പലിശ നിരക്ക് കുറയില്ല, റിപ്പോ നിരക്കിൽ മാറ്റമില്ലാതെ വായ്പാനയം

പ്രതീക്ഷിച്ചത് പോലെ മുഖ്യ പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് വായ്പനയം പ്രഖ്യാപിച്ചു. ഇതനുസരിച്ചു റീപോ നിരക്ക് 6 ശതമാനമായും റിവേഴ്‌സ് റീപോ നിരക്ക് 5 .75 ശതമാനത്തിലും തുടരും. ബാങ്കുകളുടെ കരുതൽ ധന അനുപാതം [ക്യാഷ് റിസർവ് റേഷ്യോ] 4 ശതമാനത്തിലും മാറ്റമില്ലാതെ തുടരും.

മോണിറ്ററി പോളിസി കമ്മറ്റിയിലെ [എം. പി സി] ആറ് അംഗങ്ങളിൽ അഞ്ചു പേരും മുഖ്യ പലിശ നിരക്കുകളിൽ തൽസ്ഥിതി തുടരുന്നതിന് അനുകൂലമായാണ് പ്രതികരിച്ചതെന്ന് ആർ. ബി ഐ അധികൃതർ വ്യക്തമാക്കി. അടുത്ത രണ്ടു ക്വർട്ടറുകളിൽ പണപ്പെരുപ്പ നിരക്ക് 4 .3 – 4 .7 ശതമാനം ആയി നിലനിർത്താനാകുമെന്നാണ് റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത്. പ്രധാന മന്ത്രിയുടെ ഓഫീസ് നേരത്തെ മുഖ്യ പലിശ നിരക്കുകൾ താഴ്ത്തണമെന്ന നിർദേശം മോനിറ്ററി പോളിസി കമ്മറ്റിയിലെ സർക്കാർ പ്രതിനിധികൾക്ക് നൽകിയിരുന്നു.

റിസർവ് ബാങ്ക് മറ്റു ബാങ്കുകൾക്ക് നൽകുന്ന ഹൃസ്വകാല വായ്പയുടെ പലിശ നിരക്കാണ് റീപോ നിരക്ക്. ആഗസ്ത് മാസത്തിൽ റീപോ നിരക്ക് കാൽ ശതമാനം കുറച്ചിരുന്നു. പലിശ നിരക്ക് കുറയില്ലെന്ന വാർത്ത ഓഹരി കമ്പോളത്തെ ഏറെ പ്രതികൂലമായി ബാധിച്ചു. സെൻസെക്‌സ് 232 .28 പോയിന്റ് ഇടിഞ്ഞാണ് വ്യാപാരം നടക്കുന്നത്.