ഡോളർ കിതയ്ക്കുന്നു, ആഗോള വിപണിയിൽ സ്വർണ്ണ വില കുതിക്കുന്നു

സ്വർണ്ണത്തിന്റെ ആഗോള വിലയിൽ കഴിഞ്ഞ നാലാഴ്‌ചക്കിടയിൽ ശക്തമായ മുന്നേറ്റംപ്രകടമായി. അന്താരാഷ്ട്ര കറൻസിയായ ഡോളറിന്റെ മൂല്യത്തിൽ ഉണ്ടായ ചാഞ്ചാട്ടം സ്വർണ്ണത്തിന്റെ ഡിമാൻഡ് ഉയർത്തിയതാണ് ഇതിനു കാരണം. ഒരു ട്രോയ് ഔൺസ് [31 .10 ഗ്രാം] സ്വർണ്ണത്തിന്റെ വില വ്യാഴാഴ്ച്ച 1325 .86 ഡോളറിലേക്ക് കയറി. കഴിഞ്ഞ സെപ്റ്റംബർ 15 നു ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണ് ഇത്. കഴിഞ്ഞ ഒരു മാസത്തിനിടയിൽ മാത്രം വിലയിൽ 1 .5 ശതമാനം ഉയർച്ച രേഖപ്പെടുത്തി.

യൂറോ ഉൾപ്പടെയുള്ള ആറ് പ്രമുഖ കറൻസികൾക്കെതിരെ ഡോളറിന്റെ വില കുറയുന്നതാണ് സ്വർണ്ണത്തിന്റെ ഡിമാൻഡ് വർധിപ്പിച്ചത്. ഇതുമൂലം പ്രമുഖ നിക്ഷേപ സ്ഥാപനങ്ങൾ തങ്ങളുടെ നിക്ഷേപത്തിന്റെ മുഖ്യ പങ്ക് സ്വർണ്ണത്തിലേക്ക് മാറ്റുന്നത് ഡിമാൻഡ് കൂടാൻ കാരണമായി. അമേരിക്കയിലെ അവധി മാർക്കറ്റുകളിലും സ്വർണ്ണ വിലയിൽ മുന്നേറ്റം പ്രകടമാണ്.

നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിന്റെ ഫണ്ടമെന്റൽസ് ശക്തമായതിനാൽ വില വീണ്ടും ഉയരുമെന്ന സൂചനകളാണ് ആഗോള മാർക്കറ്റുകളിൽ നിന്ന് ലഭ്യമാകുന്നത്.