Wednesday, 9 September 2026
‘Honest storytelling is a powerful means of change
11:47:41 AM IST
Kerala

‘അത് വെളിപ്പെടുത്താനാകില്ല’; വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ വിവരങ്ങൾ നൽകാനാകില്ലെന്ന് സർക്കാർ; മറുപടി വിവരാവകാശ പ്രവർത്തകൻ നൽകിയ അപേക്ഷയിൽ

ന്യൂസ് ഡെസ്ക് 7 August 2026, 2:00 pm
SHARE

സംസ്ഥാന പോലീസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററുമായി ബന്ധപ്പെട്ട വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താനാകില്ലെന്ന് സർക്കാർ. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാല നൽകിയ അപേക്ഷയ്ക്ക് മറുപടിയായാണ് സംസ്ഥാന പോലീസ് ആസ്ഥാനത്ത് നിന്ന് ഇക്കാര്യം അറിയിച്ചത്.

ഹെലികോപ്റ്ററിന്റെ ഉപയോഗം, വാടക കരാർ തുടങ്ങിയ വിവരങ്ങൾ പോലീസ് ആസ്ഥാനത്തെ രഹസ്യാത്മക വിഭാഗവുമായി ബന്ധപ്പെട്ടതാണെന്നും, ഈ വിഭാഗത്തെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വിവരങ്ങൾ നൽകാനാകില്ലെന്ന് അധികൃതർ വ്യക്തമാക്കിയത്.

ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്ത തീയതി, പ്രതിമാസ വാടക തുക, കരാർ ആരംഭിച്ചതുമുതൽ ജൂലൈ 31 വരെ നൽകിയ വാടക തുക, ഹെലികോപ്റ്റർ നൽകിയ കമ്പനി, നിലവിലെ കരാർ അവസാനിക്കുന്ന തീയതി, കരാറിന്റെ പകർപ്പ് തുടങ്ങിയ വിവരങ്ങളാണ് അപേക്ഷകൻ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിരുന്നത്.

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രകൾ വിവാദമായ പശ്ചാത്തലത്തിലാണ് ഈ വിവരങ്ങൾ തേടി അപേക്ഷ നൽകിയത്. ഹെലികോപ്റ്റർ മുഖ്യമന്ത്രി സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ, ഒരു നിക്ഷേപകനെ കാണാനാണ് ഹെലികോപ്റ്റർ ഉപയോഗിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. അതേസമയം, ആ നിക്ഷേപകനെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താൻ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല.

Read More
s
ന്യൂസ് ഡെസ്ക്
View all posts →