പണത്തിന് തിടുക്കമുണ്ടാകുമ്പോള്‍ ഡിജിറ്റല്‍ വായ്പ എടുക്കാറുണ്ടോ? ആര്‍.ബി.ഐയുടെ ചട്ടങ്ങള്‍ നിങ്ങള്‍ ചതിക്കപ്പെടാതിരിക്കാന്‍ വേണ്ടിയുള്ളതാണ്- വിശദാംശങ്ങള്‍ അറിയാം

 

ഡിജിറ്റല്‍ പണമിടപാടുകള്‍ പലവിധ തട്ടിപ്പുകള്‍ക്ക് ഇടയാക്കുന്നുണ്ട്. ഇരകളില്‍ പലരും ആത്മഹത്യയില്‍ അഭയം പ്രാപിക്കേണ്ടി വന്ന സംഭവങ്ങളുമുണ്ട്. ഇതുപോലുള്ള സാഹചര്യം ഒഴിവാക്കാന്‍ ഡിജിറ്റല്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട് ചില ചട്ടങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.

ഡിജിറ്റല്‍ പണമിടപാട് രംഗത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ നല്‍കിയ ശുപാര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് ആര്‍.ബി.ഐ വ്യവസ്ഥകള്‍ പുറപ്പെടുവിച്ചത്. 2021 നവംബറിലാണ് ശുപാര്‍ശകള്‍ റിസര്‍വ് ബാങ്കിന് സമര്‍പ്പിച്ചത്.

റിസര്‍വ് ബാങ്ക് ഡിജിറ്റല്‍ പണമിടപാടുകാരെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ളതും വായ്പ ബിസിനസ് നടത്താന്‍ അനുമതി ലഭിച്ചതുമായ സ്ഥാപനങ്ങള്‍, റിസര്‍വ് ബാങ്ക് നിയന്ത്രണത്തിലല്ലാതെ എന്നാല്‍ നിയമപരമായോ റഗുലേറ്ററി വ്യവസ്ഥകള്‍ അനുസരിച്ചോ വായ്പ നല്‍കാന്‍ അധികാരമുള്ള സ്ഥാപനങ്ങള്‍, ഇതിലൊന്നും പെടാത്ത ഒരു ചട്ടങ്ങളുടെയും വ്യവസ്ഥകളുടെയും അടിസ്ഥാനത്തിലല്ലാതെ പ്രവര്‍ത്തിക്കുന്ന വായ്പാ സ്ഥാപനങ്ങള്‍ എന്നിങ്ങനെ. ആര്‍.ബി.ഐ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെയും ഒപ്പം വായ്പാ സേവന ദാതാക്കളെയും ലക്ഷ്യമിട്ടുള്ളതാണ് പുതിയ ചട്ടങ്ങള്‍.

 

ആര്‍.ബി.ഐ നിയന്ത്രണത്തിലല്ലാത്ത രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്ന സ്ഥാപനങ്ങളെ സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ വര്‍ക്കിങ് ഗ്രൂപ്പിന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട റഗുലേറ്റര്‍ തയ്യാറാക്കണമെന്നാണ് ആര്‍.ബി.ഐ നിര്‍ദേശം. മൂന്നാമത്തെ വിഭാഗത്തില്‍പ്പെടുന്ന സ്ഥാപനങ്ങളുടെ കാര്യത്തില്‍ നിയമവിരുദ്ധമായ പണമിടപാടുകള്‍ ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടലും പ്രത്യേക നിയമവും ഉണ്ടാവണമെന്ന നിര്‍ദേശവും റിസര്‍വ് ബാങ്ക് മുന്നോട്ടുവെച്ചിട്ടുണ്ട്.

 

ആര്‍.ബി.ഐയുടെ പുതിയ ചട്ടങ്ങളുടെ പശ്ചാത്തലത്തില്‍ പുതുതായി ഡിജിറ്റല്‍ വായ്പ എടുക്കുന്ന ആളുകള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.

1. വായ്പയെടുക്കുന്നയാള്‍ വായ്പാ സേവന ദാതാവിന് എന്തെങ്കിലും തരത്തിലുള്ള ഫീസോ അധിക ചാര്‍ജുകളോ നല്‍കേണ്ടതില്ല. അത്തരം ഫീസുകള്‍ റഗുലേറ്ററി എന്റിറ്റി ശ്രദ്ധിക്കേണ്ടതാണ്.

