയത്തു തന്നെ ടാബുലേഷന്‍ വര്‍ക്കുകളും പൂര്‍ത്തിയാക്കും.

3. സമാന സ്വഭാവവും വിദ്യാഭ്യാസയോഗ്യതയുമുള്ള പരീക്ഷകള്‍ ഒരുമിച്ച് നടത്തുന്നതാണ് മൂന്നാമത്തെ മാറ്റം. അതായത്, എസ് എസ് എല്‍ സി, പ്ലസ് ടൂ, ഡിഗ്രി യോഗ്യതയുള്ള തസ്തികകളില്‍ ഇനി ഒന്നിച്ചാവും പരീക്ഷ നടത്തുക.

4. എഴുത്തു പരീക്ഷയിലുള്ള മാറ്റങ്ങള്‍ കൂടാതെ, ഓണ്‍ലൈന്‍ പരീക്ഷയും പിഎസ്‌സി ഈ വര്‍ഷം അവതരിപ്പിക്കുന്നുണ്ട്. 5000 പേരില്‍ കൂടുതല്‍ അപേക്ഷിക്കുന്ന തസ്തികകളിലേക്ക് ഓണ്‍ലൈന്‍ പരീക്ഷ നടത്താനുള്ള ഒരുക്കത്തിലാണ് പിഎസ്‌സി.

5. സർക്കാർ എന്‍ജിനിയറിംഗ് കോളേജുകള്‍, പോളിടെക്‌നിക്കുകള്‍ ,കോളേജുകള്‍ എന്നിവിടങ്ങളിലെ കംപ്യൂട്ടര്‍ സംവിധാനം ഉപയോഗിച്ച് ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കാനാണ് പദ്ധതി.