കൂടുതല്‍ സമ്പാദിക്കാന്‍ ലോക കോടീശ്വരന്മാരുടെ ടിപ്സ് ഇതാ!

 

 

അത്യാവശ്യ സമയങ്ങളില്‍ പണത്തിന് പണം തന്നെ വേണം. പണം ചെലവാക്കുന്ന കാര്യത്തില്‍ നല്ല ശ്രദ്ധയുണ്ടെങ്കിലേ കിട്ടുന്നതില്‍ നിന്നും എന്തെങ്കിലും മിച്ചം വെയ്ക്കാനും അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാനും കഴിയൂ. ലോകത്തില്‍ സ്വന്തം അധ്വാനത്തിലൂടെയും മറ്റും മുന്നോട്ടുയര്‍ന്ന് കോടീശ്വരന്മാരായ നിരവധിയാളുകളുണ്ട്. അവരില്‍ ചിലര്‍ സമ്പാദ്യം വളര്‍ത്താന്‍ നല്‍കുന്ന കുറച്ച് ടിപ്സുകളാണ് ഇവിടെ പറയുന്നത്.

1. ക്രഡിറ്റ് കാര്‍ഡ് ഉപേക്ഷിക്കുക:

നല്ല രീതിയില്‍ പണം സമ്പാദിക്കുന്നവരെപ്പോലും തകര്‍ക്കാനാവുന്നതാണ് ക്രഡിറ്റ് കാര്‍ഡുകള്‍ എന്നാണ് ഡാലസ് മാവെറിക് ഉടമ മാര്‍ക്ക് ക്യൂബന്‍ പറയുന്നത്. ഈ വാദം അദ്ദേഹം വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ‘ പലിശ നിരക്കില്‍ കൊടുക്കേണ്ടിവരാവുന്ന പണം കടമില്ലാത്തതിനാല്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കാനും അതില്‍ നിന്ന് എന്തെങ്കിലും റിട്ടേണ്‍ നേടാനും സാധിക്കും.” ക്രഡിറ്റ് കാര്‍ഡ് വായ്പയിന്മേലുള്ള ഉയര്‍ന്ന പലിശനിരക്കിന് പുറമേ ക്രഡിറ്റ് കാര്‍ഡുകളിലൂടെ ഇടപാട് നടത്തുമ്പോള്‍ കൂടുതല്‍ തുക ചെലവഴിക്കാനുള്ള സാധ്യതയുണ്ട്.

നിങ്ങളുടെ പുരോഗതി വിലയിരുത്തുക:

നിങ്ങളുടെ സമ്പാദ്യം ഇടയ്ക്കിടെ കണക്കുകൂട്ടിവെയ്ക്കുന്നത് നിങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്താനും പണം ചെലവഴിക്കുന്നതില്‍ കുറച്ചുകൂടി കൃത്യത പാലിക്കാനും സഹായിക്കും. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗെയ്റ്റ്സാണ് ഈ ടിപ് മുന്നോട്ടുവെച്ചത്. നമ്മള്‍ ഒരു ലക്ഷ്യം മുന്നില്‍ കണ്ട് അത്രത്തോളം വളരാന്‍ ശ്രമിച്ചാല്‍ ആ ലക്ഷ്യത്തിലേക്ക് എത്തിക്കുന്ന മുന്നേറ്റം കാഴ്ചവെക്കാന്‍ തീര്‍ച്ചയായും സാധിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

ലളിതമായ ജീവിതം:

കിട്ടുന്നതില്‍ നിന്ന് കുറച്ചാണെങ്കില്‍ അത് സമ്പാദിച്ചുവെക്കുകയെന്നത് നല്ല ശീലമാണ്. ലളിതമായ ജീവിതം അനാവശ്യമായ ചെലവുകള്‍ ഒഴിവാക്കാന്‍ സഹായിക്കും. ലോകത്തിലെ അതിസമ്പന്നരില്‍ ഒരാളായ വാറണ്‍ ബുഫെ സി.ഇ.ഒയ്ക്ക് 88ബില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ടെങ്കിലും അദ്ദേഹം ഇപ്പോഴും ജീവിക്കുന്നത് 1957ല്‍ വാങ്ങിച്ച വീട്ടിലാണ്. സാധാരണ രീതിയിലുള്ള ഫോണാണ് ഉപയോഗിക്കുന്നത്.

ആദ്യം നിക്ഷേപിക്കേണ്ടത് നിങ്ങളില്‍ തന്നെയാണ്:

സമ്പാദ്യം കുമിഞ്ഞുകൂടണമെങ്കില്‍ നിങ്ങള്‍ നിക്ഷേപം നടത്തണം. എന്നാല്‍ 22ാം വയസില്‍ കോടീശ്വരനായ ടക്കര്‍ ഹ്യൂഗ്സ് പറയുന്നത് ആദ്യം നിങ്ങള്‍ നിക്ഷേപിക്കേണ്ടത് നിങ്ങളില്‍ തന്നെയാണെന്നാണ്. ‘ ദിവസം മുപ്പത് മിനിറ്റെങ്കിലും വായിക്കണം. വണ്ടിയോടിക്കുമ്പോള്‍ പ്രധാനപ്പെട്ട പോഡ്കാസ്റ്റുകള്‍ ശ്രദ്ധിക്കണം, മെന്റര്‍മാരെ കണ്ടെത്തണം’ അദ്ദേഹം പറയുന്നു. ശ്വാസംപോലെ അറിവുനേടണം. മറ്റെല്ലാത്തിനേക്കാളും അറിവുനേടാനുള്ള ആഗ്രഹത്തിന് പ്രാധാന്യം കൊടുക്കണമെന്നും അദ്ദേഹം പറയുന്നു.

