ഓഹരി കമ്പോളത്തിലേക്ക് വിദേശ നിക്ഷേപം ഒഴുകുന്നു, രണ്ടാഴ്ചക്കിടയിൽ പത്തിരട്ടിയായി

ജോർജ് ജോസഫ്

ഇന്ത്യൻ ഓഹരി മാർക്കറ്റിൽ വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ [എഫ്‌. ഐ. ഐ] നിക്ഷേപത്തിൽ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ പ്രകടമായ വർധന. ജനുവരി ഒന്ന് മുതൽ 16 വരെയുള്ള എഫ്‌ . ഐ. ഐ നിക്ഷേപത്തിന്റെ കണക്കുകൾ പരിശോധിക്കുമ്പോൾ, അത് 10 ഇരട്ടിയായായാണ് വർധിച്ചിരിക്കുന്നത്. ജനുവരി ഒന്നിന് 832 .38 കോടി രൂപയുടെ ഓഹരികൾ അവർ വാങ്ങിയപ്പോൾ ജനുവരി 16 നു വാങ്ങിയത് 8266 .56 കോടിയുടെ ഓഹരികൾ. ഇത്രയും ദിവസം കൊണ്ട് വിദേശ ധനകാര്യ സ്ഥാപനങ്ങൾ മൊത്തം 57973 . 29 കോടിയുടെ ഷെയറുകൾ വാങ്ങിക്കൂട്ടിയതായി ‘മണി കൺട്രോൾ’ എന്ന സാമ്പത്തിക ഓൺ ലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. 55,464 .52 കോടിയുടെ ഓഹരികൾ അവർ വിറ്റഴിക്കുകയും ചെയ്തു. അതായതു 2508.77 കോടി രൂപയുടെ നെറ്റ് ബയിങ് വിദേശ സ്ഥാപനങ്ങൾ നടത്തി എന്ന് വ്യക്തം. ഇന്ത്യൻ ഓഹരി മാർക്കറ്റിൽ വിദേശ ധനകാര്യ സ്ഥാപനങ്ങൾ വൻ താല്പര്യം പ്രകടമാക്കുകയാണ്.

സമീപ കാലത്തെ വൻ കുതിപ്പിന് മുഖ്യ കാരണവും ഇത് തന്നെയാണ്. ഇന്നലെ സെൻസെക്‌സ് ചരിത്രത്തിൽ ആദ്യമായി 35,000 പോയിന്റിന് മുകളിൽ ക്ലോസ് ചെയ്തിരുന്നു. ജനുവരി ഒന്ന് മുതൽ 16 വരെയുള്ള ദിവസങ്ങളിൽ കടപ്പത്രങ്ങളിലെ എഫ്. ഐ. ഐ നിക്ഷേപവും കൂടിയിട്ടുണ്ട്. 14,902 .17 കോടിയുടെ മൊത്തം നിക്ഷേപം ഇക്കാലയളവിൽ ഉണ്ടായി.

2017ലെ കണക്കുകൾ പ്രകാരം എഫ് ഐ ഐ വാങ്ങിയത് മൊത്തം 13,40,809 .95 കോടിയുടെ ഓഹരികളാണ്.
വിറ്റത് 12,90,929.06 കൊടിയുടെ ഓഹരികളാണ്. കഴിഞ്ഞ വർഷം അവർ നെറ്റ് ബയേഴ്‌സാണ്. 49,880 കോടി രൂപയുടെ നെറ്റ്ബയിങ്ങാണ് നടത്തിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ഇന്ത്യൻ ഓഹരി വിപണിയിൽ അവർക്കുള്ള പ്രകടമായ താല്പര്യമാണ് ഇത് വ്യക്തമാക്കുന്നത്. ഈ വർഷവും ഇന്ത്യൻ മാർക്കറ്റിൽ എഫ് ഐ ഐ സാന്നിധ്യം ശക്തമായിരിക്കുമെന്നാണ് റിപോർട്ടുകൾ. സെൻസെക്‌സ് 40,000 പോയിന്റ് കടക്കുമെന്നാണ് ഏറ്റവും പുതിയ നിഗമനം.

പ്രമുഖ വിദേശ കറൻസികൾക്കെതിരെ ഡോളർ തകർച്ച നേരിടുന്നതാണ് വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ നിക്ഷേപത്തിന് മുഖ്യ കാരണം. ഒരു ആശങ്ക മാർക്കറ്റ് നേരിടുന്നത്, യു. എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തും എന്നതാണ്. ഈ വർഷം നാലു ഘട്ടങ്ങളിലായി പലിശ നിരക്ക് ഒരു ശതമാനം വർധിപ്പിക്കാനാണ് ആലോചന. ഇപ്രകാരം സംഭവിച്ചാൽ വിദേശ നിക്ഷേപം ഡോളറിലേക്ക് മാറാനുള്ള സാധ്യത കൂടും. എന്നാൽ വൻ തോതിൽ നിക്ഷേപ ചോർച്ച ഉണ്ടാകുമെന്ന് ഒരു വിഭാഗം വിദഗ്ദർ പ്രതീക്ഷിക്കുന്നില്ല. കാരണം, ഇന്ത്യൻ ഓഹരി മാർക്കറ്റ് ഇപ്പോൾ അത്രമേൽ ആകർഷകമാണ്. ഇതിനു പുറമെ 2008 ൽ തുടങ്ങിയ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് ലോകം കരകയറുകയാണ്. 2018 മുതൽക്ക് മാന്ദ്യം മാറും എന്നാണ് പുതിയ നിഗമനം. ഇതും ഓഹരി മാർക്കറ്റിനെ പിന്തുണക്കുമെന്നാണ് വിലയിരുത്തൽ.