ലോണ്‍ വേണോ? ലോണ്‍ തട്ടിപ്പുകളില്‍ പെടാതിരിക്കാനുള്ള മുന്നറിയിപ്പുകള്‍

 

 

കോവിഡ് മഹാമാരി കാലത്ത് സാമ്പത്തിക തട്ടിപ്പുകള്‍ വളരെയധികം വര്‍ധിച്ചിട്ടുണ്ട്. ഇക്കാലത്ത് റിപ്പോര്‍ട്ടു ചെയ്യപ്പെട്ട പ്രധാനപ്പെട്ട തട്ടിപ്പുകളിലൊന്നാണ് ലോണ്‍ തട്ടിപ്പുകള്‍. മെഡിക്കല്‍ ആവശ്യങ്ങള്‍ പോലെ അടിയന്തരമായ ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുന്നവരാണ് ഇത്തരം തട്ടിപ്പുകാരുടെ കെണിയില്‍പ്പെടുന്നത്.

ഡിജിറ്റല്‍, സാങ്കേതിക രംഗത്തെ വികാസം സാമ്പത്തിക സേവനരംഗത്ത് വലിയ മാറ്റം സൃഷ്ടിച്ചിട്ടുണ്ട്. അതേസമയം തന്നെ സാധാരണക്കാര്‍ക്ക് എളുപ്പം മനസിലാക്കാന്‍ കഴിയാത്ത ഏറെ പ്രശ്നങ്ങളും ഇത്തരം ഇടപാടുകളിലുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ക്കെതിരെ ഓരോരുത്തരും സ്വയം കരുതിയിരിക്കണം.

ലോണ്‍ തട്ടിപ്പുകള്‍ സര്‍വ്വ സാധാരണമാകയാല്‍ തന്നെ അത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണം. ഇത്തരം തട്ടിപ്പുകള്‍ തിരിച്ചറിയാനുള്ള ചില വഴികള്‍ സാധാരണക്കാര്‍ക്കായി പങ്കുവെക്കുകയാണ് ബജാജ് ഫിനാന്‍സ് ലിമിറ്റഡിന്റെ ചീഫ് റിസ്‌ക് ഓഫീസറായ ഫഖാരി സര്‍ജന്‍.

1. തിരിച്ചുതരുമെന്ന വാഗ്ദാനത്തോടെ അഡ്വാന്‍സായി കുറച്ച് പണം ആവശ്യപ്പെടുക:

ലോണ്‍ തരാമെന്നും അതിന്റെ പ്രോസസിങ് ഫീസായോ, ഇന്‍ഷുറന്‍സ് ഫീസോ മറ്റോ കുറച്ചു തുക ആദ്യം തന്നെ അടയ്ക്കണമെന്നും പിന്നീട് അത് തിരിച്ചുനല്‍കുന്നതായിരിക്കുമെന്നും പറഞ്ഞ് ആരെങ്കിലും നിങ്ങളെ ബന്ധപ്പെടുകയാണെങ്കില്‍ ഓര്‍ക്കുക അത് തട്ടിപ്പിന്റെ സൂചനയാണ്. നിയമപരമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനവും വായ്പ നല്‍കുന്നതിനു മുമ്പ് അഡ്വാന്‍സായി നിങ്ങളോട് പണം ആവശ്യപ്പെടില്ല. ഇനി എന്തെങ്കിലും തരത്തിലുള്ള പ്രോസസിങ് ഫീയുണ്ടെങ്കില്‍ തന്നെ അത് ലോണ്‍ തുകയില്‍ നിന്നും കിഴിച്ച് ബാക്കി വരുന്ന പണമായിരിക്കും നിങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുക.

2. തിടുക്കം കാട്ടുന്നതുപോലെ തോന്നുക:

വായ്പ നല്‍കാമെന്ന് പറഞ്ഞ് സമീപിച്ചവര്‍ പെട്ടെന്ന് ഇടപാട് തീര്‍ക്കാന്‍ തിടുക്കം കാട്ടുന്നതുപോലെ തോന്നുന്നുണ്ടെങ്കില്‍ അതും തട്ടിപ്പിന്റെ സൂചനയാണ്. അതിനായി ചുരുങ്ങിയ കാലത്തെ ഓഫറാണെന്നും മറ്റും പറഞ്ഞ് പ്രലോഭിപ്പിക്കും. ശരിക്കുമുള്ള കമ്പനിയാണെങ്കില്‍ പരിമിത കാലത്തേക്കുള്ള ഓഫറുകളൊന്നും പ്രഖ്യാപിക്കില്ല. വ്യക്തികള്‍ക്ക് തീരുമാനിക്കാന്‍ മതിയായ സമയം നല്‍കുന്നതായിരിക്കും.

