വാട്ട്‌സ്ആപ്പില്‍ സുരക്ഷ എങ്ങനെ നിങ്ങളുടെ നിയന്ത്രണത്തിലാക്കാം?

തെറ്റായ വിവരങ്ങളുടെ വ്യാപനം എന്ന സങ്കീര്‍ണ്ണമായ പ്രശ്‌നം പരിഹരിക്കാന്‍ ഒറ്റമൂലി ലഭ്യമല്ലെങ്കിലും, തങ്ങളുടെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവര്‍ സുരക്ഷിതരായി തുടരുന്നു എന്ന് ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ വാട്ട്‌സ്ആപ്പ് പ്രതിജ്ഞാബദ്ധരാണ്. ഉപയോക്താക്കള്‍ സ്വയം ശാക്തീകരിക്കേണ്ടതും തെറ്റായ വിവരങ്ങളുടെ കണ്ണിയില്‍ നിന്ന് സ്വയം ഒഴിഞ്ഞു നില്‍ക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതും വളരെ പ്രധാനപ്പെട്ട കാര്യമാണ്.

വാട്ട്‌സ്ആപ്പില്‍ ഉപയോക്താക്കളുടെ സുരക്ഷയുടെ നിയന്ത്രണം സ്വന്തം കൈപ്പിടിയിലാക്കാനുള്ള ചില ടിപ്പ്‌സ് ഇതാ;

ഫോര്‍വേര്‍ഡഡ് ലേബലുകള്‍: ഉപയോക്താവിന് ഫോര്‍വേര്‍ഡ് ചെയ്‌തൊരു സന്ദേശം ലഭിക്കുമ്പോള്‍, ഇത് കൈമാറി വന്നതാണെന്ന കാര്യം എടുത്തു കാണിക്കാന്‍ വാട്ട്‌സ്ആപ്പ് സന്ദേശത്തിനൊപ്പം ഒരു ലേബല്‍ ചേര്‍ക്കും. ചെയിന്‍ മെസേജ് പോലെ ഒരുപാട് തവണ ഫോര്‍വേഡ് ചെയ്ത മെസേജുകള്‍ തിരിച്ചറിയാന്‍ ഞങ്ങള്‍ കഴിഞ്ഞയിടയ്ക്ക് ഒരു ഡബിള്‍ ആരോ ഐക്കണ്‍ ചേര്‍ത്തു.

മെസേജ് അയച്ചയാള്‍ സൃഷ്ടിച്ചതല്ല ഇതെന്ന് വായിക്കുന്നയാള്‍ക്ക് ബോദ്ധ്യപ്പെടാന്‍ ഈ സുചകങ്ങള്‍ സഹായിക്കുന്നു. ഫോര്‍വേര്‍ഡ് ചെയ്ത് കിട്ടിയ സന്ദേശങ്ങള്‍ മറ്റൊരാള്‍ക്ക് പങ്കിടുന്നതിന് മുമ്പ് അതിലെ യാഥാര്‍ത്ഥ്യം സ്ഥിരീകരിക്കണമെന്ന് ഞങ്ങള്‍ ആളുകളെ ബോധവത്ക്കരിച്ചു കൊണ്ടിരിക്കുകയാണ്.

ഗ്രൂപ്പ് ക്രമീകരണം: ഗ്രൂപ്പ് സ്വകാര്യതാ ക്രമീകരണത്തിലൂടെ, ഗ്രൂപ്പിലേക്ക് നിങ്ങളെ ചേര്‍ക്കാന്‍ നിങ്ങളുടെ അനുവാദം ആവശ്യമാണ് എന്ന തരത്തില്‍ സജ്ജീകരിക്കാന്‍ കഴിയും. ഇത് പ്രവര്‍ത്തനക്ഷമമാക്കാന്‍, നിങ്ങളുടെ ആപ്പിലെ ക്രമീകരണത്തിലേക്ക് പോകുക, അതിനു ശേഷം അക്കൌണ്ട് > സ്വകാര്യത > ഗ്രൂപ്പുകള്‍ എന്നതില്‍ ടാപ്പ് ചെയ്ത് “എല്ലാവര്‍ക്കും”, “എന്റെ കോണ്ടാക്റ്റുകള്‍”, “ഇനിപ്പറയുന്നവരൊഴിച്ചുള്ള എന്റെ കോണ്ടാക്റ്റുകള്‍” എന്നീ മൂന്ന് ഓപ്ഷനുകളില്‍ ഒന്ന് തിരഞ്ഞെടുക്കുക.

