ഉയര്‍ന്ന മാര്‍ക്കിലൂടെ എളുപ്പം ലോണ്‍ നേടൂ! അറിയാം സിബില്‍ സ്‌കോറിനെ കുറിച്ച്

ഡിജിറ്റല്‍ പണമിടപാടുകള്‍ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഒരാള്‍ ബാങ്ക് അക്കൗണ്ട് തുറക്കുമ്പോള്‍ മിക്കപ്പോഴും അവര്‍ക്ക് ലോണ്‍ ഓഫറുകളോ ക്രഡിറ്റ് കാര്‍ഡോ ലഭിക്കും. എന്നാല്‍ ഈലോണിന് അല്ലെങ്കില്‍ ക്രഡിറ്റ് കാര്‍ഡിന് അനുമതി ലഭിക്കുന്നത് ഉപഭോക്താവ് മുന്‍കാലങ്ങളില്‍ വായ്പവാങ്ങിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസിലാക്കിയശേഷമാകും. അത്തരം കാര്യങ്ങള്‍ ക്രഡിറ്റ് റേറ്റിങ്ങിലൂടെയാണ് ബാങ്ക് മനസിലാക്കുക. പ്രധാനപ്പെട്ട ക്രഡിറ്റ് റേറ്റിങ്ങുകളിലൊന്നാണ് സിബില്‍. വായ്പകള്‍ക്കായി ബാങ്കുകളെ സമീപിക്കുമ്പോള്‍ പലപ്പോഴും കേള്‍ക്കുന്ന വാക്കാണ് സിബില്‍ സ്‌കോര്‍. എന്താണ് സിബില്‍ സ്‌കോര്‍? എന്താണ് അതിന്റെ പ്രാധാന്യം?

എന്താണ് സിബില്‍ സ്‌കോര്‍?

300നും 900ത്തിനും ഇടയിലുള്ള ഒരു മൂന്നക്ക നമ്പറാണ് സിബില്‍ സ്‌കോര്‍. സ്‌കോര്‍ എത്രത്തോളം കൂടുന്നോ അത്രയും നിങ്ങള്‍ക്ക് ഗുണം ചെയ്യും. പൊതുവെ 750ന് മുകളിലുള്ള സ്‌കോര്‍ മികച്ചതായി കണക്കാക്കും. അത്രയും സ്‌കോറുള്ളവര്‍ക്ക് ലോണ്‍ അനുവദിച്ചു കിട്ടാനുള്ള സാധ്യത കൂടുതലാണ്.

നിങ്ങള്‍ അതുവരെയെടുത്ത വായ്പകളുടെയും തിരിച്ചടവിന്റെയുമൊക്കെ രത്നച്ചുരുക്കമാണ് ഈ നമ്പര്‍. മുമ്പ് ഏതെങ്കിലും വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയിട്ടുണ്ടോയെന്ന് ഇതില്‍ നിന്ന് വ്യക്തമാകും. നിങ്ങള്‍ക്ക് വായ്പ നല്‍കിയാല്‍ എത്രത്തോളും വിശ്വാസ്യത പുലര്‍ത്തുമെന്ന് ധനകാര്യ സ്ഥാപനങ്ങള്‍ ഈ സ്‌കോറിലൂടെ മനസിലാക്കുന്നു.

സിബില്‍ സ്‌കോര്‍ അടങ്ങിയ റിപ്പോര്‍ട്ട് സിബില്‍ റിപ്പോര്‍ട്ട് എന്നാണ് അറിയപ്പെടുന്നത്. വ്യക്തി വിവരങ്ങള്‍, ബന്ധപ്പെടാനുള്ള നമ്പറുകള്‍, ജോലി സംബന്ധിച്ച വിവരങ്ങള്‍, അക്കൗണ്ട് വിവരങ്ങള്‍, അന്വേഷണ വിവരങ്ങള്‍ എന്നിവയെല്ലാം ഈ റിപ്പോര്‍ട്ടിലുണ്ടാകും.

എന്താണ് സിബില്‍ സ്‌കോറിന്റെ പ്രാധാന്യം?

ഒരു ബാങ്കില്‍ നിങ്ങള്‍ ലോണിനായി സമീപിക്കുമ്പോള്‍ ബാങ്ക് നിങ്ങളുടെ വായ്പാ പശ്ചാത്തലവും മുമ്പ് നടത്തിയ തിരിച്ചടവുകളുടെ റെക്കോര്‍ഡും അന്വേഷിക്കും. നല്ല സിബില്‍ സ്‌കോര്‍ ഉണ്ടെങ്കിലേ ബാങ്ക് ലോണ്‍ അനുവദിച്ചു നല്‍കൂ. ലോണ്‍ കിട്ടുന്നത് എളുപ്പമാക്കുമെന്ന് മാത്രമല്ല പഴയ വായ്പാ കാര്യങ്ങള്‍ തെളിയിക്കാന്‍ രേഖകള്‍ സമര്‍പ്പിക്കുകയെന്നൊക്കെയുള്ള നൂലാമാലകളില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും.

