ജി എസ് ടി നിരക്കുകൾ ഭാവിയിൽ മൂന്ന് തട്ടാകും, കൂടുതൽ ഉത്പന്നങ്ങൾക്കും 5 ശതമാനം നികുതി – ജെയ്റ്റ്ലി

നിലവിലുള്ള നാല് ജി. എസ് ടി നിരക്കുകൾ മൂന്ന് തട്ടായി ഭാവിയിൽ കുറയ്ക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്‌റ്റിലി. ഇപ്പോഴുള്ള 12 ശതമാനം, 18 ശതമാനം എന്നീ നിരക്കുകൾ മാറ്റി ഒരു പുതിയ നിരക്ക് കൊണ്ടുവരും. ഇത് എത്രയെന്ന് ഇനിയും തീരുമാനമായിട്ടില്ല. അങ്ങനെ വരുമ്പോൾ 5 ശതമാനം, 28 ശതമാനം എന്നിവക്ക് പുറമെ ഒരു നിരക്ക് കൂടി മാത്രമായിരിക്കും ഉണ്ടാവുക.

ജി എസ് ടി നികുതി വരുമാനം ഉയരുന്ന മുറക്കായിരിക്കും ഈ മാറ്റം വരുത്തുകയെന്ന് ഡൽഹിയിൽ നടന്ന ഒരു ചടങ്ങിൽ അദ്ദേഹം പറഞ്ഞു. ഈ മാറ്റങ്ങൾ വരുമ്പോൾ 12 ശതമാനം നികുതി ഈടാക്കുന്ന ഉത്പന്നങ്ങളിൽ ഭൂരിഭാഗത്തിനും 5 ശതമാനമായി താഴും. പരമാവധി നികുതിയായ 28 ശതമാനം ആഡംബര ഉത്പന്നങ്ങൾക്കും ‘സിൻ’ ഉത്പന്നങ്ങൾക്കും മാത്രമായി ചുരുങ്ങും. ഭാവിയിൽ വളരെ കുറച്ചു ഉത്പന്നങ്ങൾക്ക് മാത്രമായിരിക്കും ഏറ്റവും ഉയർന്ന നികുതി നിരക്ക് ബാധകമാവുകയെന്നു ജെയ്‌റ്റിലി പറഞ്ഞു.