“എന്റെ കോണ്ടാക്റ്റുകള്‍” എന്നതിന് അര്‍ത്ഥം നിങ്ങളുടെ അഡ്രസ് ബുക്കിലുള്ള ഉപയോക്താക്കള്‍ക്ക് മാത്രമെ നിങ്ങളെ ഗ്രൂപ്പുകളിലേക്ക് ചേര്‍ക്കാനാകൂ എന്നാണ്. “ഇനിപ്പറയുന്നവരൊഴിച്ചുള്ള എന്റെ കോണ്ടാക്റ്റുകള്‍” നിങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ നല്‍കുന്നു. നിങ്ങളുടെ കോണ്ടാക്റ്റുകളിലുള്ള ആര്‍ക്കൊക്കെ നിങ്ങളെ ഗ്രൂപ്പുകളിലേക്ക് ചേര്‍ക്കാനാകും എന്ന് ഇതിലൂടെ നിയന്ത്രിക്കാനാകും. കൂടുതല്‍ വിവരങ്ങള്‍, ഇവിടെ.

ഉപയോക്താക്കളെ ബ്ലോക്ക് ചെയ്യുക: ഒരു ഉപയോക്താവ് മറ്റൊരാളെ ബ്ലോക്ക് ചെയ്താല്‍, പിന്നെ അവര്‍ക്ക് “അവസാനം കണ്ടത്”, ഉപയോക്താവ് ഓണ്‍ലൈനാണോ തുടങ്ങിയ കാര്യങ്ങള്‍ കാണാനാകില്ല. കോണ്ടാക്റ്റിന്റെ പ്രൊഫൈല്‍ ഫോട്ടോയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകളും അവര്‍ക്ക് കാണാനാകില്ല. ബ്ലോക്ക് ചെയ്ത ഒരാള്‍ അയയ്ക്കുന്ന സന്ദേശങ്ങള്‍ക്ക് ഒരു ടിക്ക് മാര്‍ക്ക് മാത്രമെ കാണാനാകൂ, അതായത് മെസേജ് അയച്ചു എന്നത്. മെസേജ് ഡെലിവര്‍ ചെയ്തു എന്ന് സൂചിപ്പിക്കുന്ന രണ്ടാമത്തെ ടിക്ക് മാര്‍ക്ക് കാണാനാകില്ല. കോളുകളും ചെയ്യാനാകില്ല. നിങ്ങള്‍ ആരെയെങ്കിലും ബ്ലോക്ക് ചെയ്യുമ്പോള്‍ നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനാണ് ഇത്തരത്തിലൊരു രീതി നടപ്പിലാക്കിയിരിക്കുന്നത്.

സ്പാം റിപ്പോര്‍ട്ട് ചെയ്യല്‍: സ്പാം മെസേജുകള്‍ കുറയ്ക്കാന്‍ വാട്ട്‌സ്ആപ്പ് വളരെ ശ്രദ്ധാപൂര്‍വ്വമാണ് ശ്രമിക്കുന്നത്. ഉപയോക്താക്കള്‍ക്ക് പരസ്പരം ആശയവിനിമയം നടത്താനുള്ള സുരക്ഷിതമായൊരു ഇടം എന്നതിനാണ് ആദ്യ പരിഗണന. എന്നിരുന്നാലും, സാധാരണ SMS അല്ലെങ്കില്‍ ഫോണ്‍ കോളുകള്‍ പോലെ തന്നെ, നിങ്ങളുടെ നമ്പര്‍ കൈവശമുള്ളവര്‍ നിങ്ങളെ ബന്ധപ്പെടുന്ന സാഹചര്യം ഉണ്ടായേക്കാം.

വാട്ട്‌സ്ആപ്പ് ഇത്തരം സന്ദേശങ്ങള്‍ തിരിച്ചറിയാനും അവ കൈകാര്യം ചെയ്യാനും നിങ്ങളെ സഹായിക്കുന്നു. സ്പാം മെസേജ് ലഭിച്ചാല്‍, ആ ഉപയോക്താവിനെ ബ്ലോക്ക് ചെയ്യാനും, ആ മെസേജ് അവഗണിക്കാനും ഇല്ലാതാക്കാനും ഞങ്ങള്‍ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നു. ബ്ലോക്ക് ചെയ്യലിനെക്കുറിച്ച് കൂടുതലറിയാന്‍ ഇത് വായിക്കുക. നിങ്ങളുടെ കോണ്ടാക്റ്റുകള്‍ക്ക് ഹാനിയുണ്ടാക്കാനുള്ള സാധ്യത ഒഴിവാക്കാന്‍ ഇത്തരം സന്ദേശങ്ങള്‍ ആര്‍ക്കും ഫോര്‍വേര്‍ഡ് ചെയ്യാതിരിക്കുക.

വാര്‍ത്തകളുടെ യാഥാര്‍ത്ഥ്യം പരിശോധിക്കുക: പോയ്ന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഇന്റര്‍നാഷ്ണല്‍ ഫാക്റ്റ് ചെക്കിംഗ് നെറ്റ്വര്‍ക്ക് (IFCN) ബോട്ട് നിര്‍മ്മിച്ചിരിക്കുന്നത് തെറ്റായ വിവരങ്ങളുടെ വ്യാപനം എന്ന വെല്ലുവിളിയെ നേരിടാനാണ്. ഈ ബോട്ട് ഉപയോക്താക്കളെ 70-ലേറെ രാജ്യങ്ങളില്‍ സ്വതന്ത്ര ഫാക്റ്റ് ചെക്കര്‍മാരുമായി കണക്റ്റ് ചെയ്യുന്നു. പുതിയ കൊറോണ വൈറസുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളുടെ ഏറ്റവും വലിയ ഡാറ്റാബേസാണ് ഇവരുടെ പക്കലുള്ളത്.

