ഇഎംഎഫ് റേഡിയേഷനെ കുറിച്ച് ഓണ്‍ലൈന്‍ അവബോധവുമായി ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ കേരള എല്‍എസ്എ

ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ ഫീല്‍ഡ് യൂണിറ്റ് ആയ കേരള എല്‍എസ്എ മാര്‍ച്ച് മുപ്പതിന് ഇഎംഎഫ് റേഡിയേഷനെക്കുറിച്ച് ബോധവല്‍ക്കരണം സംഘടിപ്പിച്ചു. ഇഎംഎഫ് റേഡിയേഷനെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ ശാസ്ത്രീയ തെളിവുകള്‍ നിരത്തി ദൂരീകരിക്കുന്നതിനു വേണ്ടി നടത്തുന്ന പരിപാടിയുടെ ഭാഗമായിരുന്നു ഈ ബോധവല്‍ക്കരണം.

സീനിയര്‍ ഡിഡിജി, ഡിഒടി ഡോ. പി.ടി. മാത്യു, ഡിഡിജി, ഡിഒടി കേരള എല്‍എസ്എ എസ്. ഗോപാലന്‍, കോണ്ടിനെന്റല്‍ ഹോസ്പിറ്റല്‍ ഹൈദരാബാദിലെ മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. സുരേഷ് അറ്റിലി എന്നിവരായിരുന്നു പരിപാടിയിലെ മുഖ്യപ്രഭാഷകര്‍. മൊബെല്‍ ടവറുകളില്‍ നിന്നുള്ള വികിരണവുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങളുമായി ബന്ധപ്പെട്ട മിഥ്യാധാരണകളും തെറ്റായവിവരങ്ങളും ഇല്ലാതാക്കുന്നതിനിടയില്‍ പ്രഭാഷകര്‍ പൗരന്മാരുടെ ആശങ്കകള്‍പരിഹരിച്ചു. സര്‍ക്കാര്‍ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍, റസിഡന്‍ഷ്യല്‍ ഫയര്‍ അസോസിയേഷനുകള്‍, ഡോക്ടര്‍മാര്‍, ടെലികോം സര്‍വീസ് ദാതാക്കള്‍, അടിസ്ഥാന സൗകര്യദാതാക്കള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ബോധവല്‍ക്കരണ ക്യാമ്പില്‍ പങ്കെടുത്തു.

ടെലിവിഷനിലും റേഡിയോയിലും ഉപയോഗിക്കുന്ന നിരുപദ്രവകാരിയായ തരംഗത്തിലുള്ള ഇലക്ട്രോമാഗ്നറ്റിക്് സിഗ്നലുകളാണ് മൊബൈല്‍ കമ്മ്യൂണിക്കേഷന് ഉപയോഗിക്കുന്നതെന്ന് ടെലികമ്മ്യൂണിക്കേഷന്‍ സീനിയര്‍ ഡിഡിജി ഡോ. പി.ടി. മാത്യു തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ലോകാരോഗ്യസംഘടനയും മറ്റ് ശാസ്ത്രസംഘടനകളും നിരവധി പഠനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും ടവര്‍ റേഡിയേഷന്‍ അപകടകാരിയാണെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

എന്നാല്‍, ഇന്ത്യന്‍ പൗരന്മാരുടെ ആരോഗ്യം കണക്കിലെടുത്ത് ഇന്ത്യാ ഗവണ്‍മെന്റ് അന്താരാഷ്ട്രനിലവാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ടവര്‍വികിരണത്തിന്റെ 1/10 എണ്ണം അനുവദിച്ചുകൊണ്ട് വളരെ കര്‍ശനമായ മാനദണ്ഡങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് അനുവദനീയമായ പരമാവധി വികിരണ പരിധിയായ 4.5w/m2നെ അപേക്ഷിച്ച് ഇന്ത്യ സ്വീകരിക്കുന്ന പരിധി 0.45w/m2 ആണ്. ഐഐടി. എഐഐഎംഎസ്, ഐസിഎംആര്‍, ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവിടങ്ങളിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിനൊടുവിലാണ് ഈ മാനദണ്ഡഘങ്ങള്‍ സ്വീകരിച്ചത്. അതിനാല്‍ ആളുകള്‍ കൂട്ടമായി താമസിക്കുന്ന ഇടങ്ങളിലും സ്‌കൂളുകള്‍, ആശുപത്രികള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളുടെ പരിധിയില്‍ ടെലികോം ടവറുകള്‍ സ്ഥാപിക്കുന്നത് അപകടകരമല്ലെന്ന് അദ്ദേഹംപറഞ്ഞു.

