മുന്‍ ഗൂഗിള്‍ എഞ്ചിനീയര്‍ 21 മാസങ്ങള്‍ കൊണ്ട് കെട്ടിപ്പടുത്തത് 150 കോടി ഡോളറിന്റെ സ്റ്റാര്‍ട് അപ്; ‘പിഡിഡി’ ചൈനയിലെ ഏറ്റവും വലിയ സ്വകാര്യ ഇ-കൊമേഴ്‌സ് കമ്പനി

ബെയ്ജിങ്ങ്: സിലിക്കണ്‍ വാലിയില്‍ നിന്ന് ജന്മനാട്ടില്‍ തിരിച്ചെത്തി സ്വന്തമായി സംരഭം ആരംഭിച്ചയാളാണ് കോളിന്‍ ഹുവാങ്. ഗൂഗിളില്‍ എഞ്ചിനീയറായിരുന്ന ഹുവാങ് ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് തിരിച്ചെത്തിയശേഷം തുടങ്ങിയത് നാല് പുത്തന്‍ സംരഭങ്ങളാണ്. ഹുവാങ്ങിന്റെ നാലാമത്തെ സംരഭമായ “പിന്‍ഡുവോഡുവോ” വന്‍കുതിപ്പാണ് വിപണിയില്‍ നേടുന്നത്.

പിഡിഡി എന്ന ചുരുക്കപ്പേരില്‍ വിളിക്കുന്ന സോഷ്യല്‍ കൊമേഴസിങ്ങ് സംരംഭം രണ്ട് വര്‍ഷംകൊണ്ട് ആര്‍ജിച്ചത് 150 കോടി ഡോളറിന്റെ വിപണിമൂല്യമാണ്. ഫെയ്‌സ്ബുക്കിനോട് സാമ്യമുള്ള പിഡിഡി ഇ-കൊമേഴ്‌സിങ്ങ് വിപണിയുടെ മുഖഛായ തന്നെ മാറ്റുമെന്നാണ് കോളിന്‍ ഹുവാന്‍ങ് പറയുന്നു.

ലളിതമാണ് പിഡിഡിയുടെ പിന്നിലുള്ള ആശയം. ഓണ്‍ലൈനില്‍ പരിശോധിക്കുന്നതിന് മുമ്പെ താന്‍ എന്താണ് വാങ്ങാനുദ്ദേശിക്കുന്നതെന്ന ധാരണ മിക്കപ്പോഴും ഉപഭോക്താവിനുണ്ടാകും. ആമസോണ്‍, ഫ്‌ളിപ്കാര്‍ട് പോലുള്ള പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍ ആവശ്യമുള്ള ഉല്‍പന്നം കീവേഡ് ആയി സേര്‍ച്ച് ചെയ്യും. തുടര്‍ന്ന് വിശകലനങ്ങള്‍ വായിച്ച് ഇഷ്ടമുള്ളവയില്‍ നിന്ന് തെരഞ്ഞെടുക്കുകയാണ് പതിവ്. ഒരു മാളില്‍ കൂട്ടുകാരോടൊപ്പം ഇഷ്ടപ്പെട്ടത് തിരയുന്ന അനുഭവമാണ് ഹുവാങിന്റെ പിഡിഡി തരിക. താല്‍പര്യമുള്ള ഉല്‍പന്നങ്ങളെക്കുറിച്ച് കൂട്ടുകാരുമായി ചര്‍ച്ചചെയ്യാനും അഭിപ്രായങ്ങള്‍ സ്വരൂപിക്കാനുമുളള അവസരവുമാണ് പിഡിഡി ഒരുക്കുന്നത്. ഒരേ താല്‍പര്യക്കാരായവരോടൊപ്പം ഒരുമിച്ച് വാങ്ങിയാല്‍ ഡിസ്‌കൗണ്ടും ലഭിക്കും. ഇ-കൊമേഴ്‌സിങ്ങ് സോഷ്യല്‍ കൊമേഴ്‌സിങ്ങിന് വഴിമാറുന്നതിന്റെ സൂചനയാണ് പിഡിഡിയെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.