കോവിഡ് പോരാളികള്‍ക്ക് നന്ദി പറഞ്ഞ് വണ്ടര്‍ലാ; പതിനായിരം പേര്‍ക്ക് കൊച്ചി വണ്ടര്‍ലായില്‍ സൗജന്യപ്രവേശനം

  • കോവിഡ് പോരാളികളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 10,000 പേര്‍ക്ക് കൊച്ചി വണ്ടര്‍ലായിലേക്ക് സൗജന്യ പ്രവേശനം നല്‍കുന്നു

ഇന്ത്യയിലെ പ്രമുഖ അമ്യൂസ്‌മെന്റ് പാര്‍ക്കായ വണ്ടര്‍ല ഹോളിഡേയ്‌സ് ലിമിറ്റഡ് കോവിഡ് പോരാളികള്‍ക്ക് കൊച്ചിയിലെ പാര്‍ക്കിലേക്ക് സൗജന്യ പ്രവേശനം നല്‍കുന്നു. കോവിഡ് കാലത്തെ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി അര്‍പ്പിക്കുന്നതിനായി നടത്തുന്ന വാരിയേര്‍സ് വീക്കിന്റെ ഭാഗമായാണ് ഡിസംബര്‍ 20 മുതല്‍ 23 വരെ സൗജന്യ പ്രവേശനം അനുവദിച്ചിരിക്കുന്നത്. മുന്‍നിര കോവിഡ് പോരാളികളും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെയുള്ള 10,000 പേര്‍ക്കാണ് വണ്ടര്‍ലായിലെ ലാന്‍ഡ് റൈഡുകളിലേക്കുള്ള സൗജന്യ പ്രവേശനത്തിനൊപ്പം ഉച്ചഭക്ഷണവും ലഘുഭക്ഷണവും ലഭ്യമാക്കുന്നത്.

ഓരോ ദിവസവും തിരഞ്ഞെടുക്കപ്പെടുന്ന 2500 പേര്‍ക്ക് വീതമാണ് സൗജന്യ പ്രവേശനം നല്‍കുന്നത്. ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, അറ്റന്‍ണ്ടര്‍മാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ക്ലീനിംഗ് തൊഴിലാളികള്‍, പോലീസുകാര്‍, ബാങ്ക് ജീവനക്കാര്‍, ഡെലിവറി എക്സിക്യൂട്ടീവുകള്‍, ടീച്ചര്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ നിന്നുള്ളവരെയാണ് വാരിയേര്‍സ് വീക്കിന്റെ ഭാഗമായി പാര്‍ക്കിലേക്ക് ക്ഷണിക്കുന്നത്. ആരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും മുന്നോട്ടു വെയ്ക്കുന്ന പ്രോട്ടോകോളുകള്‍ പാലിക്കുന്നതിനായി ഈ ദിവസങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണം പ്രതിദിനം 2500 ആയി നിജപ്പെടുത്തിയിരിക്കുന്നു.

“വണ്ടര്‍ലാ കുടുംബത്തില്‍ നിന്ന് കോവിഡ് പോരാളികള്‍ക്കായുള്ള ചെറിയൊരു സ്‌നേഹോപഹാരമാണിത്. മഹാമാരിക്കാലത്ത് അവര്‍ നടത്തിയ സ്തുത്യര്‍ഹ സേവനം വിലമതിക്കാനാകാത്തതാണ്. അവര്‍ നടത്തിയ അക്ഷീണ പ്രയത്‌നത്തിന്റെ ഫലമായാണ് ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് വിനോദത്തിനുള്ള കേന്ദ്രങ്ങളും മറ്റും തിരികെ തുറക്കാനുള്ള വഴിയൊരുങ്ങിയിരിക്കുന്നത്. ആവശ്യമായ എല്ലാ സുരക്ഷാ മുന്‍കരുതലോടും കൂടിയാണ് പാര്‍ക്കിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്. സാമ്പത്തിക മേഖല തിരിച്ചുവരവിന്റെ പാതയില്‍ എത്തിനില്‍ക്കുകയും ബിസിനസുകള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ നമ്മുടെ കോവിഡ്-19 പോരാളികള്‍ക്ക് കളിച്ച് രസിച്ച് ഉല്ലസിക്കാനുള്ളൊരു അവസരം ഒരുക്കുകയാണ് ഞങ്ങള്‍” – വണ്ടര്‍ലാ ഹോളിഡേസ് ലിമിറ്റഡ്, മാനേജിംഗ് ഡയറക്ടര്‍, അരുണ്‍ ചിറ്റിലപ്പള്ളി പറഞ്ഞു.

വണ്ടര്‍ലാ പാര്‍ക്കുകള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ മുന്നോടിയായി വണ്ടര്‍ലാ ബെംഗളൂരു പാര്‍ക്കിലേക്ക് 12,000 കോവിഡ് പോരാളികളെ ക്ഷണിച്ചിരുന്നു. ഹൈദരാബാദിലും സമാനമായ പദ്ധതി വണ്ടര്‍ലാ നടപ്പാക്കുന്നുണ്ട്. മൂന്നു പാര്‍ക്കുകളിലുമായി 32,000 കോവിഡ് പോരാളികളെയാണ് വണ്ടര്‍ലാ ക്ഷണിച്ചിരിക്കുന്നത്.