ലോണ്‍ ചെലവ് ചുരുക്കാന്‍ ആറ് വഴികള്‍

വിദേശത്തൊരു അവധിയാഘോഷം, പുതിയ വീട്, കാര്‍ അങ്ങനെ നമ്മുടെ ആവശ്യങ്ങള്‍ നിരവധിയാണ്. എല്ലാത്തിനും തടസം പണമാണ്. ശരിക്കും പറഞ്ഞാല്‍ അതൊരു തടസമല്ല. പണം തരാന്‍ നമുക്ക് ചുറ്റും ഒരുപാട് സാധനങ്ങളുണ്ട്. ഫോണിലും ഇമെയിലും എന്തിന് വാട്സ്ആപ്പില്‍ പോലും ലോണ്‍ ഓഫറുകള്‍ വരുന്ന കാലമാണിത്. അപേക്ഷിച്ചിട്ട് മിനിറ്റുകള്‍ക്കുള്ളില്‍ കിട്ടുന്നവയുമുണ്ട്.

ഇതിനു പുറമേ ഇപ്പോള്‍ വാങ്ങാം പണം പിന്നീട് എന്ന ഓഫറുകളുമായി മുന്നോട്ടുവരുന്ന കമ്പനികളും അടുത്തിടെയായി കൂടിയിട്ടുണ്ട്. തവണകളായി പണം തിരിച്ചടയ്ക്കാം, പലിശ രഹിത ഇ.എം.ഐ അങ്ങനെ ഈ സ്ഥാപനങ്ങള്‍ മുന്നോട്ടുവെക്കുന്ന ഓഫറുകളും ആകര്‍ഷകമാണ്. ചിലര്‍ പ്രലോഭനങ്ങളില്‍ വീണ് കടം വാങ്ങും. ചിലരാകട്ടെ, പുലിവാല്‍ പിടിക്കാനില്ലയെന്ന് പറഞ്ഞ് വായ്പകളില്‍ നിന്ന് വിട്ടുനില്‍ക്കും.

എങ്കിലും ചിലപ്പോള്‍ പണം കടമെടുക്കേണ്ടത് അത്യാവശ്യമായി വരുന്ന സാഹചര്യമുണ്ടാവാറുണ്ട്. എന്തുതന്നെയായാലും ഏറെ ശ്രദ്ധയോടെയും കരുതലോടെയും ചെയ്യേണ്ട ഒന്നാണ് വായ്പയെടുക്കല്‍. വരവിനേക്കാളേറെ തിരിച്ചടവ് വന്നാല്‍ ജീവിതത്തിന്റെ സമാധാനം തന്നെ ഇല്ലാതാകും. അത്യാവശ്യങ്ങള്‍ നിറവേറ്റാന്‍ വലിയ തലവേദനയില്ലാതെ എളുപ്പം പണം തിരിച്ചടച്ച് സ്വസ്ഥമാകാന്‍ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

ലോണ്‍ കിട്ടുമെന്നുള്ളതുകൊണ്ട് മാത്രം ലോണ്‍ എടുക്കരുത്:

ലോണ്‍ കിട്ടാന്‍ വളരെ എളുപ്പമാണെന്നുള്ളതുകൊണ്ട് മാത്രം ലോണിന്റെ പിന്നാലെ പോകരുത്. വരുമാനവും ലോണും തമ്മിലുള്ള അനുപാതം 35%ത്തില്‍ താഴെയായിരിക്കണം. വായ്പ നല്‍കുന്നയാളുകള്‍ ലോണ്‍ നീട്ടി നല്‍കുമ്പോള്‍ ഇക്കാര്യം പരിശോധിക്കാറുണ്ട്. എന്നാല്‍ മറ്റ് സോഴ്സുകളില്‍ നിന്ന് വായ്പയെടുക്കുമ്പോള്‍ അത് ആ വ്യക്തിയുടെ മൊത്തത്തിലുള്ള ബാധ്യത വലുതാക്കും. ലോണ്‍ എടുക്കുന്ന സമയത്ത് വളരെ കുറച്ചുപേരെ അത് അടയ്ക്കാന്‍ പറ്റാത്ത സാഹചര്യത്തെക്കുറിച്ച് ചിന്തിക്കാറുള്ളൂ.

ലോണിന് അപേക്ഷിക്കാന്‍ തീരുമാനിക്കുന്നതിനു മുമ്പ് ആ ലോണ്‍ ശരിക്കും ആവശ്യമുണ്ടോയെന്ന് നൂറുതവണ ചിന്തിക്കണം. എന്തെങ്കിലും തരത്തിലുള്ള വളര്‍ച്ചയ്ക്കുവേണ്ടിയാണെങ്കില്‍ ലോണ്‍ എടുക്കുന്നത് കൊള്ളാം, എന്നാല്‍ നിലനില്‍പ്പിനുവേണ്ടിയുള്ള ലോണ്‍ അത്ര നല്ല കാര്യമല്ല.

