നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ സ്‌കോര്‍പ്പിയോയുടെ മടങ്ങി വരവ്: മഹീന്ദ്രയുടെ തുറുപ്പുചീട്ടിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ഇന്ത്യക്കാര്‍ക്ക് എസ് യുവിയുടെ ഗുണഗണങ്ങള്‍ ഓതിക്കൊടുക്കുന്നതില്‍ മഹിന്ദ്രയ്ക്കുള്ള പങ്ക് ചെറുതല്ല. സ്‌കോര്‍പ്പിയോ മഹീന്ദ്രയുടെ ഈ സെഗ്മെന്റിലുള്ള തുറുപ്പുചീട്ടായിരുന്നു. എസ് യുവി സെഗ്മെന്റില്‍ ഇന്ത്യക്കാര്‍ക്ക് ഏറ്റവും പരിചിത മുഖം. തുടക്കത്തില്‍ കുഴപ്പമില്ലാതെ കാര്യങ്ങള്‍ മുന്നോട്ടു പോയെങ്കിലും ഈ സെഗ്മെന്റിലെ സാധ്യത മനസിലാക്കി മറ്റു കമ്പനികള്‍ ഇതിലും മികച്ച താരങ്ങളെ അണിനിരത്തിയതോടെ സ്‌കോര്‍പ്പിയോയുടെ മേധാവിത്വത്തിന് കോട്ടം തട്ടി. എന്നാല്‍ സ്‌കോര്‍പ്പിയോ ആരാധകരെ നിരാശരാക്കാന്‍ മഹീന്ദ്ര ഒരുക്കമല്ല. ഇപ്പോഴിതാ കാത്തിരുപ്പിന് വിരാമമിട്ട് മുഖം മിനുക്കി കൂടുതല്‍ കരുത്തുറ്റ എന്‍ജിനില്‍ പുതിയ സ്‌കോര്‍പ്പിയോ പുറത്തിറങ്ങി.

9.97 ലക്ഷം രൂപ ആരംഭവിലയിലാണ് പുതിയ സ്‌കോര്‍പിയോ ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ മഹീന്ദ്ര പുറത്തിറക്കുന്നത്. പുത്തന്‍ സ്‌കോര്‍പിയോ പതിപ്പില്‍ വേരിയന്റുകളുടെ പേരിലും മഹീന്ദ്ര മാറ്റം വരുത്തിയിട്ടുണ്ട്. S3, S5, S7, S11 എന്നീ നാല് വകഭേദങ്ങളിലാണ് വാഹനം അവതരിപ്പിച്ചത്. 16.01 ലക്ഷം രൂപ പ്രൈസ് ടാഗില്‍ എത്തുന്ന ടോപ് എന്‍ഡ് മോഡലില്‍ ഫോര്‍-വീല്‍-ഡ്രൈവ് സൌകര്യവുമുണ്ട്. പുറമെ മാത്രമല്ല ഒപ്പം ഇന്റീരിയറിലും ഒരുപിടി മാറ്റങ്ങള്‍ നേടിയാണ് പുത്തന്‍ സ്‌കോര്‍പിയോ എത്തിയിരിക്കുന്നത്.

Read more

പഴയതിനേക്കാളും 20 എച്ച്.പി. കൂടുതല്‍ കരുത്ത് നല്‍കുന്ന 2.2 ലിറ്റര്‍ എം. ഹ്വാക്ക് ഡീസല്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. ബേസ് മോഡലായ S3-യില്‍ 2523 സിസി ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ 3200 ആര്‍പിഎമ്മില്‍ 75 ബിഎച്ച്പി പവറും 1400-2200 ആര്‍പിഎമ്മില്‍ 200 എന്‍എം ടോര്‍ക്കുമേകും. S5, S7 എന്നിവയില്‍ 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ 4000 ആര്‍പിഎമ്മില്‍ 120 ബിഎച്ച്പി പവറും 1800-2800 ആര്‍പിഎമ്മില്‍ 280 എന്‍എം ടോര്‍ക്കും നല്‍കും. 3750 ആര്‍പിഎമ്മില്‍ 140 ബിഎച്ച്പി പവറും 1500-2800 ആര്‍പിഎമ്മില്‍ 320 എന്‍എം ടോര്‍ക്കുമേകുന്ന 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ടോപ് സ്പെക്ക് S 11-ന് കരുത്തേകുക. S3, S5, S7 (120 ബിഎച്ച്പി) എന്നിവയില്‍ 5 സ്പീഡ് മനുവലാണ് ഗിയര്‍ബോക്സ്. S7 (140 ബിഎച്ച്പി), S11 പതിപ്പുകളില്‍ പുതിയ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍ ചുമതല നിര്‍വഹിക്കുക.