പുതിയ ടെലികോം ടവറുകള്‍ സ്ഥാപിക്കുന്നതിന് മുന്‍പ് ടെലികോം സര്‍വീസ് ദാതാക്കള്‍ ടവറില്‍നിന്നുണ്ടാകാനിടയുള്ള റേഡിയേഷന്‍ വികിരണത്തിന്റെ വിശദവിവരങ്ങള്‍ കേരള ടെലികോം വകുപ്പിന് സമര്‍പ്പിക്കണമെന്ന് സീനിയര്‍ ഡിഡിജി എസ്. ഗോപാലന്‍ അറിയിച്ചു. മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള പരിധിയില്‍ മാത്രമാണ് ഈ വികിരണമെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം കേരള ടെലികോം വകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കും. അതിന് ശേഷമാകും തദ്ദേശസ്ഥാപനങ്ങള്‍ ടവര്‍ സ്ഥാപിക്കാനുള്ള കെട്ടിട അനുമതി സര്‍ട്ടിഫിക്കറ്റ് നല്‍കുക. ഇതിനുപുറമെ, ടവര്‍ വികിരണങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ പരിഹരിക്കുന്നതിനും നീക്കംചെയ്യുന്നതിനുമായി സംസ്ഥാന ടെലികോം കമ്മിറ്റിയുടെയും ജില്ലാ ടെലികോം കമ്മിറ്റികളുടെയും സംവിധാനം രൂപീകരിച്ചിട്ടുണ്ട്

ഈ വിഷയത്തില്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് വിശദവിവരങ്ങള്‍ തങ്ങളുടെവെബ്‌സൈറ്റ് ആയ www.dot.gov.inല്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ ടെലികോം ടവറുകളില്‍ നിന്നും വികിരണം ചെയ്യുന്ന റേഡിയേഷന്‍ അനുവദനീയമായ അളവിലാണെന്ന് ഉറപ്പുവരുത്താന്‍ ഒരു പരാതി സംവിധാനവും ടെലികോം വകുപ്പ് രൂപീകരിക്കും. എല്ലാ ടെലികോം സേവനദാതാക്കളും ഇക്കാര്യത്തില്‍ ആനുകാലിക സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ഡിഒടി ഫീല്‍ഡ് ഓഫീസര്‍മാര്‍ എല്ലാവര്‍ഷവും 10% ബിടിഎസ് ഓഡിറ്റ് ചെയ്യുകയുംവേണം.

കഴിഞ്ഞഫെബ്രുവരി 28 വരെ 88,366 ബിടിഎസുകളില്‍ 46,151 എണ്ണത്തില്‍ പരിശോധന നടത്തിയ കേരള ടെലികോം വകുപ്പ് ഇവയില്‍ നിന്നെല്ലാം അനുവദനീയമായ അളവിലാണ് റേഡിയേഷന്‍ വികിരണം ചെയ്യുന്നതെന്ന് കണ്ടെത്തിയിരുന്നു. പിന്‍കോഡ് നല്‍കിയാല്‍ തങ്ങളുടെ പ്രദേശത്തെ ടവറുകള്‍ വികിരണം ചെയ്യുന്ന റേഡിയേഷന്‍ അളവ് പൊതുജനങ്ങള്‍ക്ക് കാണുന്നതിനായി ടെലികോം വകുപ്പ് www.tarangsanchar.gov.in എന്നവെബ്‌സൈറ്റും രൂപീകരിച്ചിട്ടുണ്ട്. നിര്‍ദ്ദിഷ്ട ഫീസ് അടച്ച് ടെലികോം വകുപ്പിന്റെ ഒരു സൈറ്റിന്റെ റേഡിയേഷന്‍ അളവ് അളക്കാന്‍ പൊതുജനങ്ങള്‍ക്ക് അഭ്യര്‍ത്ഥിക്കാവുന്നതാണ്.

