വസ്തു പണയം വെച്ചുള്ള ലോണ്‍ എടുക്കുമ്പോള്‍ അബദ്ധങ്ങള്‍ പെടാതിരിക്കാന്‍ ഓര്‍ക്കുക ഈ കാര്യങ്ങള്‍!

 

വലിയ തോതിലുള്ള ഫണ്ടിന്റെ ആവശ്യകത വരുമ്പോള്‍ ഭൂരിപക്ഷം പേരും ലോണുകളെയാണ് ആശ്രയിക്കുന്നത്. ആ സമയത്ത് ഉള്ള സേവിങ്സ് മുഴുവന്‍ എടുത്ത് ആ ആവശ്യം നിറവേറ്റുന്നത് അത്ര നല്ല തീരുമാനമല്ല, പ്രത്യേകിച്ച് ഫണ്ട് കണ്ടെത്താന്‍ നിങ്ങള്‍ക്കുമുമ്പില്‍ മറ്റു മാര്‍ഗങ്ങളുള്ളപ്പോള്‍.

വലിയ പലിശയുള്ള പേഴ്സണല്‍ ലോണുകള്‍ക്ക് പിന്നാലെ പോകണം എന്നല്ല പറഞ്ഞുവരുന്നത്. വസ്തുജാമ്യമായി നല്‍കി ലോണെടുക്കുന്നതിനെക്കുറിച്ചാണ്. അതാകുമ്പോള്‍ നിരക്കും കുറയും, ലോണ്‍ താരതമ്യേന എളുപ്പം ലഭിക്കുകയും ചെയ്യും.

നിലവില്‍ 8.6% നിരക്കില്‍ മുതല്‍ പേഴ്സണല്‍ ലോണുകള്‍ ലഭ്യമാണ്. അതായത് പേഴ്സണല്‍ ലോണുകളുടേതുമായി താരതമ്യം ചെയ്യുമ്പോള്‍ നിരക്ക് വളരെ കുറവാണ്. വസ്തുവിന്റെ മൂല്യവും നിങ്ങളുടെ യോഗ്യതയും അനുസരിച്ച് അഞ്ച് കോടി രൂപ വരെ ചിലപ്പോള്‍ അതിനു മുകളിലും ലഭിക്കും. മറിച്ച് പേഴ്സണല്‍ ലോണുകളാണെങ്കില്‍ 25ലക്ഷം രൂപവരെയൊക്കെയേ ലഭിക്കുകയുള്ളൂ.

വസ്തു ജാമ്യമായി നല്‍കി ലോണെടുക്കുന്നവര്‍ക്കായി ചില ടിപ്സ്:

ലോണ്‍ മാനദണ്ഡപ്രകാരമുള്ള യോഗ്യതയുള്ളവരെ സംബന്ധിച്ച് വസ്തു ജാമ്യമായുള്ള ലോണ്‍ എന്നത് വളരെ എളുപ്പം ലഭിക്കുന്നതാണ്. ലോണ്‍ അനുവദിക്കുന്നതിന് യോഗ്യത മാനദണ്ഡങ്ങള്‍ തീര്‍ച്ചായും പരിശോധിക്കും. അപേക്ഷകന് ലോണ്‍ നല്‍കിയാല്‍ തിരിച്ചടക്കാന്‍ സാധ്യതയുണ്ടെന്ന് ബോധ്യമായാലേ ലോണ്‍ ലഭിക്കൂ.

ഇത്തരമൊരു ലോണിനായി അപേക്ഷിക്കുന്നതിനു മുമ്പ് നിങ്ങളുടെ പ്രൊഫൈല്‍ മെച്ചപ്പെടുത്താന്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. അങ്ങനെ മെച്ചപ്പെട്ട പ്രൊഫൈലുള്ളവര്‍ക്ക് ലോണ്‍ എളുപ്പം അനുവദിച്ചു കിട്ടുകയും ചെയ്യും.