മുമ്പ് വാങ്ങിയ വായ്പകള്‍ കൃത്യമായി അടച്ചു തീര്‍ത്തിട്ടുണ്ടോയെന്ന് മനസിലാക്കാന്‍ സിബില്‍ റിപ്പോര്‍ട്ട് സഹായിക്കും. ഇതിനകം നിങ്ങള്‍ എത്ര ലോണ്‍ എടുത്തിട്ടുണ്ട് എന്നത് തുകയും കാലാവധിയുമടക്കം ഇതില്‍ നിന്നും മനസിലാവും. ക്രഡിറ്റ് കാര്‍ഡുകളുമായും ലോണുകളുമായും ബന്ധപ്പെട്ട രേഖകള്‍ ഇതിലുള്‍പ്പെടും.

മികച്ച സിബില്‍ സ്‌കോര്‍ എങ്ങനെ നിലനിര്‍ത്താം?

തിരിച്ചടവുകള്‍ വൈകിപ്പിക്കാതിരിക്കുക: മികച്ച സിബില്‍ സ്‌കോര്‍ നേടണമെങ്കില്‍ ആദ്യം ചെയ്യേണ്ടത് വായ്പാ തിരിച്ചടവുകള്‍ കൃത്യമായി അടക്കുകയെന്നതാണ്. ക്രഡിറ്റ് കാര്‍ഡ് വിഹിതവും അതതിന്റെ സമയത്തുതന്നെ തിരിച്ചടക്കുന്നത് സിബില്‍ സ്‌കോറില്‍ വലിയ മാറ്റമുണ്ടാക്കും.

ക്രഡിറ്റ് കാര്‍ഡ് പരിധി തീര്‍ക്കരുത്: നിലവിലെ ക്രഡിറ്റ് കാര്‍ഡ് ലിമിറ്റ് പോരെങ്കില്‍ ഉയര്‍ന്ന ക്രഡിറ്റ് കാര്‍ഡ് ലിമിറ്റുള്ള കാര്‍ഡുകള്‍ എടുക്കണം. എല്ലാമാസവും കാര്‍ഡില്‍ 50000 രൂപ ചെലവഴിക്കുന്നയാളാണ് നിങ്ങളെന്ന് കരുതുക. അത് കൃത്യമായി അടക്കുന്നുമുണ്ട്. എന്നാല്‍ കാര്‍ഡിന്റെ പരിധി 60000 ആണെങ്കില്‍ പ്രശ്നമാണ്. ആകെ ക്രഡിറ്റ് പരിധിയുടെ 30% ഉപയോഗിക്കുന്നതാണ് മികച്ച സിബില്‍ സ്‌കോര്‍ നേടാന്‍ നല്ലത്.

സുരക്ഷിതവും അല്ലാത്തതുമായ വായ്പകള്‍ കലര്‍ത്തി നേടുന്നത് മികച്ച സിബില്‍ സ്‌കോര്‍ നേടാന്‍ സഹായിക്കും. ക്രഡിറ്റ് കാര്‍ഡ് സുരക്ഷിതമല്ലാത്ത വായ്പയും വാഹന, ഭവന വായ്പകള്‍ സുരക്ഷിത വായ്പയുമാണ്.

സിബില്‍ സ്‌കോര്‍ എങ്ങനെ പരിശോധിക്കാം?

യാതൊരു ചാര്‍ജും ഈടാക്കാതെ തന്നെ സിബില്‍ റിപ്പോര്‍ട്ട് കിട്ടും. അതും ഓണ്‍ലൈന്‍ വഴി.

ഇതിനായി https://www.cibil.com/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അതില്‍ ഗെറ്റ് യുവര്‍ സിബില്‍ സ്‌കോര്‍ സെലക്ട് ചെയ്തശേഷം ക്ലിക്ക് ചെയ്യുക. ശേഷം നിങ്ങളുടെ പേരും ഇമെയില്‍ ഐഡിയും പാസ് വേര്‍ഡും നല്‍കുക. ശേഷം ഐഡി പ്രൂഫ് അറ്റാച്ച് ചെയ്ത് നിങ്ങളുടെ പിന്‍കോഡും ജനന തീയ്യതും ഫോണ്‍ നമ്പറും എന്റര്‍ ചെയ്യുക.

ആക്സപ്ട് ആന്റ് കണ്ടിന്യൂ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ ഫോണില്‍ ഒരു ഒ.ടി.പി വരും. ഒ.ടി.പി ടൈപ്പ് ചെയ്തശേഷം കണ്ടിന്യൂ സെലക്ട് ചെയ്യുക.

ഗോ ടു ഡാഷ്ബോര്‍ഡ് സെല്ക്ട് ചെയ്ത് നിങ്ങളുടെ ക്രഡിറ്റ് സ്‌കോര്‍ പരിശോധിക്കാം.

myscore.cibil.com എന്ന വെബ്സൈറ്റിലേക്ക് റീഡയറക്ട് ചെയ്യപ്പെടുകയും അവിടെ മെമ്പര്‍ ലോഗിന്‍ ക്ലിക്ക് ചെയ്ത് ലോഗിന്‍ ചെയ്താല്‍ സിബില്‍ സ്‌കോര്‍ കാണാവുന്നതാണ്.