IFCN ബോട്ട് ആളുകള്‍ക്ക് ഫാക്റ്റ് ചെക്കിംഗ് ഓര്‍ഗനൈസേഷനുകളുടെ ആഗോള ഡയറക്റ്ററിയും ലഭ്യമാക്കുന്നു. ഉപയോക്താവിന്റെ മൊബൈല്‍ കണ്‍ട്രി കോഡ് ഉപയോഗിച്ച് ഏതു രാജ്യത്തു നിന്നാണ് ബന്ധപ്പെടുന്നതെന്ന് തിരിച്ചറിയാന്‍ ഈ സിസ്റ്റത്തിന് കഴിയും. ഇത് ഉപയോഗിച്ച് അവര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ ബന്ധപ്പെടാവുന്ന ഫാക്റ്റ് ചെക്കിംഗ് സ്ഥാപനത്തിന്റെ വിവരങ്ങളായിരിക്കും നല്‍കുന്നത്.

ഉപയോക്താവിന് പ്രാദേശിക ഫാക്റ്റ് ചെക്കറിന് വിവരങ്ങള്‍ നല്‍കി സന്ദേശം അവലോകനം ചെയ്യാന്‍ ആവശ്യപ്പെടാം അല്ലെങ്കില്‍ ഈ മേഖലയില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ സംബന്ധിച്ച് വെബ്‌സൈറ്റില്‍ നിന്ന് കൂടുതലറിയാം. IFCN ബോട്ട് 100% സൗജന്യമാണ്. ഉപയോക്താക്കള്‍ +1 (727) 2912606 എന്ന നമ്പര്‍ കോണ്ടാക്റ്റായി സംരക്ഷിച്ച ശേഷം ബോട്ടിനെ ഉണര്‍ത്താന്‍ “Hi” എന്ന സന്ദേശം അയയ്ക്കുക. http://poy.nu/ifcnbot എന്നത് ക്ലിക്ക് ചെയ്തും ഇത് ചെയ്യാവുന്നതാണ്.

രണ്ടു ഘട്ട പരിശോധിച്ചുറപ്പിക്കല്‍: ഉപയോക്താക്കള്‍ക്ക് സുരക്ഷയുടെ അധിക ലെയര്‍ നല്‍കുന്ന രണ്ടു ഘട്ട പരിശോധിച്ചുറപ്പിക്കല്‍ ഉപയോഗിക്കാന്‍ ഞങ്ങള്‍ ഉപയോക്താക്കളോട് നിര്‍ദ്ദേശിക്കുന്നു. നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൌണ്ട് റീസെറ്റ് ചെയ്യുമ്പോഴും പരിശോധിച്ച് ഉറപ്പിക്കുമ്പോഴും ഉപയോഗിക്കുന്ന ആറക്ക പിന്‍ നമ്പര്‍ ആണിത്. നിങ്ങളുടെ സിം കാര്‍ഡ് മോഷണം പോയെങ്കിലോ ഫോണ്‍ നമ്പര്‍ വിവരങ്ങള്‍ ലീക്കായെങ്കിലോ നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൌണ്ട് മറ്റാരെങ്കിലും ആക്‌സസ് ചെയ്യുന്നത് തടയാനാകും.

Read more

രണ്ടു ഘട്ട പരിശോധിച്ചുറപ്പിക്കല്‍ സജ്ജീകരിക്കുന്നത് വളരെ എളുപ്പമാണ്. വാട്ട്‌സ്ആപ്പ് തുറന്ന് ക്രമീകരണം > അക്കൌണ്ട് > രണ്ടു ഘട്ട പരിശോധിച്ചുറപ്പിക്കല്‍ > പ്രവര്‍ത്തനക്ഷമമാക്കുക എന്നത് ടാപ്പ് ചെയ്യുക. ഈ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കുമ്പോള്‍, നിങ്ങളുടെ ഇമെയില്‍ വിലാസം ഓപ്ഷണലായി നല്‍കാനാകും. നിങ്ങള്‍ ഏതെങ്കിലും സാഹചര്യത്തില്‍ ആറക്ക പിന്‍ മറന്നു പോയാല്‍ ഈ ഇമെയില്‍ വിലാസം ഉപയോഗിച്ച് വാട്ട്‌സ്ആപ്പിന് നിങ്ങള്‍ക്ക് രണ്ടു ഘട്ട പരിശോധിച്ചുറപ്പിക്കല്‍ പ്രവര്‍ത്തനരഹിതമാക്കാനുള്ള ലിങ്ക് അയയ്ക്കാനാകും.