എന്ത് മാന്ദ്യം, പൊടിപൊടിക്കുന്നു വാഹനവിൽപന

സാമ്പത്തിക മാന്ദ്യം കൂസാതെ വാഹന വിപണിയിൽ വില്പന പൊടിപൊടിക്കുന്നു. നവംബർ മാസത്തിലെ സെയിൽസ് കണക്കുകൾ പുറത്തു വന്നപ്പോൾ മൊത്തം വിൽപനയിൽ 14 ശതമാനത്തിന്റെ വളർച്ച. ഇതര ഉത്പന്നങ്ങളുടെ വിപണികൾ പ്രതിസന്ധി നേരിടുമ്പോഴും മിക്ക വാഹന കമ്പനികളും ഏറെ നേട്ടം കൊയ്തതായാണ് കണക്കുകൾ വ്യക്തമാക്കിയിരിക്കുന്നത്. കൂട്ടത്തിൽ മാരുതി, ഹ്യുണ്ടായ്, മഹീന്ദ്ര എന്നീ കമ്പനികൾ വിപണിയിൽ കളം നിറഞ്ഞാടി.

കഴിഞ്ഞ നവംബറിൽ വെറും 2 ശതമാനം വളർച്ച രേഖപ്പെടുത്തിയ സ്ഥാനത്താണ് ഇക്കുറി മികച്ച മുന്നേറ്റമുണ്ടാക്കാനായത്. മഹിന്ദ്ര, ഹ്യുണ്ടായ്, ഹോണ്ട തുടങ്ങിയ കാർ നിർമ്മാതാക്കൾ കഴിഞ്ഞ നവംബറിൽ വില്പനയിൽ വൻ ഇടിവ് രേഖപെടുത്തിയിരുന്നുവെന്നോർക്കണം. അതെല്ലാം മറികടന്നാണ് ഇപ്പോൾ കുതിപ്പിന്റെ പാതയിൽ തിരിച്ചെത്തിയിരിക്കുന്നത്. 144297 കാറുകൾ വില്പന നടത്തി പതിവ് പോലെ മാരുതി ഒന്നാം സ്ഥാനം നിലനിർത്തി. 14 ശതമാനം വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. ഡിസയർ, ബലെനോ തുടങ്ങിയ മോഡലുകൾ ഉൾപ്പെടുന്ന യൂട്ടിലിറ്റി സെഗ്‌മെന്റിലാണ് മാരുതിയുടെ മികച്ച പ്രകടനം. ഈ വിഭാഗത്തിൽ മാത്രമായി വിൽപന 34 ശതമാനം കൂടി.

വില്പന 10 ശതമാനം കൂടിയ ഹ്യുണ്ടായിയാണ് രണ്ടാം സ്ഥാനത്ത്. ഈ കൊറിയൻ കമ്പനി കഴിഞ്ഞ മാസം 44008 വാഹനങ്ങൾ വില്പന നടത്തി. വെർണ, ഗ്രാൻഡി 10, ഐ 20, ക്രെറ്റ എന്നീ മോഡലുകളാണ് വില്പന ഉയർത്താൻ സഹായിച്ചത്. 16030 വാഹനങ്ങൾ വിൽപന നടത്തിയ മഹീന്ദ്ര ആൻഡ് മഹീന്ദ്ര വില്പനയിൽ 21 ശതമാനം മുന്നേറ്റമുണ്ടാക്കി. 2016 നവംബറിൽ ഇവർ 33 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ടാറ്റ മോട്ടോഴ്‌സ് വിറ്റത് 17157 കാറുകൾ, 35 ശതമാനം വർധന. ജപ്പാൻ കമ്പനിയായ ഹോണ്ട വില്പനയിൽ 47 ശതമാനം മുന്നേറ്റമുണ്ടാക്കിയതായി വാഹന വ്യവസായ രംഗത്തെ റിപോർട്ടുകൾ വ്യക്തമാക്കുന്നു. ടൊയോട്ട 12 ശതമാനവും ഫോർഡ് 13 ശതമാനവും വളർച്ച കൈവരിച്ചു. നിസ്സാന്റെ വില്പന ഏറെക്കുറെ മാറ്റമില്ലാതെ തുടർന്നപ്പോൾ വില്പനയിൽ ഇടിവ് നേരിട്ട ഏക കമ്പനി റിനോൾട് ആയിരുന്നു.

നവംബർ വിൽപന ഒറ്റനോട്ടത്തിൽ

മാരുതി – 144297
ഹ്യുണ്ടായ് – 44008
ടാറ്റ മോട്ടോഴ്‌സ് – 17157
മഹീന്ദ്ര – 16030
ടൊയോട്ട – 12734
ഹോണ്ട – 11819
റിനോൾട് – 7800
ഫോർഡ് – 7777
നിസാൻ – 3976