ബിഎസ്എന്‍എല്ലിന്റെ പുതുവര്‍ഷ സമ്മാനം; മലയാളികള്‍ ഡബിള്‍ ഹാപ്പിയാകും

പുതുവര്‍ഷത്തില്‍ 4ജി സേവനം ആരംഭിക്കാനൊരുങ്ങി ബിഎസ്എന്‍എല്‍. ഇന്ത്യയിലെ സ്വകാര്യ ടെലികോം കമ്പനികളെല്ലാം 4ജി നെറ്റുവര്‍ക്ക് ശക്തിപ്പെടുത്തി കഴിഞ്ഞു. സ്വകാര്യ കമ്പനികളെല്ലാം തന്നെ 4ജിയിലേക്ക് കടന്നിട്ടും ബിഎസ്എന്‍എല്‍ 3ജിയില്‍ തുടരുന്നത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇത്തരം വിമര്‍ശനങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ 4ജി സേവനങ്ങള്‍ അവതരിപ്പിക്കുന്നത്.

ഇന്ത്യയിലാദ്യം ബിഎസ്എന്‍എല്‍ 4ജി അവതരിപ്പിക്കുന്നത് കേരളത്തിലായിരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തിന് ശേഷമായിരിക്കും ഒഡീഷയില്‍ ബിഎസ്എന്‍എല്‍ 4ജി അവതരിപ്പിക്കുക.

5 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രവും, 2100 എംഎച്ച്ഇസെഡ് ബാന്‍ഡ്‌വിത്തും ഉപയോഗിച്ചാണ് ബിഎസ്എന്‍എല്‍ 4ജി രംഗത്തേക്ക് ഇറങ്ങുന്നത്. ഇതേ രീതിയില്‍ വീണ്ടും 5 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം കൂടി 4ജി സേവനം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമാണെന്നാണ് ബിഎസ്എന്‍എല്ലിന്റെ കണക്കുകൂട്ടല്‍. നിലവില്‍ രാജ്യത്ത് ജിയോ, ഏയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നിവര്‍ 4ജി സേവനം നല്‍കുന്നുണ്ട്.

ഇന്ത്യയില്‍ 10 കോടി മൊബൈല്‍ ഉപയോക്താക്കള്‍ ബിഎസ്എന്‍എല്ലിനുണ്ട്. ഉപഭോക്താക്കള്‍ക്കായി 2018 മെയ് മാസത്തിനുള്ളില്‍ 10,000 4ജി ടവറുകള്‍ സ്ഥാപിക്കാനാണ് ബിഎസ്എന്‍എല്‍ പദ്ധതിയിടുന്നത്.