വിശദമായ പഠനങ്ങളില്‍ നിന്നും മൊബൈല്‍ ടവര്‍ റേഡിയേഷനും മനുഷ്യന്റെ ആരോഗ്യവും തമ്മില്‍ ബന്ധമില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഹൈദ്രാബാദ് കോണ്ടിനന്റല്‍ ഹോസ്പിറ്റലിലെ മെഡിക്കല്‍ ഓങ്കോളജിസ്റ്റ്ഡോ. സുരേഷ് അറ്റിലി അറിയിച്ചു. മാനദണ്ഡങ്ങളില്‍ ഇന്ത്യയെക്കാള്‍ പത്ത് മടങ്ങ് കാര്‍ക്കശ്യം കുറവുള്ള രാജ്യങ്ങളില്‍ പോലും മൊബൈല്‍ ടവര്‍ റേഡിയേഷന്‍ കൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മൊബൈല്‍ ടവര്‍ റേഡിയേഷന്‍ കൊണ്ട് മനുഷ്യ ആരോഗ്യത്തിന് അപകടമൊന്നുമില്ലെന്ന് ലോകാരോഗ്യസംഘടന നടത്തിയ പഠനത്തിലും തെളിഞ്ഞിട്ടുണ്ട്.

പങ്കെടുക്കുത്തവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയ പ്രാസംഗികര്‍ നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റി ആധികാരികമാണെന്നും ആരോഗ്യകരമായ അടിസ്ഥാന സൗകര്യം പല സാങ്കേതികവിദ്യകളുടെയും പുരോഗതിയെ പിന്തുണയ്ക്കുമെന്നും ഇത് നാമെല്ലാവരും ജീവിക്കുന്ന രീതിയിലും ജോലിചെയ്യുന്നതിലും മെച്ചപ്പെടുമെന്നും വ്യക്തമാക്കി. ഒരു സെല്‍ഫോണില്‍ നിന്നുണ്ടാകുന്നതിനേക്കാള്‍ വളരെയധികം കുറവാണ് ടവറില്‍ നിന്നുമുണ്ടാകുന്ന വികിരണം. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ടെലികോം വകുപ്പും ടെലികോം ഓപ്പറേറ്റര്‍മാരും പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധരാണ്. ഇഎംഎഫ് വികിരണ മാനദണ്ഡങ്ങളിലെ പൗരന്മാരുടെ ആശങ്കകള്‍ സംരക്ഷിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പൗരന്മാരുടെ സംരക്ഷണത്തിനായി പാലിക്കപ്പെടണം.

മൊബൈല്‍ റേഡിയേഷന്‍ പരിശോധന: മൊബൈലിലെ നിര്‍ദ്ദിഷ്ട വികിരണതോത് (എസ്എആര്‍) അറിയുന്നതിനായി *#07# എന്ന്ടൈപ്പ്ചെയ്യുക. സെല്‍ഫോണ്‍ വികിരണം ചെയ്യുന്ന റേഡിയേഷന്റെ അളവ് മൊബൈല്‍ സ്‌ക്രീനില്‍ തെളിഞ്ഞുവരും. 1 ഗ്രാം മനുഷ്യകോശത്തിന്റെ ശരാശരി 1.6 വാട്ട് / കിലോഗ്രാം മാത്രമാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യുന്ന ഫോണുകളില്‍ അനുവദിക്കുന്നുള്ളൂ.

ഇതില്‍ നിന്നെല്ലാം മൊബൈല്‍ ടവറുകളില്‍ നിന്നുള്ള റേഡിയേഷന്‍ സുരക്ഷിതവും ആരോഗ്യത്തെ ബാധിക്കാത്തതാണെന്നും വ്യക്തമാണ്. 5 ജി അവതരിപ്പിക്കുന്നതിനുള്ള മൊബൈല്‍ വിപുലീകരണ പദ്ധതികള്‍ കണക്കിലെടുത്ത് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ടവറുകളുടെ എണ്ണം 18700 ല്‍നിന്ന് 34000 ആയി ഉയര്‍ത്താനാണ് തീരുമാനം. അതുകൊണ്ട് മൊബൈല്‍ ടവര്‍ വികിരണങ്ങളെക്കുറിച്ചുള്ള എല്ലാ തെറ്റിദ്ധാരണകളും ഇല്ലാതാക്കാനും ടെലികോം സേവനത്തിന്റെ ദിനംപ്രതി വളരുന്ന ആവശ്യം നിറവേറ്റുന്നതിനായി ടെലികോം അടിസ്ഥാനസൗകര്യം വേഗത്തില്‍ വികസിപ്പിക്കുന്നതിന് സാധ്യമായ എല്ലാ പിന്തുണയും നല്‍കാനും പൊതുജനങ്ങളടക്കം എല്ലാവരും സഹകരിക്കണമെന്നും ടെലികോം കേരള അഭ്യര്‍ത്ഥിച്ചു.