എവിടെ പോകുമ്പോഴും കാര്‍ഡ് കൈയില്‍ കരുതേണ്ട; ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും ഇനി യു.പി.ഐ വഴി ഇടപാട് നടത്താം; നിങ്ങള്‍ ചെയ്യേണ്ടത്

ക്രഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ഇനി യു.പി.ഐ വഴി സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും പണമടയ്ക്കാനാകും. ഫിന്‍ടെക് പ്ലാറ്റ്ഫോമായ റേസര്‍പേ, നാഷണല്‍ പെയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി പങ്കുചേര്‍ന്നാണ് ഇത്തരമൊരു സൗകര്യമൊരുക്കുന്നത്.

യു.പി.ഐ ഉപയോഗം ഇന്ത്യയൊട്ടുക്കെ വ്യാപിപ്പിക്കാനുള്ള എന്‍.പി.സി.ഐയുടെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ സൗകര്യം. യു.പി.ഐ പണമിടപാട് വര്‍ധിപ്പിക്കുന്നതിനായി ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിന്റെ സാധ്യത എന്‍.പി.സി.ഐ അംഗീകരിച്ചിരുന്നു. ഇതിനായി യു.പി.ഐ റുപെ പങ്കാളിത്തമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് റേസര്‍പേ പേയ്മെന്റ് ഗേറ്റ് വേ തങ്ങളുടെ ഉപഭോക്താക്കളെ റുപെ ക്രഡിറ്റ് കാര്‍ഡ് വഴിയുള്ള യു.പി.ഐ പെയ്മെന്റ് സ്വീകരിക്കാന്‍ അനുവദിച്ചിരിക്കുന്നത്.

ആക്സിസ് ബാങ്കിന്റെ പങ്കാളിത്തത്തോടെയാണ് ഈ സൗകര്യം സാധ്യമാക്കിയതെന്ന് റേസര്‍പേ വ്യക്തമാക്കിയിട്ടുണ്ട്. യു.പി.ഐയില്‍ റുപെ ക്രഡിറ്റ് കാര്‍ഡുകള്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ റേസര്‍പേ വ്യാപാരികള്‍ക്ക് അവരുടെ നിലവിലുള്ള സജ്ജീകരണത്തില്‍ ചെറിയ മാറ്റങ്ങളോടെ യു.പി.ഐ വഴി ക്രഡിറ്റ് കാര്‍ഡ് പേയ്മെന്റുകള്‍ സ്വീകരിക്കാന്‍ തുടങ്ങാം.

റേപസര്‍പേയും യു.പി.ഐയും ഉപയോഗിക്കുന്ന കച്ചവടക്കാര്‍ ഇനി മുതല്‍ റുപേ ക്രഡിറ്റ് കാര്‍ഡ് സ്വീകരിക്കുന്നതാണ്. എച്ച്.ഡി.എഫ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക് എന്നിവയുടെ റുപേ ക്രഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഈ സൗകര്യം ലഭിക്കുക. ക്രഡിറ്റ് കാര്‍ഡുകള്‍ യു.പി.ഐയുമായി ലിങ്ക് ചെയ്യുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് കാര്‍ഡ് എപ്പോഴും കയ്യില്‍ കരുതാതെ തന്നെ ഇടപാട് നടത്താം. ഇതിലൂടെ കാര്‍ഡ് നഷ്ടപ്പെടുന്ന സാധ്യതയും സൈ്വപ്പ് ചെയ്യുമ്പോള്‍ സെന്‍സിറ്റീവ് വിവരങ്ങള്‍ പകര്‍ത്തപ്പെടാനുള്ള സാഹചര്യവും ഒഴിവാക്കാനാവും.

ക്രഡിറ്റ് കാര്‍ഡ് എങ്ങനെ യു.പി.ഐയുമായി ലിങ്ക് ചെയ്യാം:

ക്രഡിറ്റ് കാര്‍ഡ് യു.പി.ഐയുമായി ലിങ്ക് ചെയ്യുന്നതിലൂടെ പോകുന്നിടത്തെല്ലാം ക്രഡിറ്റ് കാര്‍ഡ് കൊണ്ടുപോകുന്നത് ഒഴിവാക്കാന്‍ കഴിയും. പണമിടപാട് നടത്തുമ്പോള്‍ ഡബിറ്റ് കാര്‍ഡ് ഓപ്ഷന് പകരം ക്രഡിറ്റ് കാര്‍ഡ് ഓപ്ഷന്‍ സെലക്ട് ചെയ്യണം. രണ്ടും തമ്മില്‍ ലിങ്ക് ചെയ്യാന്‍ ചെയ്യേണ്ടത്:

യു.പി.ഐ ആപ്പ് തുറക്കുക.
ആഡ് കാര്‍ഡ് ഓപ്ഷന്‍ സെലക്ട് ചെയ്യുക.
ക്രഡിറ്റ് കാര്‍ഡിനെക്കുറിച്ചുള്ള വിവരങ്ങള്‍ പൂര്‍ണമായി പൂരിപ്പിക്കുക
രജിസ്ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് ഒരു ഒ.ടി.പി വരും, അത് ഫില്‍ ചെയ്യുക.
ശേഷം കാര്‍ഡ് വാലിഡേറ്റ് ചെയ്യുക
തുടര്‍ന്നുള്ള യു.പി.ഐ പണമിടപാടുകളില്‍ ക്രഡിറ്റ് ഓപ്ഷന്‍ കാണാവുന്നതാണ്.

ഇന്ത്യയില്‍ 250ദശലക്ഷം ആളുകളാണ് ദൈനംദിന പണമിടപാടുകള്‍ക്ക് യു.പി.ഐ ഉപയോഗിക്കുന്നതെന്നാണ് എന്‍.പി.സി.ഐയുടെ കണക്കുകള്‍ പറയുന്നത്. രാജ്യത്തെ 50 ദശലക്ഷം ആളുകള്‍ ഒന്നോ അതിലേറെയോ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നുണ്ട്. ഇനിമുതല്‍ ക്രഡിറ്റ് കാര്‍ഡ് മാത്രമായി ഉപയോഗിക്കുന്നവര്‍ക്കും യു.പി.ഐ വഴി പണമിടപാട് നടത്താന്‍ കഴിയും.