അപേക്ഷിച്ചാല്‍ ലോണ്‍ കിട്ടാന്‍ സാധ്യതയുണ്ടോന്നറിയണോ? പരിശോധിക്കാം നിങ്ങളുടെ ക്രഡിറ്റ് സ്‌കോര്‍ ഓണ്‍ലൈനായി

ലോണുകളെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ആദ്യം കേള്‍ക്കുന്ന വാക്കാണ് സിബില്‍ സ്‌കോര്‍. ഏത് ലോണായാലും അത് നിങ്ങള്‍ക്ക് അനുവദിക്കണമോയെന്ന് ഒരു ധനകാര്യ സ്ഥാപനം തീരുമാനമെടുക്കുന്നതില്‍ സിബില്‍ സ്‌കോറിന് വലിയ പങ്കുണ്ട്.

എന്താണ് സിബില്‍ സ്‌കോര്‍?

നിങ്ങളുടെ വായ്പാ യോഗ്യത നിശ്ചയിക്കുന്ന മൂന്നക്ക നമ്പറാണ് സിബില്‍ സ്‌കോര്‍. ഭവനവായ്പയോ, ഓട്ടോ ലോണോ, വ്യക്തിഗത ലോണോ എന്നിങ്ങനെ ലോണ്‍ എന്തുമാകട്ടെ, അതിന് അപേക്ഷിക്കുമ്പോള്‍ ഉയര്‍ന്ന ക്രഡിറ്റ് സ്‌കോര്‍കൊണ്ട് ഏറെ പ്രയോജനമുണ്ട്.

നിങ്ങളുടെ ലോണോ പുതിയ വായ്പാ അപേക്ഷയോ കിട്ടിയാല്‍ വായ്പാദാതാക്കള്‍ ആദ്യം സിബില്‍ സ്‌കോര്‍ പരിശോധിക്കും. അതിനുശേഷമാണ് ലോണ്‍ നല്‍കണമോയെന്നും വ്യവസ്ഥകള്‍ എന്തായിരിക്കണമെന്നും തീരുമാനിക്കുക.

ക്രഡിറ്റ് സ്‌കോര്‍ മികച്ചതാണെങ്കില്‍ ലോണ്‍ എളുപ്പം അനുവദിച്ചു കിട്ടും. ചിലപ്പോള്‍ കുറഞ്ഞ പലിശ നിരക്കിലും ലോണ്‍ കിട്ടും. അത് മാത്രമല്ല, വലിയ തുക ലോണായി കിട്ടാനും സാധ്യതയുണ്ട്.

ലോണിന് അപേക്ഷിക്കുന്നതിനു മുമ്പ് തീര്‍ച്ചയായും ക്രഡിറ്റ് സ്‌കോര്‍ പരിശോധിക്കണം. തള്ളിപ്പോകാന്‍ എല്ലാ സാധ്യതയുമുള്ള ഒരു അപേക്ഷ അയക്കുന്നതിനേക്കാള്‍ നല്ലത് ലോണ്‍ കിട്ടാന്‍ സാധ്യതയുണ്ടോയെന്ന് പരിശോധിച്ച് അപേക്ഷിക്കുന്നതാണ്. കൂടാതെ നിങ്ങളുടെ വായ്പാ പ്രൊഫൈലില്‍ എന്തെങ്കിലും പ്രശ്നങ്ങളോ തകരാറുകളോ ഉണ്ടെങ്കില്‍ അത് കണ്ടെത്താനും ക്രഡിറ്റ് സ്‌കോര്‍ പരിശോധിക്കുന്നതുവഴി കഴിയും.

സിബില്‍ സ്‌കോര്‍ എങ്ങനെ പരിശോധിക്കാം?

സിബില്‍ സ്‌കോര്‍ പരിശോധിക്കാന്‍ കഴിയുന്ന നിരവധി പ്ലാറ്റ്ഫോമുകള്‍ ഇന്നുണ്ട്. ഓണ്‍ലൈനായി തന്നെ മിനിറ്റുകള്‍ക്കുള്ളില്‍ നമുക്ക് സിബില്‍ സ്‌കോര്‍ പരിശോധിക്കാം. ഒന്നുകില്‍ സിബിലിന്റെ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് സ്‌കോര്‍ നോക്കാം. അല്ലെങ്കില്‍ ഈ സേവനം നല്‍കുന്ന മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളോ ആപ്പുകളോ വഴി സ്‌കോര്‍ നോക്കാം.

ഇതിനായി നിങ്ങളുടെ വിശദാംശങ്ങള്‍ പൂരിപ്പിച്ചു നല്‍കണം. പേര്, ജനനതിയ്യതി, ഐ.ഡി പ്രൂഫ്, കോണ്ടാക്ട് നമ്പര്‍, വിലാസം, വരുമാനത്തിന്റെ വിശദാംശങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് നല്‍കേണ്ടത്.

സിബില്‍ സ്‌കോര്‍ കിട്ടിക്കഴിഞ്ഞാല്‍ അതില്‍ എന്തെങ്കിലും തെറ്റുകുറ്റങ്ങള്‍ പറ്റിയിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കാന്‍ മറക്കല്ലേ.

മെച്ചപ്പെട്ട സിബില്‍ സ്‌കോര്‍ എങ്ങനെ മനസിലാക്കാം?

പ്രധാനമായും നാല് കാര്യങ്ങളാണ് സിബില്‍ പരിഗണിക്കുന്നത്. മുമ്പെടുത്ത ലോണുകള്‍ നിങ്ങള്‍ തിരിച്ചടച്ചത്, വായ്പാ സൗകര്യം ഉപയോഗപ്പെടുത്തല്‍, വായ്പ അന്വേഷണങ്ങള്‍, നിലവിലെ വായ്പകള്‍ ഏതുതരത്തിലുള്ളതാണ് എന്നിവ. ഈ ഓരോ ഘടകങ്ങള്‍ക്കും സിബില്‍ സ്‌കോറില്‍ നിശ്ചിത ശതമാനമായി കണക്കാക്കും. പൊതുവെ 850ന് മുകളിലുള്ള സ്‌കോര്‍ മികച്ചതായും വായ്പയെടുക്കാനുള്ള ഉയര്‍ന്ന യോഗ്യതയായും കണക്കാക്കപ്പെടുന്നു.

750നും 849നും ഇടയിലാണ് സ്‌കോര്‍ എങ്കില്‍ വായ്പ കിട്ടാന്‍ യോഗ്യരാണ്. 700-749നും ഇടയിലുള്ള സ്‌കോര്‍ തരക്കേടില്ലാത്തതായി പരിഗണിക്കും.

650നും താഴെയാണ് സ്‌കോര്‍ എങ്കില്‍ നിങ്ങള്‍ സ്‌കോര്‍ കുറയാനുള്ള കാരണം പരിശോധിക്കുകയും അത് മെച്ചപ്പെടുത്താനുള്ള വഴികള്‍ തേടുകയും ചെയ്തശേഷം മാത്രം ലോണിന് അപേക്ഷിക്കുക.