ഇനി അവിടുന്നും ഇവിടുന്നുമെല്ലാം ലോണെടുത്ത് ആകെ പെട്ടിരിക്കുകയാണെങ്കില്‍ കുറഞ്ഞ നിരക്കില്‍ മറ്റൊരു ലോണെടുത്ത് അതെല്ലാം തീര്‍ത്ത് ഒരൊറ്റ ലോണ്‍ നിലനിര്‍ത്തുന്നതിനെക്കുറിച്ച് ആലോചിക്കാം. അല്ലെങ്കില്‍ വസ്തുവെച്ച് ലോണെടുത്ത് മറ്റ് കുടിശികയായ ലോണുകള്‍ തീര്‍ക്കാം. കൂടാതെ ഗോള്‍ഡ് ലോണുകള്‍, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളിന്മേലുള്ള ലോണുകള്‍ എന്നിവയും നോക്കാം.

പറ്റാവുന്നത്ര വേഗത്തില്‍ പണം മുന്‍കൂറായി അടക്കുക:

സാമ്പത്തിക കാര്യങ്ങളില്‍ ഉപദേശങ്ങള്‍ കൊടുക്കുന്നവര്‍ പറ്റുമെങ്കില്‍ ഹ്രസ്വകാലത്തേക്കുള്ള ലോണ്‍ എടുക്കൂവെന്നാണ് അവരുടെ ഉപഭോക്താക്കളെ ഉപദേശിക്കുക. എന്നാല്‍ ചില ഘട്ടങ്ങളില്‍ ദീര്‍ഘകാലയളവിലേക്കുള്ള ലോണ്‍ അത്യാവശ്യമായി വരും. കുറഞ്ഞ വരുമാനമുള്ള ഒരു യുവാവിന് പത്തുപതിനഞ്ച് വര്‍ഷം കാലാവധിയില്‍ ലോണെടുത്ത് ഒരു വീടുവാങ്ങാന്‍ കഴിഞ്ഞെന്നു വരില്ല. അയാളുടെ പോക്കറ്റിന് അനുയോജ്യമായി 2-25 വര്‍ഷകാലാവധിയുള്ള ലോണ്‍ എടുക്കേണ്ടി വരാം. അത്തരക്കാര്‍ ചെയ്യേണ്ടത് ഓരോ വര്‍ഷവും വര്‍ധിക്കുന്ന വരുമാനത്തിന് അനുസൃതമായി ഇ.എം.ഐ തുക കൂട്ടുകയെന്നതാണ്. ഇ.എം.ഐ തുക കൂട്ടുന്നതിന് അനുസൃതമായി കാലാവധിയും കുറയും. ഓരോ വര്‍ഷവും ഇ.എം.ഐയില്‍ അഞ്ച് ശതമാനം വര്‍ധനവമുണ്ടാക്കിയാല്‍ പോലും കാലവധിയില്‍ അത് എട്ടുവര്‍ഷത്തിലധികം കുറവ് വരുത്തും.

അപ്രതീക്ഷിതമായ വരുമാനങ്ങളും ബോണസുകളും മറ്റും ലോണ്‍ തിരിച്ചടക്കാന്‍ ഉപയോഗിക്കാം. ഒന്നിലേറെ ലോണുകളുള്ളവരാണെങ്കില്‍ ചെലവേറിയ ലോണ്‍ ആദ്യം അടച്ചുതീര്‍ക്കുന്നതിന് പ്രാമുഖ്യം നല്‍കാം. ലോണിന്റെ ചെലവിനൊപ്പം ലോണിന്റെ നികുതി നേട്ടങ്ങള്‍ക്കൂടി തിരിച്ചടവില്‍ പ്രാമുഖ്യം നല്‍കുന്ന കാര്യത്തില്‍ മാനദണ്ഡമാക്കാം. ഭവന വായ്പയിന്മേല്‍ അടയ്ക്കുന്ന രണ്ടുലക്ഷത്തിനുമേലുള്ള പലിശയ്ക്ക് സെക്ഷന്‍ 24 പ്രകാരം നികുതി ഇളവിന് അപേക്ഷിക്കാവുന്നതാണ്. അതുപോലെ വിദ്യാഭ്യാസ ലോണിന്മേല്‍ അടയ്ക്കുന്ന പലിശയ്ക്ക് സെക്ഷന്‍ 80 ഇ പ്രകാരം നികുതി ഇളവ് ലഭിക്കും.

നിശ്ചിത നിരക്കിലേക്ക് പോകാന്‍ ശ്രദ്ധിക്കുക:

