2017 – സാമ്പത്തിക ഇന്ത്യ രണ്ട് വൻ തിരിച്ചടികൾ നേരിട്ട വർഷം : രഘുറാം രാജൻ

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ വർഷം രണ്ട് വൻ തിരിച്ചടികൾ നേരിട്ടുവെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. നോട്ട് പിൻവലിക്കലും ധൃതി പിടിച്ചു ജി എസ് ടി നടപ്പാക്കിയതുമാണ് അവയെന്ന് ദാവോസിൽ ലോക സാമ്പത്തിക ഉച്ചകോടിക്കെത്തിയ അദ്ദേഹം പറഞ്ഞു. ലോക സാമ്പത്തിക മുന്നേറ്റത്തോടൊപ്പം കുതിക്കാൻ ഇന്ത്യക്കു ഇത് മൂലം സാധിച്ചില്ല. ഇത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പിന്നോട്ടടിച്ചതായി അദ്ദേഹം വിലയിരുത്തി.
ദീര്ഘകാലാടിസ്ഥാനത്തിൽ ജി എസ് ടി ഇന്ത്യക്കു ഗുണം ചെയ്യും. എന്നാൽ താത്കാലികമായി ഇത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥക്ക് വെല്ലുവിളി ഉയർത്തുന്നതാണ്.

തന്റെ പിൻഗാമിയായി റിസർവ് ബാങ്ക് ഗവർണറായി എത്തിയ ഉർജിത് പട്ടേലിനെ പുകഴ്‌ത്താൻ അദ്ദേഹം മറന്നില്ല. ഉർജിത് പട്ടേലിന്റെ നേതൃത്വത്തിൽ മോനിറ്ററി പോളിസി കമ്മറ്റി നടത്തുന്നത് മികച്ച പ്രവർത്തനമാണെന്നു അദ്ദേഹം പറഞ്ഞു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൽ ഇവർ മികച്ച പ്രവർത്തനമാണ് നടത്തുന്നത്.

വികസ്വര രാജ്യങ്ങളെ പാശ്ചാത്യ ലോകം കൂടുതൽ കരുതലോടെ കാണണമെന്ന് ദാവോസിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. വികസ്വര രാജ്യങ്ങളുടെ സഹകരണം കൂടാതെ സമ്പന്ന രാജ്യങ്ങൾക്ക് അധികകാലം മുന്നോട്ട് പോകാൻ കഴിയില്ല. ഒറ്റയ്ക്ക് നിന്നാൽ ഒരു രാജ്യത്തിനും ഒരു പ്രശ്നവും പരിഹരിക്കാൻ കഴിയില്ല. തങ്ങളുടെ ജനസംഖ്യയിൽ അധികവും പ്രായം ചെന്നവരാണെന്ന കാര്യം പാശ്ചാത്യ സമൂഹം മറക്കരുത്. സമ്പന്ന രാഷ്ട്രങ്ങളുടെ ഉത്പന്നങ്ങൾക്ക് വിപണിയുള്ളത് വികസ്വര രാജ്യങ്ങളിലാണെന്നോർക്കണം. സാമ്പത്തിക അസമത്വം ഇല്ലാതാക്കുന്ന കാര്യത്തിൽ സിങ്കപ്പൂർ ഒരു നല്ല മാതൃകയാണെന്നും രഘുറാം രാജൻ പറഞ്ഞു.