2. ഒരു വായ്പാ കരാര്‍ നടപ്പിലാക്കുന്നതിനു മുമ്പ് റഗുലേറ്ററി എന്റിറ്റിയില്‍ നിന്നും വായ്പാ ദാതാവിന് കീ ഫാക്ട് സ്റ്റേറ്റ്മെന്റ് ലഭിച്ചിരിക്കണം. ഡിജിറ്റല്‍ വായ്പയെടുക്കുമ്പോള്‍ വാര്‍ഷിക പലിശ നിരക്ക് ഉള്‍പ്പെടെ എല്ലാ ചെലവുകളും കീ ഫീക്ട് സ്റ്റേറ്റ്മെന്റില്‍ ഉള്‍പ്പെടുത്തിയിരിക്കണം.

3. കടമെടുക്കുന്നയാളുടെ വ്യക്തമായ സമ്മതമില്ലാതെ വായ്പാ പരിധി വര്‍ധിപ്പിക്കരുത്. വായ്പ കരാറില്‍ ഒരു കൂളിങ് ഓഫ് കാലയളവ് ഉണ്ടായിരിക്കണം. ഈ കാലയളവില്‍ കടമെടുത്തയാള്‍ക്ക് യാതൊരു പിഴയും കൂടാതെ മുതല്‍ തുകയും ആനുപാതികമായ പലിശയും അടച്ച് വായ്പ തീര്‍ക്കാന്‍ കഴിയും.

4. വായ്പയുമായി ബന്ധപ്പെട്ട പരാതികളും പ്രശ്നങ്ങളും ഉന്നയിക്കുന്നതിന് കടമെടുത്തയാള്‍ക്ക് പരാതി പരിഹാരത്തിനായി വായ്ദാ സേവന ദാതാക്കളും റഗുലേറ്റഡ് എന്റിറ്റികളും ഏര്‍പ്പാടാക്കിയ നോഡല്‍ ഓഫീസര്‍മാരെ സമീപിക്കാവുന്നതാണ്. കടംവാങ്ങുന്നയാള്‍ക്ക് ഡിജിറ്റല്‍ ലെന്റിങ് മൊബൈല്‍ ആപ്പിനെതിരെയും പരാതികള്‍ ഉന്നയിക്കാവുന്നതാണ്. ഇതുസംബന്ധിച്ച ഉദ്യോഗസ്ഥന്മാരുടെ വിശദാംശങ്ങള്‍ സ്ഥാപനങ്ങളുടെ ആപ്പിന്റെയും റഗുലേറ്റഡ് എന്റിറ്റികളുടെയും വായ്പാ സേവന ദാതാവിന്റെയും വെബ്സൈറ്റുകളില്‍ നല്‍കിയിരിക്കും.

 

5. പരാതി ലഭിച്ച് 30 ദിവസത്തിനുള്ളില്‍ പ്രശ്നം പരിഹരിച്ചിരിക്കണം. ഇതിനുള്ളില്‍ പരിഹാരമായില്ലെങ്കില്‍ കടംവാങ്ങിയയാള്‍ക്ക് നേരിട്ട് ആര്‍.ബി.ഐയെ സമീപിക്കാവുന്നതാണ്.

6. കടംവാങ്ങുന്നയാളുടെ വ്യക്തമായ സമ്മതമില്ലാതെ ഡിജിറ്റല്‍ വായ്പാ ആപ്പുകള്‍ക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയില്ല. ആവശ്യത്തിന് അനുസൃതമായ വിവരശേഖരണം മാത്രമേ പാടുള്ളൂ, ഇക്കാര്യം ഓഡിറ്റില്‍ കാണിച്ചിരിക്കുകയും വേണം.

7. ഉപഭോക്താവിനെ സംബന്ധിച്ചുള്ള ഏതെങ്കിലും ഡാറ്റ ഉപയോഗിക്കുന്നതിന് സമ്മതം കൊടുക്കാനോ കൊടുക്കാതിരിക്കാനോ ഉള്ള അധികാരം കടമെടുക്കുന്നയാള്‍ക്ക് ഉണ്ടായിരിക്കും. വായ്പാ സേവനദാതാവോ ആപ്പുകളോ വായ്പയെടുത്തയാളില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ ഡിലീറ്റ് ചെയ്യിക്കാനുള്ള അധികാരത്തിനു പുറമേ നേരത്തെ ഉപയോഗിക്കാന്‍ സമ്മതം നല്‍കിയത് പിന്‍വലിക്കാന്‍ അടക്കം അധികാരമുണ്ടായിരിക്കും. വായ്പയെടുക്കുമ്പോള്‍ അംഗീകൃതവും വിശ്വാസ യോഗ്യവുമായ വായ്പാ ആപ്പുകളില്‍ നിന്ന് മാത്രം എടുക്കുക