വായ്പാദാതാക്കള്‍ ഈടാക്കുന്ന പലിശ നിരക്കുകള്‍ താരതമ്യം ചെയ്യുക:

വസ്തു ജാമ്യമായി ഒരു വായ്പാദാതാവ് നല്‍കുന്ന തുകയും അതിന്റെ നിരക്കും നിങ്ങളുടെ ആവശ്യത്തിന് പര്യാപ്തമാണോയെന്നാണ് ആദ്യം നോക്കേണ്ടത്. വായ്പാ ദാതാവിന്റെ ചട്ടങ്ങളും വ്യവസ്ഥകളും നിങ്ങള്‍ക്ക് ഒത്തുപോകാന്‍ പറ്റുന്നതാണെങ്കില്‍ സ്വാഭാവികമായും ലോണിന് യോഗ്യത ലഭിക്കാനുള്ള സാധ്യതയും കൂടും.

മുതല്‍ തുക, തിരിച്ചടയ്ക്കേണ്ട കാലാവധി, വായ്പാദാതാവ് നിലവില്‍ ഈടാക്കുന്ന നിരക്ക് എന്നിവ അടിസ്ഥാനമാക്കി ഇ.എം.ഐ എത്രവരുമെന്ന് കണക്കുകൂട്ടണം. വിവിധ സ്ഥാപനങ്ങള്‍ ഈടാക്കുന്ന ഇ.എം.ഐ നിരക്കുകള്‍ ലോണ്‍ എഗൈന്‍സ്റ്റ് ഇ.എം.ഐ കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് താരതമ്യം ചെയ്യണം. ഇതിലൂടെ നിങ്ങള്‍ക്ക് യോജിച്ച വായ്പാദാതാവിനെ തെരഞ്ഞെടുക്കാന്‍ പറ്റുമെന്ന് മാത്രമല്ല മുന്‍കൂറായി ഒരു തിരിച്ചടവ് പ്ലാനുണ്ടാക്കാനും സഹായകരമാകും.

അനുയോജ്യമായ തിരിച്ചടവ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക:

ലോണിന് യോഗ്യരായ ഉപഭോക്താക്കള്‍ക്ക് വായ്പാദാതാക്കള്‍ വിവിധ കാലാവധികള്‍ ഓഫര്‍ ചെയ്യും. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കും തിരിച്ചടവ് പദ്ധതികള്‍ക്കും അനുസൃതമായ കാലാവധി വേണം തെരഞ്ഞെടുക്കാന്‍. അതുവഴി തിരിച്ചടവ് മുടങ്ങാനുള്ള സാഹചര്യം കുറയുകയും ലോണടവ് വലിയ പ്രയാസമില്ലാതെ മുന്നോട്ടുപോകുകയും ചെയ്യും.

വസ്തു ജാമ്യമാക്കിയുള്ള ലോണുകള്‍ക്ക് 18 വര്‍ഷം വരെ തിരിച്ചടവ് കാലാവധിയായി നല്‍കാറുണ്ട്. നിങ്ങളുടെ സേവിങ്സ് പദ്ധതികള്‍ക്ക് കൂടി സഹായകരമാകുന്ന വിധത്തിലുള്ള ഇ.എം.ഐ വേണം തെരഞ്ഞെടുക്കാന്‍.

 

വായ്പാ നിബന്ധനകളുടെ കാര്യത്തിലും ശ്രദ്ധവേണം:

വസ്തു ജാമ്യമായുള്ള വായ്പകളുടെ കാര്യത്തില്‍ വായ്പാ ദാതാക്കളുടെ നിബന്ധനകളും വ്യവസ്ഥകളും ചിലപ്പോള്‍ വ്യത്യാസപ്പെടാറുണ്ട്. ഒട്ടുമിക്ക നിബന്ധനകളും ഒരേതാണെങ്കിലും തിരിച്ചടവ് വൈകിയാലുള്ള ഫീസ്, ചെക്ക് ബൗണ്‍സ് ചാര്‍ജുകള്‍, മുന്‍കൂറായി പണമടച്ച് തീര്‍ക്കുമ്പോഴുള്ള ചാര്‍ജ് എന്നിവ വ്യത്യാസപ്പെടാം. ഇത് കൂടി മനസിലാക്കിവേണം ലോണിന് അപേക്ഷിക്കാന്‍.