പഴയ എം ആർ പിയിൽ വിൽക്കാനുള്ള സമയ പരിധി അവസാനിച്ചു, ഓഫർ വിൽപന തകൃതി

പഴയ എം ആർ പി ഇട്ട് ഉത്പന്നങ്ങൾ വിൽക്കുന്നതിനുള്ള സമയപരിധി ഡിസംബർ 31 നു പൂർത്തിയായതോടെ പ്രമുഖ കമ്പനികൾ വില കുറച്ചു ഈ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനുള്ള ശ്രമം
ഊർജിതമാക്കി. 2017 ജൂലായിൽ ജി എസ് ടി നടപ്പാക്കിയപ്പോൾ പഴയ നികുതി അടക്കമുള്ള എം ആർ പി ഇട്ട് സ്റ്റോക്ക് ചെയ്തിരുന്ന സാധനങ്ങൾ പുതിയ നികുതി ചേർത്ത എം ആർ പി ഇട്ട് വില്കണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. എന്നാൽ ഇത് പ്രായോഗികമായി ഏറെ ബുദ്ധിമുട്ടുണ്ടായതിനാൽ ഉത്പന്നങ്ങൾ വിൽക്കുന്നതിന് സമയം നീട്ടി നൽകുകയായിരുന്നു.

ഇത് പല തവണ കേന്ദ്ര സർക്കാർ പുതുക്കി നൽകിയിരുന്നു. ഇതിനു അന്തിമമായി അനുവദിച്ച സമയപരിധി ഡിസംബർ 31 ആയി നിശ്ചയിച്ചു. ഇനി തീയതി നീട്ടി നല്കാൻ സാധ്യത ഇല്ലാത്തതിനാൽ കമ്പനികൾ വിലയിൽ ഇളവ് ഓഫർ ചെയ്തു ഇപ്പോൾ വിറ്റഴിക്കുകയാണ്. ഇതിനായി ജനുവരിയിലെ ആദ്യ ആഴ്ചകളിൽ പ്രമുഖ മാളുകളും വ്യപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ചു ഓഫർ വില്പന തകര്ക്കുകയാണ്. അവശ്യ സാധനങ്ങൾ മുതൽ ആഡംബര ഉത്പന്നങ്ങളും ഇങ്ങനെ വൻ തോതിൽ വിറ്റഴിക്കുന്നുണ്ട്. പലയിടത്തും 50 മുതൽ 70 ശതമാനം വരെ വില കുറച്ചാണ് വില്പന. ചില ഉത്പന്നങ്ങൾക്ക് ഒന്നിനൊന്നു സൗജന്യ ഓഫർ ചെയ്താണ് വില്പന പൊലിപ്പിക്കുന്നത്.

ഇനി ഈ ഓൾഡ് സ്റ്റോക്ക് വിറ്റഴിക്കുക ദുഷ്കരമായിരിക്കും. വ്യവസായ സംഘടനകൾ ഇക്കാര്യത്തിൽ സമയം നീട്ടി നല്കണമെന്നാവശ്യപ്പെട് സർക്കാരിനെ സമീപിച്ചിരുന്നു. നവംബറിലാണ് ഡിസംബർ 31 വരെ സമയം സർക്കാർ അനുവദിച്ചത്. അന്ന് ഏകദേശം 35,000 കോടി രൂപയുടെ ഉൽപന്നങ്ങൾ ഇങ്ങനെ കെട്ടികിടക്കുന്നുണ്ട് എന്നാണ് വ്യവസായ സംഘടനകൾ നൽകിയ കണക്ക്. ഈ ഉത്പന്നങ്ങളാണ് ഇപ്പോൾ ഓഫർ വില്പനയിലൂടെ വിറ്റഴിക്കുന്നത്.