എയര്‍ ഇന്ത്യയും വിസ്താരയും ലയിക്കുന്നു; 300 വിമാനങ്ങള്‍ വാങ്ങും; അഞ്ചു വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ നമ്പര്‍വണ്‍; ആകാശം പിടിച്ചടക്കാന്‍ ടാറ്റ ഗ്രൂപ്പ്

അഞ്ചു വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ തന്നെ നമ്പര്‍വണ്‍ വിമാന കമ്പനിയാകാനുള്ള ശ്രമങ്ങള്‍ ടാറ്റ ഗ്രൂപ്പ് ആരംഭിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ ടാറ്റ ഗ്രൂപ്പിനു കീഴിലെ വിമാനക്കമ്പനികളായ എയര്‍ ഇന്ത്യയും വിസ്താരയും ലയിപ്പിക്കാന്‍ തീരുമാനിച്ചു. 2024 മാര്‍ച്ചില്‍ ലയനം പൂര്‍ത്തിയാകും. ഇതോടെ 218 വിമാനങ്ങളുമായി ഇന്ത്യയുടെ ഏറ്റവും വലിയ രാജ്യാന്തര കാരിയറും രണ്ടാമത്തെ വലിയ ആഭ്യന്തര കാരിയറുമായി എയര്‍ ഇന്ത്യ മാറും.

ടാറ്റ സണ്‍സിന്റെ കീഴിലുള്ള ടാലസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ളതാണ് എയര്‍ ഇന്ത്യ. ടാറ്റ സണ്‍സിന്റെയും സിംഗപ്പുര്‍ എയര്‍ലൈന്‍സ് ലിമിറ്റഡിന്റെയും പങ്കാളിത്തത്തിലുള്ള (51:49) വിസ്താര 2013ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ലയനത്തിന്റെ ഭാഗമായി സിംഗപ്പുര്‍ എയര്‍ലൈന്‍സ് എയര്‍ ഇന്ത്യയില്‍ 2,059 കോടി രൂപ നിക്ഷേപിക്കും. ഇതോടെ എയര്‍ ഇന്ത്യയില്‍ 25.1% ഓഹരി സിംഗപ്പുര്‍ എയര്‍ലൈന്‍സിന് ഉണ്ടാകും.

അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ആഭ്യന്തര വ്യോമയാന വിപണിയിലും വിദേശസര്‍വീസുകളിലും 30% വിഹിതമാണ് എയര്‍ ഇന്ത്യ ലക്ഷമിടുന്നത്. ജനുവരിയില്‍ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത എയര്‍ ഇന്ത്യ ‘വിഹാന്‍.എഐ’ എന്ന പേരില്‍ ബിസിനസ് പുനഃസംഘടന പ്രഖ്യാപിച്ചിരുന്നു.

നിലവില്‍ ആഭ്യന്തര വിപണിവിഹിതം 10 ശതമാനവും വിദേശ വിപണി വിഹിതം 12 ശതമാനവുമാണ്. പുതിയ വിമാനങ്ങള്‍ വാങ്ങുകയും നിലവിലുള്ളവയില്‍ പറക്കല്‍ നടത്താത്തവ പൂര്‍ണമായും അറ്റകുറ്റപ്പണി നടത്തി ഉപയോഗയോഗ്യമാക്കുകയും ചെയ്യും. 5 ബോയിങ് വൈഡ്‌ബോഡി വിമാനങ്ങള്‍ വാങ്ങി രാജ്യാന്തര സര്‍വീസ് മെച്ചപ്പെടുത്തും. 25 എയര്‍ബസ് നാരോബോഡി വിമാനങ്ങള്‍ വാങ്ങി ആഭ്യന്തര സര്‍വീസും ശക്തമാക്കും. നിലവില്‍ 70 നാരോബോഡി വിമാനങ്ങളും 43 വൈഡ്‌ബോഡി വിമാനങ്ങളുമാണുള്ളതെന്ന് എയര്‍ ഇന്ത്യയുടെ മേധാവി ക്യാംബെല്‍ വില്‍സണ്‍ വ്യക്തമാക്കിയിരുന്നു.

എയര്‍ ഇന്ത്യയ്ക്കു വേണ്ടി 300 ചെറുവിമാനങ്ങള്‍ വാങ്ങും. എയര്‍ബസ് എ320 നിയോ, ബോയിങ് 737 മാക്‌സ് എന്നീ നാരോബോഡി വിമാനങ്ങളാണ് പരിഗണനയിലുള്ളത്. 3 ലക്ഷം കോടി രൂപയുടെ ഇടപാട്, വ്യോമയാന ഗതാഗത ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടുകളിലൊന്നായിരിക്കും.

Read more

5 വര്‍ഷത്തിനകം, ദീര്‍ഘദൂര വിദേശ റൂട്ടുകള്‍ക്ക് ഉപയോഗിക്കാവുന്ന 60 വൈഡ്‌ബോഡി വിമാനങ്ങളടക്കം 200 വിമാനങ്ങള്‍ വാങ്ങുകയാണ് കമ്പനിയുടെ അടിയന്തര ലക്ഷ്യം. 2006 ല്‍ 154 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയശേഷം ആദ്യമായാണ് എയര്‍ ഇന്ത്യ പുതിയ വിമാനങ്ങള്‍ വാങ്ങുന്നത്. അന്ന് 111 ബോയിങ് വിമാനങ്ങളും 43 എയര്‍ ബസ് വിമാനങ്ങളുമാണ് വാങ്ങിയത്.300 വിമാനങ്ങള്‍ ഓര്‍ഡര്‍ നല്‍കിയാലും കമ്പനികള്‍ അവ നിര്‍മിച്ചു കൈമാറാന്‍ വര്‍ഷങ്ങളെടുക്കും.