പണപ്പെരുപ്പത്തെ നേരിടാന്‍ ആര്‍.ബി.ഐ നിരക്ക് ഉയര്‍ത്തിയതോടെ അടുത്തിടെ പലിശ നിരക്ക് ഉയര്‍ന്നിരുന്നും. ഇനിയും ഇത് ഉയര്‍ത്താന്‍ സാധ്യതയുമുണ്ട്. അതിനര്‍ത്ഥം വരുംമാസങ്ങളില്‍ ലോണുകള്‍ക്ക് ചെലവേറും എന്നാണ്. നിരക്ക് വര്‍ധനവ് വ്യക്തമായതോടെ പല ഹോം ലോണ്‍ ഉപഭോക്താക്കളും നിശ്ചിത നിരക്കുള്ള ലോണുകളിലേക്ക് മാറുകയാണ്. എന്നാല്‍ ഇത് ധൃതി പിടിച്ച് എടുക്കേണ്ട തീരുമാനമല്ല. ഫിക്സ്ഡ് റേറ്റ് ലോണുകളുടെയും ഫ്ളോട്ടിങ് റേറ്റ് ലോണുകളുടെയും നിരക്കുകള്‍ പരിശോധിച്ച് കണക്കുകൂട്ടലുകള്‍ നടത്തി മെച്ചമുണ്ടെന്ന് ഉറപ്പാണെങ്കില്‍ മാത്രമേ ഇതിന് മുതിരാവൂ. പുതിയ ലോണിലേക്ക് പോകുമ്പോള്‍ ഇ.എം.ഐ ഉയരുന്നതിനൊപ്പം പ്രോസസിങ് ഫീസും മറ്റ് റീഫിനാന്‍സ് ഫീസുമൊക്കെ നല്‍കേണ്ടിയും വരും.

നിക്ഷേപിക്കാനായി കടംവാങ്ങരുത്:

പണം കടവാങ്ങി നിക്ഷേപിക്കുന്നത് ഒരിക്കലും നല്ല ആശയമല്ല. നഷ്ടം വന്നാല്‍ താങ്ങാന്‍ ആവും എന്നുണ്ടെങ്കില്‍ മാത്രമേ പണം നിക്ഷേപിക്കാവൂ. ഓഹരികളിലും മറ്റും കടംവാങ്ങി നിക്ഷേപിച്ചാല്‍ വിപണിയിടിഞ്ഞാല്‍ പണം നഷ്ടമാകും. നഷ്ടം സഹിക്കേണ്ടിവരുമെന്ന് മാത്രമല്ല കടം വാങ്ങിയ തുകയുടെ ഇ.എം.ഐ ബാധ്യതയായി അവിടെ ഉണ്ടാവുകയും ചെയ്യും. രണ്ടാമത്തെയോ മൂന്നാമത്തെയോ വീടുണ്ടാക്കാന്‍ വേണ്ടി വലിയൊരു തുക ഭവനവായ്പയെടുക്കുന്നതും നല്ല ആശയമല്ല. റിയല്‍ എസ്റ്റേറ്റ് വര്‍ഷം 20-25% വളര്‍ച്ച നേടുന്ന പത്തിരുപത് വര്‍ഷം മുമ്പേ ഇതുകൊണ്ട് കാര്യമുണ്ടാവുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വസ്തുവില അതുപോലെ നില്‍ക്കുകയോ വളരെ പതിയെ ഉയരുകയോ ആണ്.

ലോണെടുക്കുന്നുണ്ടെങ്കില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുക:

നിങ്ങള്‍ വലിയൊരു ഭവന വായ്പ എടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ ബാധ്യത തീര്‍ക്കാന്‍ മതിയായ ലൈഫ് ഇന്‍ഷുറന്‍സ് നിങ്ങള്‍ക്കുണ്ട് എന്ന് ഉറപ്പുവരുത്തുക. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ കുടുംബം പ്രതിസന്ധിയിലാവും. പല കുടുംബങ്ങളുടെയും അത്താണിയായവര്‍ മരണപ്പെട്ട് കുടുംബത്തിനുമേല്‍ വലിയ ബാധ്യത വന്ന സംഭവങ്ങള്‍ കോവിഡ് കാലത്ത് നമ്മള്‍ ഒരുപാട് കണ്ടതാണ്. അത്തരം ആളുകളെ പണം കടംനല്‍കിയവര്‍ സിമ്പതിയോടെ നോക്കിയേക്കാം, പക്ഷേ ലോണ്‍ അടച്ചു തീര്‍ക്കേണ്ടത് തന്നെയാണ്.

റിട്ടയര്‍മെന്റ് കാലത്തേക്കുള്ള ചട്ടിയില്‍ കയ്യിടരുത്:

Read more

ഇന്ത്യന്‍ മാതാപിതാക്കള്‍ മക്കള്‍ക്കുവേണ്ടി ഏതറ്റം വരെയും പോകും. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് ചെയ്യേണ്ട കാര്യം തന്നെയാണ്. പക്ഷേ അത് റിട്ടയര്‍മെന്റിനു ശേഷമുള്ള ജീവിതത്തിലേക്ക് മാറ്റിവെച്ച തുക കൊണ്ടാവരുത്. റിട്ടയര്‍മെന്റ് കാലത്തേക്ക് മാറ്റിവെച്ചത് എടുത്ത് കുട്ടിയുടെ പഠന ചെലവിനായി കൊടുക്കരുത്. അതിന് വിദ്യാഭ്യാസ ലോണ്‍ ലഭിക്കും. പക്ഷേ റിട്ടയര്‍മെന്റിനുശേഷമുള്ള ആവശ്യങ്ങള്‍ക്ക് നിങ്ങള്‍ക്ക് ആരും ലോണ്‍ തരാന്‍ പോകുന്നില്ല.