ചെറുതായി തുടങ്ങൂ:

ഐ.ടി മേഖലയില്‍ ഒമ്പതുമുതല്‍ അഞ്ച് മണിവരെയുള്ള ജോലി ചെയ്താണ് കോടീശ്വരനായ ക്രിസ് റെയ്നിങ് വളര്‍ന്നത്. വരുമാനത്തില്‍ പകുതിയിലേറെയും സമ്പാദ്യമായി കരുതിവെച്ചു. 35ാം വയസില്‍ ഒരു മില്യണ്‍ ഡോളര്‍ സമ്പാദ്യമായുണ്ടായിരുന്നു. രണ്ടുവര്‍ഷത്തിനകം അദ്ദേഹം വിരമിച്ചു. ഇതിനു പിന്നിലെ രഹസ്യത്തെക്കുറിച്ച് ചോദിച്ചാല്‍ അദ്ദേഹം പറയും അനാവശ്യമായ ചെറിയ പര്‍ച്ചേസുകള്‍ ഒഴിവാക്കിയത് എന്ന്. വെറും പത്തുരൂപയല്ലേ അത് വാങ്ങിക്കോയെന്ന് ആളുകള്‍ പറയും. എന്നാല്‍ ആ പത്ത് രൂപ കരുതിവെച്ച് തുടങ്ങിയാല്‍ തന്നെ അത് വലിയൊരു തുടക്കമാണെന്നാണ് അദ്ദേഹം പറയുന്നത്.

വമ്പന്‍ ലക്ഷ്യങ്ങള്‍ വേണം:

ചെറിയ ചെറിയ ചെലവുകള്‍ കുറച്ച് നമുക്ക് സമ്പാദ്യ ശീലം തുടങ്ങാം. അതേ പോലെ തന്നെ കോടീശ്വരന്മാര്‍ പറയുന്ന മറ്റൊരു കാര്യമാണ് വലിയ സമ്പാദ്യലക്ഷ്യങ്ങള്‍ സ്വപ്നം കാണണമെന്നത്. ഒരു വലിയ തുക ലക്ഷ്യം കണ്ടശേഷം അതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ പ്ലാനാണ് വേണ്ടതെന്നാണ് കോടീശ്വരനും ഇന്‍ ടു ദ ആം സി.ഇ.ഒയുമായ ബ്രിം ലിം പറയുന്നത്.

ഒന്നിലേറെ വരുമാന ഉറവിടങ്ങള്‍:

കോടീശ്വരന്മാരെക്കുറിച്ച് നടത്തിയ അഞ്ച് വര്‍ഷം നീണ്ട ഒരു പഠനത്തില്‍ കണ്ടെത്തിയത് അവരില്‍ ഭൂരിപക്ഷം പേര്‍ക്കും ഒന്നിലേറെ വരുമാന ഉറവിടങ്ങളുണ്ടായിരുന്നുവെന്നതാണ്. സൈഡ് ബിസിനസുകള്‍ മുതല്‍ റിയല്‍ എസ്റ്റേറ്റും സ്റ്റോക്ക്മാര്‍ക്കും എന്നുവേണ്ട നിരവധി സമ്പാദ്യ വഴികളുണ്ടുണ്ടായിരുന്നു. വരുമാനം നേടാനുള്ള ഉറവിടങ്ങള്‍ എത്രത്തോളം കൂടുന്നോ അത്രത്തോളം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുമെന്നാണ് ഈ പഠനം നടത്തിയവര്‍ പറയുന്നത്.

നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന വസ്തുക്കള്‍ വാങ്ങിക്കുക:

നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന നിങ്ങള്‍ ആഗ്രഹിക്കുന്ന വസ്തുക്കള്‍ വാങ്ങിക്കുന്നതായി വേണം പണം ചെലവഴിക്കാനെന്നാണ് വെല്‍ത്ത് കോച്ചും അഭിഭാഷകനുമായ അഡിയോള ഒമോല്‍ നല്‍കുന്ന ഉപദേശം. നിങ്ങളുടെ ജീവിതത്തില്‍ മൂല്യമില്ലാത്ത എല്ലാ ചെലവുകളും ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.

‘ ആഗ്രഹങ്ങള്‍ക്കുള്ള ചെലവുകള്‍’ ഒഴിവാക്കുക:

സമ്പാദ്യകാര്യങ്ങളില്‍ വിദഗ്ധനായ ടോം കോര്‍ലെ ഉപദേശിക്കുന്നത് ‘ ആഗ്രഹങ്ങള്‍ക്കുള്ള ചെലവുകള്‍’ എന്നറിയപ്പെടുന്ന ചെലവുകള്‍ ഒഴിവാക്കാനാണ്. അത്തരം ചെലവുകള്‍ക്ക് അദ്ദേഹം സൂചനകള്‍ നല്‍കുന്നത് ഇങ്ങനെയാണ്:

പണം സമ്പാദിക്കുന്ന കാര്യം മറന്ന് നിങ്ങള്‍ക്ക് അപ്പോള്‍ വേണമെന്ന് തോന്നുന്ന കാര്യങ്ങള്‍ക്കായി ചെലവാക്കുക, അത് ചിലപ്പോള്‍ ടി.വി വാങ്ങുന്നതോ, വെക്കേഷന്‍ ആഘോഷിക്കുന്നതോ വിലകൂടിയ കാറുകള്‍ വാങ്ങുന്നതോ ഒക്കെ ആവാം.

പുറത്തുപോയും ഓര്‍ഡര്‍ ചെയ്തും ഭക്ഷണം കഴിക്കാനായി ഒരുപാട് തുക ചെലവഴിക്കുന്നത്

ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി കടംവാങ്ങുന്നത്