ഇനി വാട്സ്ആപ്പ് വഴി ലഭിക്കും എസ്.ബി.ഐ ബാങ്കിംഗ് സേവനങ്ങള്‍! നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ വാട്സ്ആപ്പ് വഴിയുള്ള ബാങ്കിങ് സേവനങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. അക്കൗണ്ട് ബാലന്‍സ്, മിനി സ്റ്റേറ്റ്മെന്റ് എന്നിവയെല്ലാം ഇനി വാട്സ്ആപ്പ് വഴി ലഭിക്കും.

എസ്.ബി.ഐ വാട്സ്ആപ്പ് ബാങ്കിങ് സേവനങ്ങള്‍ എങ്ങനെ ലഭിക്കും?

വാട്സ്ആപ്പ് വഴിയുള്ള എസ്.ബി.ഐ ബാങ്കിങ് സേവനങ്ങള്‍ ലഭിക്കാന്‍ ഉപഭോക്താക്കള്‍ ആദ്യം രജിസ്റ്റര്‍ ചെയ്യണം. WAREG എന്ന് ടൈപ്പ് ചെയ്തശേഷം ഒരു സ്പെയ്സ് ഇട്ട് നിങ്ങളുടെ അക്കൗണ്ട് നമ്പര്‍ ടൈപ്പ് ചെയ്ത് 7208933148 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയക്കുക. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം, ഈ എസ്.എം.എസ് അയക്കേണ്ടത് നിങ്ങളുടെ എസ്.ബി.ഐ അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോണില്‍ നിന്നായിരിക്കണം.

രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ 9022690226 എന്ന എസ്.ബി.ഐയുടെ നമ്പറില്‍ നിന്നും നിങ്ങളുടെ ഫോണിലെ വാട്സ്ആപ്പില്‍ ഒരു മെസേജ് ലഭിക്കും. ”പ്രിയ ഉപഭോക്താവേ എസ്.ബി.ഐ വാട്സ്ആപ്പ് ബാങ്കിങ് സേവനങ്ങളിലേക്ക് നിങ്ങള്‍ക്ക് വിജയകരമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നു” എന്നുള്ള മെസേജിനോട് പ്രതികരിച്ചുകൊണ്ട് ഒരു ഹായ് അയക്കാം.

തുടര്‍ന്നുള്ള മെസേജില്‍ അക്കൗണ്ട് ബാലന്‍സ്, മിനി സ്റ്റേറ്റ്മെന്റ്, വാട്സ്ആപ്പ് ബാങ്കില്‍ നിന്നും ഡീ രജിസ്റ്റര്‍ ചെയ്യാന്‍ എന്നിങ്ങനെയുള്ള ഓപ്ഷനുകളില്‍ നിന്ന് ഒന്ന് തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെടും.

നിങ്ങള്‍ക്ക് ആവശ്യമുള്ളത് എന്താണോ ആ ഓപ്ഷന്‍ തെരഞ്ഞെടുക്കാം. മിനി സ്റ്റേറ്റ്മെന്റാണെങ്കില്‍ അവസാനം നടന്ന അഞ്ച് ഇടപാടുകളുടെ വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. വാട്സ്ആപ്പ് ബാങ്കിങ്ങില്‍ രജിസ്റ്റര്‍ ചെയ്തത് ഒഴിവാക്കണമെങ്കില്‍ മൂന്നാമത്തെ ഓപ്ഷന്‍ തെരഞ്ഞെടുക്കാം.

നിങ്ങള്‍ തെരഞ്ഞെടുത്ത ഓപ്ഷന്‍ അനുസരിച്ച് അക്കൗണ്ട് ബാലന്‍സോ മിനി സ്റ്റേറ്റ്മെന്റോ ഡിസ്പ്ലെ ആകും. നിങ്ങള്‍ക്ക് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അത് ടൈപ്പ് ചെയ്ത് ചോദിക്കുകയും ചെയ്യാം.

Read more

എസ്.ബി.ഐ കാര്‍ഡ് വാട്സ്ആപ്പ് കണക്ട് എന്ന പേരില്‍ ക്രഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്കായും എസ്.ബി.ഐ വാട്സ്ആപ്പ് അടിസ്ഥാനമാക്കിയുള്ള സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതുവഴി എസ്.ബി.ഐ ക്രഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടിന്റെ സമ്മറിയും റിവാര്‍ഡ് പോയിന്റുകളും ബാലന്‍സും കാര്‍ഡ് ഇടപാടുകളും മറ്റും നടത്താം.