കോവിഡിനു ശേഷവും ഇ- കൊമേഴ്സ് വളര്‍ച്ച തുടരുമെന്ന് എസ്.എം.ഇകള്‍ - ഫെഡെക്‌സ് സര്‍വേ

സ്‌മോള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസ് (SME) കേന്ദ്രീകരിച്ചു കൊണ്ട് ഇന്ത്യയില്‍ അടുത്തിടെ നടത്തിയ സര്‍വ്വേയുടെ കണ്ടെത്തലുകള്‍ പങ്കുവെച്ച് ലോകത്തിലെ ഏറ്റവും വലിയ എക്‌സ്പ്രസ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനികളിലൊന്നായ ഫെഡെക്‌സ് (FedEx) കോര്‍പ്പറേഷന്റെ (NYSE: FDX) അനുബന്ധ സ്ഥാപനമായ ഫെഡെക്‌സ് എക്‌സ്പ്രസ്. കോവിഡ്-19 മഹാമാരി സമയത്ത് എസ്എംഇകള്‍ക്കിടയില്‍ ഇ-കൊമേഴ്സ്, ഡിജിറ്റല്‍ അഡോപ്ഷന്‍ എന്നിവയിലുണ്ടായ പ്രവണതകള്‍ തിരിച്ചറിയുന്നതിനായി സ്വതന്ത്ര ഗവേഷണ സ്ഥാപനമായ ഡണ്‍ ആന്‍ഡ് ബ്രാഡ്സ്ട്രീറ്റ് ഇന്ത്യയാണ് ഫെഡെക്‌സ് കമ്മീഷന്‍ ചെയ്ത ഈ സര്‍വ്വേ നടത്തിയത്.

ലോക്ക് ഡൗണ്‍ ആരംഭിച്ചതിനുശേഷം 30% ചെറുകിട ബിസിനസ്സുകളും 40% ഇടത്തരം ബിസിനസ്സുകളും ഇ-കൊമേഴ്സ് വില്‍പ്പനയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്, ഇ-കൊമേഴ്സ് വില്‍പ്പനയിലെ ഈ വളര്‍ച്ചയുടെ ഫലമായി ഇന്ത്യയിലെ എസ്എംഇകള്‍ക്കിടയില്‍ കൈവന്ന ശുഭാപ്തിവിശ്വാസവും ഈ സര്‍വ്വേ വെളിപ്പെടുത്തുന്നു. പകര്‍ച്ചവ്യാധിയും അതിന്റെ ഫലമായുണ്ടായ നിയന്ത്രണങ്ങളും ഇ-കൊമേഴ്സിനോടുള്ള ഉപഭോക്താക്കളുടെ കാഴ്ചപ്പാടില്‍ മാറ്റം വരുത്താന്‍ കാരണമായി, കോവിഡ് 19-നു ശേഷവും ഇ-കൊമേഴ്സ് മേഖല സാമ്പത്തിക അഭിവൃദ്ധി തുടരുമെന്നാണ് ഈ സര്‍വ്വേയില്‍ പങ്കെടുത്ത 35% ചെറുകിട ബിസിനസ്സുകളും 54% ഇടത്തരം ബിസിനസ്സുകളും വിശ്വസിക്കുന്നത്.

ഈ ഉത്സവ സീസണില്‍, ഇ-കൊമേഴ്സ് ശേഷികള്‍ വര്‍ദ്ധിപ്പിക്കുകയും ഗണ്യമായ വില്‍പ്പന പ്രതീക്ഷിച്ച് തങ്ങളുടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് തന്ത്രങ്ങളെക്കുറിച്ച് പുനര്‍വിചിന്തനം നടത്തുകയുമാണ് എസ്എംഇകള്‍. സര്‍വ്വേയില്‍ പങ്കെടുത്ത എസ്എംഇകളില്‍ മുപ്പത്തിനാല് ശതമാനം പേരും ശക്തമായ പീക്ക് സീസണ്‍ ഡിമാന്‍ഡ് പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യയിലെ പീക്ക് സീസണ്‍ വില്‍പ്പന ഈ വര്‍ഷം ഏകദേശം ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി കാണിച്ച് റെഡ്‌സീര്‍ പ്രസിദ്ധീകരിച്ച കണ്ടെത്തലുകളുമായി ഇത് ചേര്‍ന്നു പോകുന്നു.

മൊത്തം വ്യാപാര മൂല്യം ഈ 7 ബില്യണ്‍ ഡോളറിലെത്തുമെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 3.8 ബില്യണ്‍ ഡോളറായിരുന്നു. ഇ-കൊമേഴ്സ് വില്‍പ്പനയില്‍ തുടര്‍ച്ചയായ വര്‍ദ്ധനവു പ്രതീക്ഷിക്കുന്നതോടൊപ്പം തന്നെ, പകര്‍ച്ചവ്യാധി അവസാനിച്ചാലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലുകളിലൂടെയുള്ള വാങ്ങലുകള്‍ തുടരുമെന്നും ഫെഡെക്‌സ് കമ്മീഷന്‍ ചെയ്ത സര്‍വ്വേയില്‍ പങ്കെടുത്ത 80% മീഡിയം ബിസിനസ്സുകളും 58% സ്‌മോള്‍ ബിസിനസ്സുകളും വിശ്വസിക്കുന്നു.