3. പരിചയമില്ലാത്ത കമ്പനിയുടെ പേര്:

ലോണ്‍ വാഗ്ദാനം നല്‍കിയ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ബ്രാഞ്ചുകളില്‍ സന്ദര്‍ശിച്ചോ കമ്പനിയുടെ വിശ്വാസ്യത ഉറപ്പുവരുത്തുക. നിങ്ങളുടെ വ്യക്തിവിവരങ്ങളും മറ്റും പങ്കുവെക്കുന്നതിനുമുമ്പ് കമ്പനി തട്ടിപ്പ് സ്ഥാപനമല്ലെന്ന് ഉറപ്പിക്കണം.

അനാവശ്യമായ ആശയവിനിമയം:

തട്ടിപ്പുകാര്‍ എസ്.എം.എസ്, ഇമെയില്‍, വാട്സ് ആപ്പ് മെസേജുകള്‍, ഫോണ്‍ കോളുകള്‍ എന്നിവ വഴി ലോണ്‍ വാഗ്ദാനം ചെയ്ത് നിങ്ങളെ സമീപിക്കും. യാതൊരു മാനദണ്ഡവുമില്ലാതെ വായ്പ ലഭിക്കാന്‍ പോകുന്നുവെന്ന് നിങ്ങളെ വിശ്വസിപ്പിക്കും. ചില സമയത്ത് അവര്‍ സ്വയം അറിയപ്പെടുന്ന സാമ്പത്തിക സ്ഥാപനത്തിന്റെ ആളാണെന്ന് പറഞ്ഞും പരിചയപ്പെടുത്തും. നിങ്ങളുടെ സാമ്പത്തിക, വ്യക്തി വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ട് ഒരു അംഗീകൃത സ്ഥാപനവും അനാവശ്യമായ ഇത്തരം ആശയവിനിമയങ്ങളിലൂടെ സമീപിക്കില്ലെന്ന കാര്യം തീര്‍ച്ചയായും മനസിലുണ്ടാവണം.

ലോണ്‍ ഗ്യാരണ്ടി: ലോണ്‍ കിട്ടുമെന്ന് ഗ്യാരണ്ടി എന്നു പറഞ്ഞുള്ള ലോണ്‍ വാഗ്ദാനങ്ങളില്‍ നിന്നും തീര്‍ച്ചയായും നിങ്ങള്‍ മാറി നില്‍ക്കണം. ഉറപ്പായ ലോണ്‍ എന്ന ഒന്നേയില്ല. നിങ്ങളുടെ ക്രഡിറ്റ് വിവരങ്ങള്‍ അടക്കം നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് ലോണ്‍ ലഭിക്കുക.

അത്തരം തട്ടിപ്പുകള്‍ക്ക് ഇരയായെങ്കില്‍ ചെയ്യേണ്ടത്:

1. പാനിക് ആവുകയോ ഇത്തരം തട്ടിപ്പുകളെ അവഗണിക്കുകയോ ചെയ്യരുത്.

2. വായ്പ നല്‍കുന്ന സ്ഥാപനങ്ങളുടെ നിങ്ങള്‍ നടത്തുന്ന ആശയ വിനിമയങ്ങള്‍ ഡോക്യുമെന്റ് ചെയ്തുവെക്കുക.

3. മൊബൈല്‍ നമ്പറുകള്‍, ഐഡി പ്രൂഫ്, അഡ്രസ് പ്രൂഫ് എന്നിവ സോഷ്യല്‍ മീഡിയകളിലോ വെബ്സൈറ്റുകളിലോ പങ്കുവെക്കരുത്.

4. ഈ വിഷയം ബാങ്കിനെ അല്ലെങ്കില്‍ ആ സാമ്പത്തിക സ്ഥാപനത്തെ അറിക്കുക.

5. അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുക.

6 https://cybercrime.gov.in/ എന്ന സൈബര്‍ ക്രൈം വെബ്സൈറ്റില്‍ പരാതി നല്‍കുകയോ 1930 എന്ന ഹെല്‍പ്പ്ലൈന്‍ നമ്പറില്‍ വിളിക്കുകയോ ചെയ്യണം.

 

.