നിലവില്‍, എസ്എംഇകള്‍ ഡിജിറ്റല്‍ രീതികള്‍ അവലംബിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്. പകര്‍ച്ചവ്യാധി ആരംഭിച്ച ശേഷം ഡിജിറ്റല്‍ പേയ്മെന്റുകളില്‍ വര്‍ദ്ധനവ് ഉണ്ടായതായി 76% സ്‌മോള്‍ ബിസിനസ്സുകളും 60% മീഡിയം ബിസിനസ്സുകളും പറയുന്നു. ഡിജിറ്റല്‍ വാലറ്റുകളുടെ ഉപയോഗവും കൂടിയിട്ടുണ്ട്, മീഡിയം ബിസിനസുകളേക്കാള്‍ (7%) സ്‌മോള്‍ ബിസിനസ്സുകളി(28%)ലാണ് ഇവയുടെ ഉപയോഗത്തിന്റെ നിരക്ക് കൂടുതല്‍.

സര്‍വ്വേ ഫലങ്ങളെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തവേ ഇന്ത്യയിലെ ഫെഡെക്‌സ് എക്‌സ്പ്രസ് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് മുഹമ്മദ് സെയ്ഗ് പറഞ്ഞു, “”കോവിഡ് -19 കാലത്തുടനീളം, ആളുകള്‍ വീട്ടില്‍ നിന്നുതന്നെ കൂടുതല്‍ ഷോപ്പിംഗ് നടത്തുന്നത് നമ്മള്‍ കണ്ടു. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി യാത്രാ പരിമിതികള്‍ ഇപ്പോഴുമുണ്ട്, അതിനാല്‍ ഈ ഉത്സവ സീസണില്‍ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും നേരിട്ട് സന്ദര്‍ശിക്കുന്നതിനു പകരം, ആളുകള്‍ അവര്‍ക്ക് സമ്മാനങ്ങള്‍ കൊറിയര്‍ ചെയ്യാനാണ് സാധ്യത കൂടുതല്‍””

“”ഇ-കൊമേഴ്സ് വില്‍പ്പനയില്‍ തുടര്‍ച്ചയായ വര്‍ദ്ധന പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍, ഷിപ്പിംഗ് നേരത്തെയാക്കാനും ഷോപ്പിംഗ് ചെയ്യാനായി ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫെഡെക്‌സ് വിവിധ ബിസിനസ്സുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. ഞങ്ങളുടെ ആഗോള, ആഭ്യന്തര നെറ്റ്വര്‍ക്കുകള്‍, ഓരോ ബിസിനസ്സിന്റെയും അവരുടെ ഉപഭോക്താക്കളുടെയും ആവശ്യങ്ങളെ പിന്തുണയ്ക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.”” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വേഗതയേറിയതും സുരക്ഷിതവുമായ ഷിപ്പിംഗിന്റെ മൂല്യവും ഷോപ്പര്‍മാരും ഓണ്‍ലൈന്‍ ബിസിനസുകളും കണക്കിലെടുക്കുന്നതാണ്. വേഗത്തിലുള്ള ഡെലിവറിക്ക് ഉപയോക്താക്കള്‍ കൂടുതല്‍ പണം നല്‍കുമെന്ന് 41% എസ്എംഇകളും വിശ്വസിക്കുന്നതായി സര്‍വ്വേ എടുത്തുകാണിക്കുന്നു, ഇത് ടൈം സെന്‍സിറ്റീവ് ആയ ഷിപ്പ്‌മെന്റുകളുടെ ബിസിനസ്സ് വളര്‍ച്ച സാധ്യമാക്കാന്‍ സഹായിക്കുന്ന മികച്ച ലോജിസ്റ്റിക് സര്‍വീസ് പ്രോവൈഡറെ തിരഞ്ഞെടുക്കുന്നതിന് മുന്‍ഗണന നല്‍കാന്‍ ബിസിനസ്സുകളെ സഹായിക്കുന്നു.

സംരംഭകരെയും സ്‌മോള്‍ ബിസിനസുകളെയും പിന്തുണയ്ക്കുന്നതില്‍ ഫെഡെക്‌സിന് ഏറെക്കാലം നീണ്ട ചരിത്രമുണ്ട്, പൂര്‍ണ്ണശേഷി കൈവരിക്കാന്‍ അവരെ സഹായിക്കുന്നതിനും ഫെഡെക്‌സ് പ്രതിജ്ഞാബദ്ധമാണ്. ബിസിനസ് ആഗോളതലത്തിലേക്ക് കൊണ്ടുപോകുന്നതിന്, സ്‌മോള്‍ ബിസിനസുകള്‍ക്ക് പ്രചോദനവും സാമ്പത്തിക സഹായവും നല്‍കുന്നതിനായി ഫെഡെക്‌സിന്റെ സ്‌മോള്‍ ബിസിനസ് ഗ്രാന്‍ഡ് കോണ്ടസ്റ്റിന്റെ നിരവധി പതിപ്പുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. ഇത് അവരുടെ ബിസിനസ് വളര്‍ച്ചയ്ക്കും മത്സരാത്മകത വര്‍ദ്ധിപ്പിക്കാനും സഹായിച്ചിട്ടുണ്ട്.

സൂറത്ത്, ഉദയ്പൂര്‍, ചെന്നൈ എന്നിവിടങ്ങളിലെ എസ്എംഇ ഉപഭോക്താക്കള്‍ക്കായി, അവരുടെ അറിവും ചിന്തകളും പങ്കിടാനുള്ള പ്ലാറ്റ്‌ഫോമായ എസ്എംഇ കണക്റ്റ് സീരീസും ഫെഡെക്‌സ് സംഘടിപ്പിച്ചിട്ടുണ്ട്. ബിസിനസ്സുകളെയും ഭാവി വളര്‍ച്ചയെയും പിന്തുണയ്ക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കായി, അതാതു ബിസിനസ് മേഖലകളിലെ വിദഗ്ധരുമായി സംവദിക്കാനുള്ള ഒരു ഫോറവും എസ്എംഇ കണക്റ്റ് സീരീസില്‍ ഒരുക്കിയിട്ടുണ്ട്.